സാനിറ്റൈസര്‍ കുടിച്ച് പാലക്കാട്ട് ഒരാള്‍ മരിച്ചു

മലമ്പുഴ-റിമാന്‍ഡ് തടവുകാരന്‍ സാനിറ്റൈസര്‍ കഴിച്ച് മരിച്ചു. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടി (36) ആണ് മരിച്ചത്. മോഷണക്കേസില്‍ അറസ്റ്റിലായിരുന്ന രാമന്‍കുട്ടിയെ ഫെബ്രുവരി 18നാണ് റിമാന്‍ഡ് ചെയ്തത്. മാര്‍ച്ച് 24ന് സാനിറ്റൈസര്‍ കുടിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ രാമന്‍കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പാലക്കാട് മലമ്പുഴ ജില്ലാ ജയിലിലാണ് രാമന്‍കുട്ടി റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്.
അവിടെ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനായി സ്പിരിറ്റ് എത്തിച്ചിരുന്നു. തടവുകാര്‍ സ്പിരിറ്റ് ഉപയോഗിച്ച് സാനിറ്റൈസര്‍ ഉണ്ടാക്കുന്നതിനിടെ രാമന്‍കുട്ടി അധികൃതരുടെ കണ്ണുവെട്ടിച്ച് സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു. മദ്യത്തിന്റെ ലഹരി കിട്ടുമെന്ന മിഥ്യാധാരണയിലായിരിക്കാം രാമന്‍കുട്ടി സാനിറ്റൈസര്‍ കുടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
താമസിയാതെ അസ്വസ്ഥത അനുഭവപ്പെട്ട രാമന്‍കുട്ടിയെ ഉടന്‍ മലമ്പുഴയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഐസിയുവില്‍ ചികിത്സയിലായിരിക്കെയാണ് രാമന്‍കുട്ടി മരിച്ചത്.
 

Latest News