15 അമുസ്ലിം വിദ്യാര്‍ഥികളെ തോല്‍പിച്ചു; സി.എ.എ പരിഹാസ ട്വീറ്റെന്ന് പ്രൊഫസര്‍

ന്യൂദല്‍ഹി- മുസ്ലിംകളല്ലാത്ത 15 വിദ്യാര്‍ഥികളെ പരീക്ഷയില്‍ തോല്‍പിച്ചുവെന്ന ട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് ദല്‍ഹി ജാമിഅ മില്ലിയയിലെ പ്രൊഫസര്‍ അബ്രാര്‍ അഹമ്മദിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

പൗരത്വ നിയമത്തെ കളിയാക്കാന്‍ വേണ്ടിയാണ് ട്വീറ്റെന്നും ഇങ്ങനയൊരു പരീക്ഷയോ ഫലമോ ഇല്ലെന്നും പ്രൊഫസര്‍ വിശദീകരിക്കുന്നു. അന്വേഷണത്തില്‍ എല്ലാം തെളിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷയില്‍ 15 മുസ്ലിം വിദ്യാര്‍ഥികളെ തോല്‍പിച്ചു എന്നു പറയുന്നതും ഇതുപോലെ മോശമാണെന്നും ഇക്കാര്യത്തിലേക്കാണ് പരിഹാസത്തിലൂടെ ശ്രദ്ധ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം എങ്ങനെ മുസ്ലിംകളെ ലക്ഷ്യമിടുന്നുവെന്ന് വ്യക്തമാക്കാന്‍ ചെയ്തുവെന്ന് പറയുന്ന ട്വീറ്റ് പിന്നീട് നീക്കം ചെയ്തു.

സാമുദായിക ഭിന്നത സൃഷ്ടിച്ചതിന് അഹമ്മദിനെ സസ്പെന്‍ഡ് ചെയ്തുവെന്നാണ് ജാമിഅ മില്ലിയ അധികൃതര്‍ അറിയിച്ചത്.

ഈ സെഷനില്‍ ഒരുപാട് പരീക്ഷകള്‍ കഴിഞ്ഞുവെന്നും കഴിഞ്ഞ സെമസ്റ്ററില്‍ എല്ലാവരും പാസായെന്നും അധ്യാപകന്‍ പറഞ്ഞു. വിവേചനപരമായി പ്രവര്‍ത്തിച്ചുവെന്ന പേരില്‍ തനിക്കെതിരെ 12 വര്‍ഷങ്ങളായി വിദ്യാര്‍ഥികള്‍ ആരും തന്നെ പരാതിപ്പെട്ടിട്ടില്ലെന്നും അന്വേഷണത്തില്‍ എല്ലാം കലങ്ങിത്തെളിയുമെന്ന് വിശ്വാസമുണ്ടെന്നും പ്രൊഫസര്‍ വ്യക്തമാക്കി.

 

 

Latest News