Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

കൊറോണക്കാലത്തെ ജീവിതം

കൊറോണക്കാലത്തെ ജീവിതത്തിലേക്ക് വായനക്കാർക്ക് സ്വാഗതം. 

ഓരോ വാതിൽപടികളിലും നമ്മെ കാത്തിരിക്കുന്ന ആ പ്ലാസ്റ്റിക് തോക്ക്. നെറ്റിയിലേക്ക് ഇപ്പോൾ പൊട്ടുമെന്ന രീതിയിൽ ചേർത്തുപിടിച്ചിരിക്കുന്ന ഇലക്ട്രിക് തെർമോമീറ്റർ, പുതിയകാല ജീവിതത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ചൈനയിലെ വുഹാൻ നഗരത്തിലെ ഏതോ അജ്ഞാത മൃഗത്തിന്റെ കുടലിൽനിന്ന് മനുഷ്യ ശരീരത്തിലേക്ക് കുടിയേറിയ അതിസൂക്ഷ്മ അണു, ലോകത്തിന്റെ തന്നെ ഭാഗധേയം മാറ്റിമറിക്കുന്ന അതിശയകരമായ കാഴ്ചകളിലേക്ക് ഓരോരുത്തർക്കും സ്വാഗതം.

ആ പ്ലാസ്റ്റിക് തോക്ക്, അതെ, ഇലക്ട്രിക് തെർമോമീറ്ററാണ് നിങ്ങളുടെ അടുത്ത ചുവട് എവിടേക്ക് എന്ന് തീരുമാനിക്കുന്നത്. ഷോപ്പിംഗ് മാളുകളിൽ, വിമാനത്താവളങ്ങളിൽ, ആശുപത്രികളിൽ എന്നുവേണ്ട എവിടെയും തോക്കു ചൂണ്ടിയ ആരോഗ്യ വിദഗ്ധരുണ്ട്. നിങ്ങൾ ഇറങ്ങിപ്പുറപ്പെട്ട ലക്ഷ്യസ്ഥാനത്തേക്ക് തന്നെയാണോ, അതോ ഒറ്റപ്പെടലിന്റെ രണ്ടാഴ്ചയിലേക്കാണോ യാത്രയെന്ന് ആ ബീപ് ശബ്ദം തീരുമാനിക്കും.

പനിയാണ് കൊറോണയുടെ ആദ്യ ലക്ഷണം. 37 ഡിഗ്രി സെൽഷ്യസ് എന്ന മാജിക് നമ്പറാണ് നിങ്ങളുടെ വിധി നിർണയിക്കാൻ പോകുന്നത്. അതിനേക്കാൾ ഒരൽപം കടന്നുവോ, നിങ്ങൾ നിരീക്ഷണത്തിലായി, ക്വാറന്റൈനിലായി. നിങ്ങളുടെ ശരീരത്തിൽ ആ മാരക വൈറസിന്റെ സാന്നിധ്യമുണ്ടോ എന്നറിയാനുള്ള പരിശോധനകളായി. ഇല്ലെന്ന് സ്ഥിരീകരിക്കും വരെ നിങ്ങൾ പൊട്ടിത്തെറിക്കാനിരിക്കുന്ന ഒരു ബോംബാണ്. എത്ര നാരകീയമീ ജീവിതം എന്ന് തോന്നുന്നുണ്ടോ?

നിങ്ങൾ ഓഫീസിലേക്ക് പ്രവേശിക്കുകയാണ്. പതിവു രീതികളൊക്കെ മാറിയിരിക്കുന്നു. നിങ്ങൾക്ക് മുമ്പിൽ സുരക്ഷിതത്വത്തിന്റെ സന്ദേശവുമായി അണുനാശിനികൾ. കൈകൾ കഴുകണം. അണുനാശിനി പുരട്ടണം. ബോക്‌സുകളിൽ സൂക്ഷിച്ചിരിക്കുന്ന മാസ്‌കുകളിലൊന്നെടുത്ത് മുഖത്ത് വരിയണം. ഇൻഫ്രാറെഡ് ക്യാമറകൾക്കടുത്തു കൂടി, തെർമോമീറ്ററിന്റെ പരിലാളനയേറ്റ് അകത്തേക്ക്. അടുത്തേക്ക് വരുന്നവരിൽനിന്ന് അകലേക്കു മാറി, ആരുടെയും അടുത്തേക്ക് പോകാതെ അകലെയകലെയായി ഒരു ജീവിതം. എല്ലാ കാമനകളിൽനിന്നുമകന്ന്, മോഹങ്ങളിൽനിന്നും വിട്ട്, നിങ്ങളുടേതായ ഒരിടത്തിലേക്ക് ചുരുങ്ങി ഒരു ജീവിതം, കൊറോണക്കാലത്തെ ജീവിതം.

