Sorry, you need to enable JavaScript to visit this website.

ആഗോള സാമ്പത്തിക സുനാമി 

കൊറോണ വൈറസ് എന്ന മഹാമാരി ലോകവ്യാപകമായി പടരുമ്പോൾ അതു സാമ്പത്തിക രംഗത്തു വൻ ആഘാതം സൃഷ്ടിക്കുമെന്ന് മൂഡീസ് അനലറ്റിക്‌സ് വിലയിരുത്തി. കോവിഡ് വ്യാപനത്തെ തുടർന്ന് ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം അടച്ചിട്ട സാഹചര്യത്തിലാണ് ലോക സാമ്പത്തിക രംഗം തകർച്ചയുടെ വക്കിലേക്ക് നീങ്ങുന്നുവെന്ന നിഗമനത്തിൽ വിശകലന വിദഗ്ധർ എത്തിച്ചേർന്നത്. 
സാമ്പത്തിക സുനാമി എന്നാണ് ഈ സാഹചര്യത്തെ വിശേഷിപ്പിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളും അമേരിക്കയും വൈറസ് വ്യാപനം കാരണം പൂർണമായി ലോക്ഡൗൺ അവസ്ഥയയിലാണിപ്പോൾ. സാമ്പത്തിക ശക്തികളെല്ലാം ലോക് ഡൗണായ സാഹചര്യത്തിൽ ആഗോള സമ്പദ്ഘടനയെ വലിയ രീതിയിൽ തന്നെ ഇത് ബാധിക്കുമെന്നതിൽ സംശയമില്ല. 
വരും ദിവസങ്ങളിൽ ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് മൂഡീസ് അനലറ്റിക്‌സിലെ മുഖ്യ സാമ്പത്തിക വിദഗ്ധൻ മാർക്ക് സാൻഡ് അഭിപ്രായപ്പെട്ടു.  ബിസിനസ് രംഗം താഴേക്ക് പോകുമെന്നും നിക്ഷേപവും കുറയുമെന്നും വരുന്ന ആഴ്ചകളിൽ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
കൊറോണ എന്ന ലോക മഹാമാരി സാമ്പത്തിക രംഗത്തേൽപിച്ച ആഘാതം വളരെ വലുതാണെന്നും 1930 ലെ സാമ്പത്തിക പ്രതിസന്ധിക്കു സമാന രീതിയിലേക്ക് എത്താതിരിക്കാൻ ലോക രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും മൂഡീസ് മുന്നറിയിപ്പ് നൽകി. 
ഏകധ്രുവ ലോകത്ത് അമേരിക്കയെ കേന്ദ്രീകരിച്ച് ആഗോളവൽക്കരണമെന്ന ചരടിൽ ലോക രാജ്യങ്ങളെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. സമ്പദ്ഘടനകളൊന്നും സ്വതന്ത്രമല്ല. ഏതെങ്കിലും രാജ്യത്ത് അനുഭവപ്പെടുന്ന സങ്കോചം അതേ നിമിഷം മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന അവസ്ഥയാണിത്. 
 വിപണി, ലാഭം എന്നീ മുദ്രാവാക്യങ്ങൾ മാത്രമാണ് മുതലാളിത്തത്തിന്റെ വഴികാട്ടി. സാധാരണക്കാരുടെ ക്ഷേമത്തെ കുറിച്ച് വേവലാതിപ്പെടാനൊന്നും ആർക്കും നേരമുണ്ടാവില്ല. സുതാര്യമായ വ്യവസ്ഥിതിയായതിനാൽ മുതലാളിത്തത്തിന് നേരിയ അസുഖം വന്നാൽ പോലും മൂടിവെക്കാനാവില്ല. 
മുപ്പതുകളിലെ സ്ഥിതിക്ക് സമാനമാണ് അമേരിക്കയുടെ ഗതിയെന്ന് തീർത്തും നെഗറ്റീവായി വിലയിരുത്താറായോ എന്ന് പറയാറായിട്ടില്ല. 
  ഏതായാലും ലോകരാഷ്ട്രങ്ങൾ സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കയുടെ നാളുകളാണ് പിന്നിടുന്നത്. സാമ്പത്തിക ശാസ്ത്ര പണ്ഡിറ്റുകൾക്ക് ഇനി കുറച്ചുകാലം മാന്ദ്യത്തിന്റെ കാരണങ്ങളെ കുറിച്ച് തല പുകഞ്ഞാലോചിച്ച് സെമിനാറുകളിൽ പ്രബന്ധങ്ങളവതരിപ്പിക്കാം. 
