വാഷിംഗ്ടൺ- കൊറോണ ബാധിതരുടെ എണ്ണത്തിൽ ചൈനയെയും ഇറ്റലിയെയും മറികടന്ന് അമേരിക്ക മുന്നിലേക്ക്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 83,000 പേർക്കാണ് അമേരിക്കയിൽ രോഗം പിടികൂടിയത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽ ഉള്ളതിനേക്കാൾ രോഗികൾ നിലവിൽ അമേരിക്കയിലാണ്. 1,178 പേരാണ് അമേരിക്കയിൽ രോഗം ബാധിച്ച് മരിച്ചത്. 23,293 പേർ ലോകത്താകമാനം രോഗം ബാധിച്ച് മരിച്ചു. ഏത് തരം സാമ്പത്തിക, ശാസ്ത്രീയ, ആരോഗ്യ, സൈനിക സംവിധാനങ്ങൾ ഉപയോഗിച്ചും രോഗം തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ അവകാശപ്പെട്ടിരുന്നു. നാൽപത് ശതമാനം അമേരിക്കക്കാരും നിലവിൽ ലോക് ഡൗണിലാണ്. വീട്ടിൽ തുടരുക, ആശ്വസിക്കുക എന്നാണ് ട്രംപ് ഇതിനെ പറ്റി പറഞ്ഞത്.