ന്യൂദല്‍ഹി- കോവിഡ് 19 രോഗവിവരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് 'കൊറോണ കവച്' എന്ന പേരില്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിന്റെ ബീറ്റാ പതിപ്പ് ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്.
ജിപിഎസ് സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പ് ഓരോ മണിക്കൂറിലും ഉപയോക്താവിന്റെ ലൊക്കേഷന് അനുസരിച്ച് കൊറോണ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടേയും നിരീക്ഷണത്തിലുള്ളവരുടേയും ലൊക്കേഷനുമായി താരതമ്യം ചെയ്താണ് രോഗബാധ സംബന്ധിച്ച് ആപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഉപയോക്താവിന് വിവരങ്ങള്‍ നല്‍കാനും ഒപ്പം വിവരങ്ങള്‍ ശേഖരിക്കാനുമാണ് അപ്ലിക്കേഷന്‍ വഴി ലക്ഷ്യമിടുന്ന് അപ്പിന്റെ ഔദ്യോഗിക വിവരണത്തില്‍ വ്യക്തമാക്കുന്നു. ഇപ്പോൾ ആന്‍ഡ്രോയിഡില്‍ മാത്രമേ അപ്ലിക്കേഷൻ ലഭ്യമാകൂ.
ഉപയോക്താവിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങള്‍ ഫോണില്‍തന്നെയാണ് സൂക്ഷിക്കുന്നതെന്നും അപകടസാധ്യതയുള്ളപ്പോൾ മാത്രമേ സര്‍വറുമായി പങ്കിടൂ എന്നും അപ്ലിക്കേഷൻ പറയുന്നു. "COVID-19 മഹാമാരിക്കെതിരെ പോരാടുന്നതിന് ശരിയായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു" അപ്ലിക്കേഷൻ തുറക്കുമ്പോള്‍ സ്പ്ലാഷ് സ്‌ക്രീനില്‍ തെളിയുന്ന വാഗ്ദാനം ഇങ്ങനെ.