പുത്തൻ പ്രതിഭാസം എങ്ങനെ പരിണമിക്കുമെന്നു പറയാനാവില്ലെങ്കിലും ഇവിടെയും നാട്ടിലുമുള്ള സാധാരണക്കാരും ഇടത്തരക്കാരും ആഹ്ലാദത്തിലാണ്. ഒരു റിയാലിന് ഇരുപത്  ഇന്ത്യൻ രൂപ അടുത്ത കാലത്തൊന്നും ലഭിച്ചിട്ടില്ലെന്നതു തന്നെ സന്തോഷത്തിനാധാരം. 
ഒന്നാം  ലോക മഹായുദ്ധാനന്തര കാലത്ത് യൂറോപ്പിൽ ക്ഷാമം നേരിട്ടത്  സാമ്പത്തിക വ്യവസ്ഥിതിക്ക് കനത്ത പ്രതിസന്ധി സൃഷ്ടിച്ചു. ഇറക്കുമതി തീരുവ വർധിപ്പിച്ചാണ് ഇതിന് പരിഹാരം  കണ്ടെത്തിയത്. അമേരിക്കൻ ഉൽപന്നങ്ങളുടെ ആഗോള വിപണിയെ ഇതു ദോഷകരമായി ബാധിച്ചു. മാന്ദ്യം നിമിത്തം ബാധ്യത വീട്ടാൻ യൂറോപ്പിലെ രാജ്യങ്ങൾക്ക് പ്രയാസവുമായി. ഉൽപാദനം കുത്തനെ ഉയർന്നതിന്റെ ഗുണം ലഭിച്ചത് അമേരിക്കയിലെ  വ്യവസായ സമൂഹത്തിന്. തൊഴിലാളികൾക്കെന്നും  കുറഞ്ഞ കൂലിയായിരുന്നു. കയറ്റുമതി കുത്തനെ ഉയർന്നതിന്റെ പ്രയോജനം സമൂഹത്തിലെ സമ്പന്ന വിഭാഗത്തിന്  മാത്രമായി. സമ്പത്തിന്റെ വിതരണത്തിൽ പ്രകടമായ അസമത്വം നിലനിന്നു. ലോക വിപണിയിലെ മാന്ദ്യം കാരണം കൂടിയ തോതിൽ ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾക്ക് അമേരിക്കയിൽ തന്നെ വിപണിയും കണ്ടെത്തേണ്ടിവന്നു. 
ഇതേസമയം, കുറഞ്ഞ വേതനം ലഭിക്കുന്ന അമേരിക്കയിലെ തൊഴിലാളികളുടെ ഉപഭോഗ ശേഷി ഗണ്യമായി കുറയുകയുമുണ്ടായി. അമേരിക്കയിലെ ബാങ്കുകളിൽ നിക്ഷേപം കൂടി. വരുമാനം വർധിച്ചപ്പോൾ ബാങ്കുകൾ നിക്ഷേപത്തിനുള്ള പുതിയ അവസരം കണ്ടെത്തിയത് സ്റ്റോക്ക് മാർക്കറ്റിലായിരുന്നു. ജോയന്റ് സ്റ്റോക്ക് കമ്പനികളുടെ എണ്ണം കൂടിയപ്പോൾ ഓഹരികൾ യാതൊരു നിയന്ത്രണവുമില്ലാതെ വിപണിയെ തേടിയെത്തി. ഉപഭോഗം കുറയുകയും ഉൽപാദനം കൂടുകയും ചെയ്തു. തിരിച്ചടയ്ക്കാത്ത വായ്പകൾ ഏറിയപ്പോൾ അമേരിക്കൻ കമ്പനികൾ  നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 
എന്നാൽ ഇക്കാര്യം പരസ്യമാക്കിയില്ല. ഓഹരി വിപണിയിൽ ലാഭം മാത്രം കാണിച്ച് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനായിരുന്നു കമ്പനികൾക്ക് താൽപര്യം. പ്രചാരണ കോലാഹലങ്ങളിൽപെട്ട മധ്യ വർഗത്തിനാണ്  കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടിവന്നത്. 1929 ആകുമ്പോഴേക്ക് മധ്യവർഗം സാമ്പത്തിക തകർച്ചയുടെ സ്വാദ് ശരിക്കുമനുഭവിച്ചു.  