ചുമയ്ക്കാൻ നിങ്ങൾക്ക് പേടിയാണ്, തുമ്മാനും. ഭയത്തോടെയും ചിലപ്പോൾ വെറുപ്പോടെയും ചുറ്റുമുള്ള അനേകം കണ്ണുകളിൽനിന്ന് വരുന്ന നോട്ടങ്ങൾ. ചുമ ഒരു സാമൂഹിക തിന്മയാണ്. (SOCIAL TABOO). ഓരോ തവണയും നിങ്ങൾ ചുമയ്ക്കുമ്പോൾ, അനേകം തലകൾ നിങ്ങൾക്ക് നേരെ തിരിയുന്നു. പ്രയാസം മുറ്റിയ മുഖത്തോടെ അവർ നിങ്ങളെ നോക്കുന്നു. ഈ ചതിയനാര് എന്നൊരു ഭാവം നിങ്ങൾ ആ മുഖങ്ങളിൽ വായിക്കുന്നുവോ...കാലം എങ്ങനെയൊക്കെ മാറിയിരിക്കുന്നു എന്ന് ഈ നിസ്സാര അനുഭവത്തിൽനിന്ന് നിങ്ങൾക്കു മനസ്സിലായില്ലേ. കൊറോണക്കാലത്തെ ജീവിതം അങ്ങനെ പുതിയ പുതിയ പാഠഭേദങ്ങൾ തീർക്കുന്നു.

പുറത്തിറങ്ങിയാൽ, പലേടത്തും, മാസ്‌ക് ഒരു അനിവാര്യ വസ്തുവായി മാറിയിട്ടുണ്ട്. ആൾക്കൂട്ടത്തിനിടയിൽ മാസ്‌കില്ലാതെയാണ് നടക്കുന്നതെങ്കിൽ, നിങ്ങളെ ഒരു ചാവേറിനെപ്പോലെയാണ് എല്ലാവരും നോക്കുക. ഒരു പൊട്ടിത്തെറിയിൽ എല്ലാവരുടെയും ജീവനെടുക്കാൻ വന്നവൻ. മറക്കുന്നവരെ ഓർമിപ്പിക്കാൻ നഗരങ്ങളിൽ ബോർഡുകൾ കാണാം, മാസ്‌ക് ധരിക്കൂ, മാനവികതയെ രക്ഷിക്കൂ...എന്തോ വലിയ തെറ്റ് ചെയ്തതു പോലെ തോന്നുന്നില്ലേ.. ശുചിത്വമില്ലാത്തവൻ, ശ്രദ്ധയില്ലാത്തവൻ, അപകടകാരി, മറ്റുള്ളവരെ നശിപ്പിക്കുവാൻ എത്തിയവൻ എന്നൊക്കെ സ്വന്തം ഹൃദയത്തിൽനിന്നുള്ള മുറുമുറുക്കലുകൾ, മൂളലുകൾ ഒക്കെ പ്രതിധ്വനിക്കുന്നില്ലേ... കുറ്റബോധത്തിന്റെ മുൾമുനയിലേക്ക് നിങ്ങളെ നീക്കിനിർത്തുന്ന കൊറോണക്കാലത്തെ ജീവിതം.

മാസ്‌കുകളിൽ മൂടിപ്പോയ മുഖങ്ങളിൽ ചിരി വറ്റിപ്പോയിരിക്കുന്നു. എവിടെയുമില്ല കാണാനൊരു പുഞ്ചിരി. മാസ്‌ക് ഊരിവെച്ചിട്ട് ഭക്ഷണം കഴിക്കാൻ പോലും ആരും ചിലപ്പോൾ നിങ്ങളെ അനുവദിക്കില്ല. കൊറോണ വരിഞ്ഞുമുറുക്കിയ വുഹാൻ നഗരത്തിൽനിന്ന് ഏറെ അകലെയായിട്ടും തനിക്കുണ്ടായ അനുഭവം ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞത് ഇങ്ങനെയാണ്- ഒരു ബെഞ്ചിലിരുന്ന് സാൻഡ്‌വിച്ച് കഴിക്കുകയായിരുന്നു ഞാൻ. പെട്ടെന്നൊരാൾ മുന്നിൽ വന്നു നിന്ന് ഒരു മാസ്‌കെടുത്തു നീട്ടി. ഭക്ഷണം കഴിക്കുമ്പോൾ ഇതെങ്ങനെ ധരിക്കും എന്ന് ചോദിച്ചിട്ട് അയാൾ കൂട്ടാക്കുന്നില്ല. ഒടുവിൽ എന്റെ മുഖത്ത് മാസ്‌ക് വരിഞ്ഞുകെട്ടിയ ശേഷമാണ് അയാൾ മടങ്ങിയത്. അയാളുടെ മുഖത്തുണ്ടായിരുന്ന മാസ്‌കിനടിയിൽ കൂടി ഒരു പുഞ്ചിരി തിളങ്ങിയോ, ഞാൻ കണ്ടില്ല. പുഞ്ചിരികളിൽനിന്നകന്ന കൊറോണക്കാലത്തെ ജീവിതം. 

