രണ്ടര മണിക്കൂര്‍ കൊണ്ട് കൊറോണ സ്ഥിരീകരിക്കാം; ടെസ്റ്റ് വികസിപ്പിച്ചെടുത്ത് ബോഷ്

ടോകിയോ- കൊറോണ വൈറസ് ബാധ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ടെസ്റ്റ് ചെയ്യാനുള്ള പരിശോധനാ സംവിധാനം വികസിപ്പിച്ച് റോബര്‍ട്ട് ബോഷ് കമ്പനി. രണ്ടര മണിക്കൂറിനുള്ളില്‍ രോഗനിര്‍ണയം നടത്താവുന്ന സംവിധാനമാണ് കമ്പനി വികസിപ്പിച്ചത്. വിവാലിറ്റിക് മോളികുലാര്‍ ഡയഗനോസ്റ്റിക് പ്ലാറ്റ്‌ഫോം ആണ് ബോഷിന്റെ ആരോഗ്യപരിപാലന വിഭാഗം നിര്‍മിച്ചിരിക്കുന്നത്. ഇന്‍ഫ്‌ളുവന്‍സ,ന്യൂമോണിയ എന്നിവ ഉള്‍പ്പെടുന്ന ബാക്ടീരിയ,വൈറല്‍ രോഗങ്ങള്‍ നിര്‍ണയിക്കാന്‍ ഹോസ്പിറ്റലുകളിലും ലബോറട്ടറികളിലും നിലവില്‍ ഇത് ഉപയോഗിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തോടെ ഇത് ജര്‍മനിയില്‍ ലഭ്യമാകുമെന്ന് ബോഷ് അറിയിച്ചു. വൈറസ് ബാധിച്ചവരെ ഉടന്‍ തിരിച്ചറിയുന്നതിലൂടെ എളുപ്പം അവരെ ഐസൊലേറ്റ് ചെയ്യാനും സാധിക്കും.  ഐറിഷ് മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ റാന്‍ഡോക്‌സ് ലബോറട്ടറീസ് ലിമിറ്റഡുമായി സഹകരിച്ചാണ് ബോഷ് വിവാലിറ്റിക് വികസിപ്പിച്ചത്.

കോവിഡ്-19 എളുപ്പം കണ്ടെത്താന്‍ സാധിക്കുന്നത് അതിന്റെ വ്യാപനത്തെ തടയുന്നതിനുള്ള ഒരു പ്രധാനഘടകമാണ്. ജര്‍മ്മനി,ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ പരിശോധന തുടക്കത്തില്‍ തന്നെ ശക്തമാക്കിയിരുന്നു. ഇത് മരണനിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ട്.  അതേസമയം ഇറ്റലിയുടെയും യുഎസിന്റെയും ഭാഗങ്ങളില്‍ പരിശോധനയുടെ അഭാവം രോഗത്തിന്റെ സ്‌ഫോടനാത്മക വളര്‍ച്ചയ്ക്ക് സഹായകമായി.പല സ്ഥലങ്ങളിലും ഫലത്തിനായി ആളുകള്‍ ഇനിയും നിരവധി ദിവസം കാത്തിരിക്കേണ്ടിവരുമ്പോള്‍, കൂടുതല്‍ കമ്പനികള്‍ വേഗത്തിലുള്ള പരിശോധനകള്‍ വാഗ്ദാനം ചെയ്യുന്നു

Latest News