Sorry, you need to enable JavaScript to visit this website.

ഈച്ചകള്‍ കൊറോണ പരത്തുമെന്ന് അമിതാഭ് ബച്ചന്‍; ട്വീറ്റ് ഏറ്റെടുത്ത് മോഡി

മുംബൈ- ഈച്ചകള്‍ കൊറോണ വൈറസ് പരത്തുമെന്ന വാദവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. രാജ്യത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ പരാമര്‍ശം ഉള്ളത്. പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോഡി റീ ട്വീറ്റ് ചെയ്ത് ഈ സന്ദേശം പക്ഷേ ആരോഗ്യ മന്ത്രാലയം നിരാകരിക്കുന്നു. 

"കൊറോണ വൈറസ് മനുഷ്യ വിസർജ്ജനത്തിൽ ആഴ്ചകളോളം നിലനിൽക്കുമെന്ന് ചൈനീസ് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. രോഗികൾ പൂർണ്ണമായി സുഖം പ്രാപിച്ചാലും ഏതാനും ആഴ്ചകളായി മലമൂത്ര വിസർജ്ജനത്തിൽ വൈറസ് നിലനിൽക്കും. അത്തരമൊരു വ്യക്തിയുടെ മലമൂത്രവിസർജ്ജനത്തിൽ ഇരുന്ന   ഈച്ച പിന്നീട് പഴങ്ങൾ, പച്ചക്കറികൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ ഇരിക്കുന്നതുവഴി രോഗം കൂടുതൽ പടരും” അദ്ദേഹത്തിന്റെ ഹിന്ദിയിലുള്ള വീഡിയോയിൽ പറയുന്നു.

എന്നാല്‍ ആരോഗ്യമന്ത്രാലയം ഈ  അവകാശവാദത്തോട് വിയോജിച്ചതായാണ് റിപ്പോര്‍ട്ട്. ആരോഗ്യ, കുടുംബക്ഷേമ ജോയിന്റ് സെക്രട്ടറിയായ ലാവ് അഗർവാൾ വ്യാഴാഴ്ച പത്രസമ്മേളനത്തിൽ ബച്ചന്റെ പുതിയ 'കണ്ടെത്തല്‍' പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുകയാണ്.  "അദ്ദേഹത്തിന്റെ ട്വീറ്റ് ഞാൻ കണ്ടിട്ടില്ല, പക്ഷേ സാങ്കേതികമായി എനിക്ക് പറയാൻ കഴിയും ഈ ഒരു പകർച്ചവ്യാധി ഈച്ചകളിലൂടെ പടരില്ലെന്ന്" മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് അഗർവാൾ പ്രതികരിച്ചു.

ഇതോടെ പ്രധാനമന്ത്രി കൂടി ഏറ്റെടുത്ത പുതിയ ട്വീറ്റും ഡിലീറ്റ് ചെയ്യേണ്ടിവരുന്ന അവസ്ഥയിലാണ് ബച്ചന്‍. നേരത്തേ, കയ്യടി ശബ്ദം കൊറോണ വൈറസിനെ നിര്‍വീര്യമാക്കുമെന്ന ട്വീറ്റ് വ്യാപക വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഒടുവില്‍ സൂപ്പര്‍ താരത്തിന് ഡിലീറ്റ് ചെയ്യേണ്ടി വന്നിരുന്നു. ജനതാ കര്‍ഫ്യൂവില്‍ ബാല്‍ക്കണിയിലിരുന്ന് കയ്യടിക്കാനും പാത്രം കൊട്ടാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ഇതിന് പിന്തുണയുമായി എത്തിയപ്പോഴാണ് കൊറോണയ്ക്കെതിരെ ബച്ചന്റെ വക 'ശബ്ദതിയറി' ട്വീറ്റായി എത്തിയത്. ഈ രംഗത്തെ വിദഗ്ധരുമായി ആശയവിനിമയം നടത്തി സ്ഥിരീകരണം ലഭിക്കാതെ താരങ്ങള്‍ സ്വന്തം നിലയില്‍ സിദ്ധാന്തങ്ങളുമായി വരുന്നത് ചെറുതല്ലാത്ത ആശങ്കയാണ് വരുത്തി വയ്ക്കുന്നത്. ഈച്ചകള്‍ കൊറോണ പരത്തുമെന്ന പുതിയ ട്വീറ്റും ജനങ്ങളില്‍ പരിഭ്രാന്തി പരത്താന്‍ സാധ്യത ഏറെയാണ്. പ്രത്യേകിച്ച് മലമൂത്ര വിസര്‍ജനത്തിന് ശൗച്യാലയങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ കാര്യം സാധിക്കാന്‍ 'വെളിക്കിരിക്കുന്ന' ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍.

Latest News