1930 ൽ ബാങ്കുകളുടെ വായ്പാ നയം പാവപ്പെട്ടവർക്ക് ആകർഷകമായിരുന്നെങ്കിലും വായ്പക്ക് വാങ്ങിയ വസ്തുക്കളുടെ വില തിരിച്ചടയ്ക്കാനായില്ല. അമേരിക്കൻ കമ്പനികൾക്ക് ആഭ്യന്തര വിപണിയിലും തിരിച്ചടി നേരിട്ടു. മറുവശത്ത് ക്രമാതീതമായ ഉൽപാദനം വിപണിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. 1927 മുതൽ 1929 വരെയുള്ള രണ്ടു വർഷം ഓഹരി സൂചിക റെക്കോർഡ് വേഗത്തിൽ കുതിച്ചു. കൂടുതൽ പണം വാരിക്കൂട്ടാമെന്ന മോഹത്തിൽ സമ്പാദ്യം മുഴുവൻ ഓഹരി വിപണിയിലേക്കൊഴുക്കിയവരുണ്ട്. 1929 സെപ്റ്റംബർ, ഒക്‌ടോബർ കാലമായപ്പോൾ സമ്പദ്ഘടനയുടെ  തകർച്ച പൂർണതയിലെത്തിയിരുന്നു.  ഒക്‌ടോബർ 29 നാണ് ചരിത്ര പ്രസിദ്ധമായ ഓഹരി വിപണിയുടെ പതനം സംഭവിച്ചത്. കറുത്ത ചൊവ്വാഴ്ചയെന്നാണ് ഈ ദിനമറിയപ്പെടുന്നത്. പത്ത് മുതൽ പതിനഞ്ച് മില്യൺ ഡോളർ വരെയാണ് നിക്ഷേപകർക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടം നേരിട്ടത്. നവംബർ മാസം പിറന്നപ്പോൾ നഷ്ടക്കണക്കുകൾ ഇരട്ടിക്കുകയും ചെയ്തു. ബാങ്കുകളുടെ തകർച്ചയാണ് തുടർന്ന് ദൃശ്യമായ പ്രതിഭാസം. അമേരിക്കൻ സമ്പദ്ഘടന തകർച്ചയുടെ വക്കിലെത്തി. ലോക സമ്പദ്ക്രമത്തിന് പുതിയ മാനം പകർന്ന ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്  തവിടുപൊടിയായി.  സാമ്പത്തിക മാന്ദ്യം അമേരിക്കയെ എന്ന പോലെ യൂറോപ്യൻ സമ്പദ്ഘടനകളെയും ഉലച്ചു.  എന്നാൽ മാന്ദ്യത്തിന്റെ കെടുതികൾ ഏറ്റവും തീവ്രമായി അനുഭവപ്പെട്ടത് അമേരിക്കയിലായിരുന്നു. ബാങ്കുകളും ഓഹരി വിപണികളും തകർന്നു തുടങ്ങിയത് ജനങ്ങളുടെ ആത്മവിശ്വാസം തകർക്കാനിടയാക്കി. നിക്ഷേപകർ പരിഭ്രാന്തരായി.  1929 മുതൽ അഞ്ച് വർഷം മാന്ദ്യം നീണ്ടുനിന്നു. പ്രസിഡന്റ് ഹൂവറിന്റെ നയങ്ങൾക്ക്  വിപണിയെ രക്ഷിക്കാനായില്ല. യു.എസ്.എയിൽ  രൂക്ഷമായ തൊഴിലില്ലായ്മ അനുഭവപ്പെട്ടു. ജനസംഖ്യയിൽ 35 ശതമാനവും തൊഴിൽ രഹിതരായി. ഗതികേടിലായ ജനങ്ങൾ വീടുകളും വസ്തു വകകളും കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കി. ഒരു നേരത്തെ ആഹാരത്തിനായി ജനം തെരുവിലലഞ്ഞു.
അമേരിക്കയിലെ സൂപ്പർ മാർക്കറ്റുകൾക്ക് മുമ്പിൽ നീണ്ട ക്യൂവിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏറ്റവുമൊടുവിൽ പ്രസിഡന്റ് ട്രംപ് കൊറോണ  വ്യാപനം തടയാൻ ദക്ഷിണ കൊറിയയുടെ സഹായം തേടിയിരിക്കുകയാണ്. 
അമേരിക്കയിൽ കൊറോണാവൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നതിനിടയിൽ ഡൊണാൾഡ് ട്രംപ് പതിവു പോലെ വാചകമടിയുമായി രംഗത്തെത്തി.
