റോം- കൊറോണ വൈറസ് പ്രായമായവര്‍ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്നുവെന്ന വിലയിരുത്തലുകള്‍ വരുന്നതിനിടെ രോഗബാധയില്‍ നിന്ന് പൂര്‍ണമുക്തി നേടി 101കാരന്‍ മുത്തശ്ശന്‍. വൈറസ് ഏറ്റവും കൂടുതല്‍ ജീവന്‍ എടുത്ത രാജ്യമായ ഇറ്റലിയിലാണ് സംഭവം. തീരദേശ ഇറ്റാലിയന്‍ നഗരമായ റിമിനിയിലെ 101 വയസുള്ള മുതിര്‍ന്ന പൗരനാണ് കൊറോണ സ്ഥിരീകരിച്ച ശേഷം അസുഖം പൂര്‍ണമായും ഭേദമായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചത്. രോഗിയുടെ പേര് വെളിപ്പെടുത്താതെയാണ് മെഡിക്കല്‍ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.
ഷിന്‍ഹുവയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. 1919ലാണ് 'മിസ്റ്റര്‍ പി' ജനിച്ചത്.കൊറോണ പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഒരാഴ്ച്ച മുമ്പ് റിമിനിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ രോഗം പൂര്‍ണമായും ഭേദമായെന്ന് റിമിനി വൈസ് മേയര്‍ ഗ്ലോറിയ ലിസി അറിയിച്ചു. നൂറ് വയസുള്ളയാള്‍ രോഗത്തെ അതിജീവിച്ചത് മറ്റ് കൊറോണ ബാധിതര്‍ക്ക് പ്രതീക്ഷ നല്‍കുന്നുവെന്നും വൈസ് മേയര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇറ്റലിയില്‍ ഇതുവരെ 80589 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 8215 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.