നഗരങ്ങളിൽ തിരക്കൊഴിഞ്ഞു. കൗതുകക്കാഴ്ചകൾ കാണാനിറങ്ങുന്നവർക്ക് ശകാരം മാത്രമല്ല, തല്ലും കിട്ടുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും മനുഷ്യത്വ വിരുദ്ധമായി  പോലീസുകാർ നാട്ടുകാരെ തല്ലുന്ന ചിത്രങ്ങളും വീഡിയോയും റോയിട്ടേഴ്‌സ് പുറത്തുവിട്ടു. കണ്ടാൽ നമുക്ക് അറപ്പ് തോന്നും. ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുന്നവരെ പിടിച്ചിറക്കി ലാത്തി കൊണ്ട് കുത്തുന്നു. ചിലരെ ഏത്തമിടീക്കുന്നു, മറ്റു ചിലരെ വ്യായാമം ചെയ്യിക്കുന്നു. ചിലർക്ക് പൊതിരെ തല്ലാണ്, പിന്തുടർന്ന് തല്ലുന്ന പോലീസ്. അപരിഷ്‌കൃതമായ പെരുമാറ്റത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വലിയ കുറ്റമാണ് നിങ്ങൾ ചെയ്തത്. ഒരു ചാവേറിനെപ്പോലെ പുറത്തിറങ്ങി. കൊറോണക്കാലത്തെ ജീവിതം ഇങ്ങനെയൊക്കെയാണ്.

റസ്‌റ്റോറന്റുകളിലെ വെടിവട്ടം അവസാനിച്ചിരിക്കുന്നു. മേശക്ക് ചുറ്റുമിരുന്ന്, അരണ്ട വെളിച്ചത്തിൽ നുണഞ്ഞിരുന്ന പലതും ഓർമയിൽ മാത്രം. സാമൂഹിക ജീവിയാണ് മനുഷ്യൻ എന്നു പഠിപ്പിച്ചവർ തന്നെ സാമൂഹിക അകലം പാലിക്കണം എന്നു പറയുന്നു. മറ്റുള്ളവരെ കാണുമ്പോൾ അകന്നു നടക്കണമത്രേ. ഹസ്തദാനം പാടില്ല, ആശ്ലേഷമരുത്, തമാശ പറയരുത്, പൊട്ടിച്ചിരിക്കരുത്, വായുവിൽ നിങ്ങളുടെ ഉമിനീർ കലരരുത്, ഒരു ഉമിനീർ കണികയിൽ പ്രോട്ടീൻ ആവരണത്തിന്റെ സുരക്ഷിതത്വത്തിൽ ആ വൈറസ് ഒളിഞ്ഞിരിക്കുന്നുണ്ട്. തെറിച്ചുവീണാൽ അപകടം. ഓരോ മനുഷ്യനും ഓരോ ജീവിതവും ഒറ്റയാണ്. സ്വയം വേലി തീർത്ത് അതിനുള്ളിൽ ജീവിക്കണം ഓരോരുത്തരും, കൊറോണക്കാലത്തെ ജീവിതം. 

വീട്ടിലേക്ക് അതിഥികളെ ക്ഷണിക്കരുത്, ആരുടെയും അതിഥിയാവുകയും ചെയ്യരുത്. ചൈനയിലെ ഫഌറ്റ് സമുച്ചയങ്ങളിലൊക്കെ തൂക്കിയിരുന്ന ഒരു പോസ്റ്ററുണ്ട്, ആരും വീട്ടിലേക്ക് വരരുതേയെന്ന് അപേക്ഷിക്കുന്ന പോസ്റ്റർ. പ്രിയപ്പെട്ടവർ പോലും എത്ര വേഗമാണ് ആരുമല്ലാതായി മാറിയത്. ക്വാറന്റൈൻ, ലോക്ഡൗൺ... പരിചിതമല്ലാത്ത വാക്കുകൾ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. വാരാന്ത്യങ്ങൾ വരുന്നതും പോകുന്നതും അറിയുന്നില്ല. മ്യൂസിയം, ലൈബ്രറി, പള്ളികൾ, അമ്പലങ്ങൾ, ജിംനേഷ്യങ്ങൾ....എത്ര തിരക്കുള്ള ഷെഡ്യൂൾ ആയിരുന്നു ഓരോ 24 മണിക്കൂറിനെയും സമ്പന്നമാക്കിയിരുന്നത്. നിന്നുതിരിയാൻ നേരമില്ലാത്തവർ. സർവതിനും അവധി കൊടുത്ത്, എല്ലാ സാമൂഹിക സ്പർശനങ്ങളും വേണ്ടെന്നുവെച്ച്, വലയം ചെയ്യപ്പെട്ട ജീവിതത്തെ മസ്തിഷ്‌കം കൊണ്ടു പോലും ചെറുക്കാതെ കീഴടങ്ങുന്നത് എത്ര പെട്ടെന്നാണ്. അതിവേഗം, ജീവിതത്തെ മാറ്റിപ്പണിയാനുള്ള മനുഷ്യന്റെ കഴിവിന്റെയും കൗശലത്തിന്റെയും നിദർശനമാകുന്നു കൊറോണക്കാലത്തെ ജീവിതം. 