രാജ്യത്തെ ബിസിനസ് ആഴ്ചകൾക്കുള്ളിൽ പുനരാരംഭിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്തെ വീണ്ടും തുറക്കേണ്ടത് ആവശ്യമാണ്, അല്ലെങ്കിൽ നിലവിലെ പ്രശ്‌നങ്ങളേക്കാൾ വലിയ പ്രശ്‌നങ്ങളാകും തുടങ്ങുക -ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 
ബിസിനസ്  അടക്കുന്നതും, വിപണി തകരുന്നതും ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വിഘാതം സൃഷ്ടിച്ചിട്ടുണ്ട്. രണ്ടാം വട്ടം പ്രസിഡന്റായി മാറാനുള്ള വഴിയിൽ വൈറസ് സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ ട്രംപ് രോഷാകുലനാണ്. 
അതുപോലെ കഴിഞ്ഞ 72 വർഷക്കാലത്തെ ചരിത്രത്തിൽ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കടന്നുപോകുന്നതെന്നു റിപ്പോർട്ട് പുറത്തു വന്നത് ഇന്ത്യക്കാരെ ആശങ്കാകുലരാക്കുന്നുണ്ട്. 
മൂന്ന് മുൻനിര റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ വളർച്ചാ ജി.ഡി.പി നിരക്ക് കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണ പ്രതിസന്ധി വർധിപ്പിച്ച് ആഗാതമായത്. കൊറോണക്ക് എതിരായ പോരാട്ടം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ഭയപ്പെടുത്തുന്ന പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുകയെന്നാണ് പൊതുവിലുള്ള  ആശങ്ക. വിഭജന കാലഘട്ടത്തിലെ അവസ്ഥയിലേക്ക് വരെ ഇന്ത്യയെ തിരിച്ചു കൊണ്ടുപോകാൻ കൊറോണാ മഹാമാരി വഴിയൊരുക്കിയേക്കുമെന്നും ഇൻവെന്റിവയുടെ റിപ്പോർട്ടിലുണ്ട്. 
പ്രതിസന്ധി അതിരൂക്ഷമെന്ന് തെളിയിച്ച് റിസർവ് ബാങ്ക് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നിരീക്ഷിക്കാൻ 90 പേരുടെ യുദ്ധമുറി  സജ്ജീകരിച്ചിരിക്കുകയാണ്. വിദേശ നിക്ഷേപകർ 15 വ്യാപാര സെഷനുകൾക്കിടെ ഇന്ത്യൻ വിപണിയിൽ നിന്ന് 1.08 ലക്ഷം കോടി രൂപയാണ് പിൻവലിച്ചത്. ഇന്ത്യൻ കമ്പനികളിൽ 80 ശതമാനത്തോളം പേരും ജീവനക്കാരോട് വീടുകളിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഗോ എയർ, എയർ ഇന്ത്യ തുടങ്ങിയ കമ്പനികൾ ജീവനക്കാരെ വേതനരഹിത ലീവിൽ അയച്ചിരിക്കുകയാണ്. 
 സുപ്രധാന സാമ്പത്തിക കേന്ദ്രങ്ങളായ മുംബൈ, ബംഗളൂരു, പൂനെ, ദൽഹി, ലഖ്‌നൗ, കാൺപുർ, ഹൈദരാബാദ്, ജയ്പുർ, ചെന്നൈ, കൊൽക്കത്ത,  നോയ്ഡ, അഹമ്മദാബാദ്, സൂറത്ത് തുടങ്ങിയവ ലോക്ഡൗണിലാണ്. . ഇതിന് പുറമെ യു.എസ് ഡോളർ ഇന്ത്യൻ രൂപക്കെതിരെ അതിശക്തമായ നിലയിലാണുള്ളത്. ഹോട്ടൽ, റസ്‌റ്റോറന്റ്, ബാർ, എയർലൈൻ, ബി.പി.ഒ, ടൂറിസം, വിനോദം, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്‌സ്, കൺസ്ട്രക്ഷൻ തുടങ്ങി സുപ്രധാന മേഖലകളിലെല്ലാം കൊറോണ പ്രത്യാഘാതം സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ട്. റിസർവ് ബാങ്കിന്റെ അടിയന്തര ഫണ്ട് ശേഖരം കുറഞ്ഞതിനു പുറമെ പല സ്വകാര്യ, ഗവൺമെന്റ് ബാങ്കുകളുടെയും കിട്ടാക്കടം ഉയർന്ന തോതിലാണുള്ളത്. ഓഹരി വിപണികളും നഷ്ടത്തിലായ ഘട്ടത്തിൽ കൊറോണക്കെതിരായ പോരാട്ടവും സാമ്പത്തിക നിയന്ത്രണവും കേന്ദ്ര സർക്കാറിനും തലവേദനയാകും.
 

Latest News