വാഷിംഗ്ടണ്‍- വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മദുരോയേയും മറ്റ് ഒരു ഡസനോളം നേതാക്കളേയും ലഹരി ഭീകരവാദികളെന്ന് മുദ്രകുത്തി അമേരിക്ക. സോഷ്യലിസ്റ്റ് നേതാവായ മദുരോയെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ സമ്മര്‍ദതന്ത്രമാണിതെന്ന് കരുതുന്നു.
മദുരോയുടെ അറസ്റ്റിന് സൗകര്യമൊരുക്കുന്നവര്‍ക്ക് 15 ദശലക്ഷം യു.എസ് ഡോളറാണ് യു.എസ് വിദേശകാര്യ വകുപ്പ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി വര്‍ഷങ്ങളായി കനത്ത സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ അസ്ഥിരതയിലുമുഴലുന്ന വെനിസ്വേലക്ക് പുതിയ തിരിച്ചടിയാണ് ട്രംപിന്റെ നീക്കം.
ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരിക്കെതിരെ യു.എസ് നടത്തുന്ന അസാധാരണ നീക്കമാണിത്. തന്റെ വെനിസ്വേല നയം വേണ്ടത്ര വിജയം കാണാത്തതില്‍ ട്രംപ് അസ്വസ്ഥനാണെന്നും അമേരിക്കന്‍ രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നു.