ന്യൂസ് ചാനലുകളിലെ വാർത്താവതാരകർ പോലും മാസ്‌ക് ധരിക്കണമെന്ന് ചൈനയിൽ നിർദേശമുണ്ടായിരുന്നു, വുഹാൻ നഗരം ക്വാറന്റൈനിലായ ആദ്യ ദിനങ്ങളിൽ. അന്ന് ഒരു വാർത്താ സമ്മേളനത്തിൽ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി പറഞ്ഞത്, നാം ഒരു 'ഫെയ്‌സ് മാസ്‌ക് സംസ്‌കാരം' വളർത്തിയെടുക്കണമെന്നാണ്. കസേരകൾ ഒരു മീറ്റർ അകലത്തിൽ ഇടാൻ നാം പഠിക്കണം. പഠിക്കാൻ പോകേണ്ട, പരീക്ഷയെഴുതേണ്ട, കടകളിൽ തിരക്കുകൂട്ടി സാധനങ്ങൾ വാങ്ങേണ്ട. ആകെ ചെയ്യേണ്ടത് ഒന്നു മാത്രം, ഒന്നും ചെയ്യാതെ വീട്ടിലിരിക്കണം. വീടിന്റെ വാതിൽപടി ലക്ഷ്മണ രേഖയാക്കണം. തൊഴുകൈയോടെ അപേക്ഷിക്കുന്നു ഭരണാധികാരികൾ. ദേഹത്തെ ചൂട് അൽപമുയർന്നാൽ നിങ്ങളൊരു പ്രശ്‌നക്കാരനായേക്കാം, തല മറയ്ക്കാത്തവളേയും തലമുടി നീട്ടുന്നവനെയും തട്ടിക്കളയുന്നവരുള്ള നാട്ടിൽ മുഖംമൂടി ധരിക്കാത്തവനെയും തട്ടിക്കളയാനുള്ള ഒരു ചോദന അറിയാതെ വളരുന്നുണ്ടോ മനസ്സിൽ, കൊറോണക്കാലത്തെ ജീവിതത്തിൽ.
മനുഷ്യ രാശിക്ക് കാലം പലപ്പോഴും പല ദൃഷ്ടാന്തങ്ങളും നൽകിയിട്ടുണ്ട്. മനുഷ്യ കരങ്ങൾ കടലിലും കരയിലും നാശം വിതക്കുന്നതിന്റെ മുന്നറിയിപ്പുകൾ ഉണർത്തു പാട്ടായിട്ടുണ്ട്. 

എത്ര നിസ്സാരനാണ് മനുഷ്യൻ എന്ന് തിരിച്ചറിയാനാവാം മഹാമാരികളുടെ രൂപത്തിലും മഹാപ്രളയത്തിന്റെ ഭാവത്തിലുമൊക്കെ കാലത്തെ മാറ്റിമറിക്കുന്ന സംഭവങ്ങളുണ്ടാകുന്നത്. അനന്തമജ്ഞാതമവർണനീയം എന്നു കവി പാടിയതിനെ ഇങ്ങനെയും വ്യാഖ്യാനിക്കാം. ഈ ലോകഗോളം ഇപ്പോൾ ആകാശ തരംഗങ്ങളിൽ മാത്രം തിരിയുന്നത് കാണുമ്പോൾ. മൂന്നു ദിവസമായിട്ടും ഒരു സിനിമ കണ്ടുതീർക്കാനായില്ലെന്ന് സുഹൃത്ത് പറയുന്നു. മനസ്സ് നേരെ നിൽക്കുന്നില്ല. 500 കോടി മനുഷ്യർക്ക് കൗൺസലിംഗ് കൊടുക്കേണ്ട കാലം. അതിനെപ്പറ്റിയെല്ലാം ശാന്തമായിരുന്നു ചിന്തിക്കാൻ കഴിയുന്നുണ്ട്, കൊറോണക്കാലത്തെ ഈ ജീവിതത്തിൽ. നമുക്കിപ്പോൾ ഇഷ്ടം പോലെ സമയമുണ്ടല്ലോ.

Latest News