ഇടുക്കി- വിദേശയാത്ര നടത്താത്ത ബ്ലോക്ക് പഞ്ചായത്ത് മൂന്‍ പ്രസിഡന്റിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇടുക്കി ജാഗ്രതയില്‍. 63 കാരനായ ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. 11ന് ഇദ്ദേഹം തിരുവനന്തപുരത്തിന് പോയി. 13ന് പനി ബാധിച്ചു. 23ന് കടുത്ത പനി ബാധിച്ചതോടെ ഇടുക്കി മെഡിക്കല്‍ കോളജില്‍ സ്രവം പരിശോധനക്ക് നല്‍കി. വിദേശയാത്ര നടത്താത്തതും വിദേശത്ത് നിന്നെത്തിയവരുമായി സഹവസിക്കാതെയും ഉണ്ടായ സംസ്ഥാനത്തെ ആദ്യ കോവിഡ് കേസ് ആണിത്.
മുന്‍ മുഖ്യമന്ത്രി, രണ്ട് സംസ്ഥാന മന്ത്രിമാര്‍, എം എല്‍ എമാര്‍ എന്നിവരടക്കം നിരവധി പ്രമുഖരുമായി ഇദ്ദേഹം ഇക്കാലയളവില്‍ ഇടപഴകിയതിനാല്‍ അതീവ ഗൗരവത്തോടെയാണ് ഇക്കാര്യം അധികൃതര്‍ നിരീക്ഷിക്കുന്നത്. അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരോട് വീട്ടു നിരീക്ഷണത്തിലാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്, ഷോളയൂര്‍, മറയൂര്‍, മൂന്നാര്‍, പെരുമ്പാവൂര്‍ ,ആലുവ, മാവേലിക്കര ,തിരുവനന്തപുരം നിയമസഭാ മന്ദിരം എന്നിവിടങ്ങളിലും ചെറുതോണി മസ്ജിദില്‍ മാര്‍ച്ച് 13നും 20നും പോയിരുന്നു.
ഇതോടെ ജില്ലയില്‍ ഇതുവരെ മൂന്നു പേര്‍ക്ക് രോഗം ബാധിച്ചു. നേരത്തെ മുന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പൗരനു രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച തൊടുപുഴ സ്വദേശിയുടെ നില മെച്ചപ്പെട്ടു വരികയാണ്.






