തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യമായാണ് കേരളത്തില്‍ ഇത്രയും കേസുകള്‍ ഒന്നിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ 34 പേരും കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. കണ്ണൂരില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍,കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ 25പേരും വിദേശത്തുനിന്ന് എത്തിയവരാണ്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്.
കൊല്ലത്ത് ഇതാദ്യമായാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊറോണ സ്ഥിരീകരിച്ചു. ഇന്ന് 112 പേരെ നിരീക്ഷണത്തിനും സാമ്പിള്‍ പരിശോധനയ്ക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആകെ 164 പേരാണ് കൊറോണ ബാധിച്ച് സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. കാസര്‍കോട് മാത്രം 81 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.
കാസര്‍കോട് രോഗ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍.തൊണ്ടവേദന, പനി, ശ്വാസതടസം ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിരമായി കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. വിദേശത്ത് നിന്ന് വന്നവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും കുടുംബാംഗങ്ങളും നിരീക്ഷണത്തില്‍ കഴിയുന്നതോടൊപ്പം ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരും ഇനിമുതല്‍ ഹോം ക്വാറന്റീന്‍ അനുഷ്ഠിക്കണം. രോഗ വാഹകന്‍ രോഗി ആകണമെന്നില്ല, എന്നാല്‍ മറ്റുള്ളവരിലേക്ക് ഇയാളിലൂടെ വൈറസ് പിടിപെടാം മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ ആശുപത്രി കോവിഡ് ആശുപത്രിയായി സജ്ജികരിച്ചിട്ടുണ്ട്. 200 കിടക്കകള്‍, 40 ഐസിയു ബെഡുകള്‍, 15 വെന്റിലേറ്ററുകള്‍ എന്നിവ ഇവിടെ സജ്ജമാണ്. കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ കോവിഡ് ആശുപത്രിയായി മാറ്റും. ക്യൂബയില്‍ നിന്നുള്ള മരുന്ന് പരീക്ഷിക്കുന്നതിന് അനുമതി തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി






