വേറെ വഴിയില്ല, അര്‍ധരാത്രി മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തി പരാതി

കോഴിക്കോട്- അര്‍ധരാത്രി മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തി രക്ഷിക്കണം എന്ന് അപേക്ഷിച്ച 13 പെണ്‍കുട്ടികളടങ്ങുന്ന സംഘം സുരക്ഷിതരായി വീട്ടിലെത്തി. രാത്രി ഒന്നരക്ക് മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തിയ പെണ്‍കുട്ടികള്‍ക്ക് ഏറെ ആശ്വാസമാകുന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്.
ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരായ ആതിരയടങ്ങുന്ന 14 പേര്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ടെമ്പോ ട്രാവലറില്‍ നാട്ടിലേക്ക് തിരിച്ചത്. ഇതില്‍ വിഷ്ണു ഒഴിച്ച് മറ്റെല്ലാവരും പെണ്‍കുട്ടികള്‍. കോഴിക്കോട്ട് എത്തിക്കുമെന്ന ഉറപ്പിലാണ് വാഹനത്തില്‍ പുറപ്പെട്ടത്. പക്ഷേ, രാത്രിയോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ െ്രെഡവര്‍ നിലപാട് മാറ്റി. അതിര്‍ത്തിയില്‍ ഇറക്കാമെന്നും അവിടുന്ന് നാട്ടിലേക്ക് കേരളത്തില്‍നിന്നുള്ള വണ്ടി പിടിക്കേണ്ടിവരുമെന്നും െ്രെഡവര്‍ പറഞ്ഞു. അപ്പോഴേക്കും മുത്തങ്ങ ചെക്‌പോസ്റ്റ് എത്താറായിരുന്നു. അര്‍ധരാത്രിയില്‍ വനമേഖലയായ മുത്തങ്ങയില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് വണ്ടി തോല്‍പ്പെട്ടി ഭാഗത്തേക്ക് വിട്ടു. ഈ സമയം എന്തു ചെയ്യണമെന്നറിയാതെ സഹായത്തിനായി പലരെയും വിളിച്ചു.

പരിചയമുള്ള പല ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും വഴികളൊന്നും തുറന്നുകിട്ടിയില്ല. അപ്പോഴേക്കും സമയം ഒരുമണി കഴിഞ്ഞു. മറ്റൊരുമാര്‍ഗവുമില്ലെന്നായപ്പോള്‍ മുഖ്യമന്ത്രിയെ വിളിച്ച് സഹായം തേടാമെന്ന് കൂട്ടത്തിലെ ചിലര്‍ പറഞ്ഞു. ഭയന്നുകൊണ്ട് മുഖ്യമന്ത്രിയെ ആതിര വിളിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയത്.

 ഉടനെ വയനാട് കളക്ടറെയും എസ്.പി.യെയും വിളിക്കാന്‍ പറഞ്ഞു. ആവശ്യമായ നിര്‍ദേശം നല്‍കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കളക്ടറുടെയും എസ്.പി.യുടെയും മൊബൈല്‍ നമ്പറും മുഖ്യമന്ത്രി പറഞ്ഞുകൊടുത്തു. ആദ്യം കിട്ടിയത് എസ്.പി.യെയാണ്. തോല്‍പ്പെട്ടിയില്‍ വാഹനം എത്തുമ്പോഴേക്കും തുടര്‍ന്നുള്ള യാത്രക്ക് പകരം സംവിധാനം ഏര്‍പ്പാടാക്കാമെന്ന് എസ്.പി. ഉറപ്പുനല്‍കി. തോല്‍പ്പെട്ടിയില്‍ വാഹനം ഇറങ്ങിയ ഉടന്‍ കൈകഴുകി, പനിയുണ്ടോ എന്ന് പരിശോധിച്ചു. 20 മിനിറ്റ് കാത്തുനിന്നപ്പോഴേക്കും കോഴിക്കോട്ടേക്ക് പോവാനുള്ള വാഹനവുമായി തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശ് എത്തി. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി. രാത്രി വൈകി കേരള-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ ഒറ്റപ്പെട്ടുപോയപ്പോള്‍ മുഖ്യമന്ത്രി പകര്‍ന്ന ധൈര്യവും കരുതലും മറക്കാനാവാത്ത അനുഭവമാണെന്ന് കോഴിക്കോട് പുതിയാപ്പ ശ്രീരത്‌നം വീട്ടില്‍ എം.ആര്‍. ആതിര പറയുന്നു.

 

Latest News