Sorry, you need to enable JavaScript to visit this website.

സുരക്ഷാ വകുപ്പുകളുമായുള്ള കോളുകൾ  പ്രചരിപ്പിച്ചാൽ അഞ്ചു വർഷം തടവ്

റിയാദ് - സുരക്ഷാ വകുപ്പുകളുമായി നടത്തുന്ന കോളുകൾ റെക്കോർഡ് ചെയ്തും ചിത്രീകരിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് സൈബർ ക്രൈം നിയമം അനുസരിച്ച് അഞ്ചു വർഷം തടവും മുപ്പതു ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് നിയമ വിദഗ്ധൻ ഖാലിദ് അബൂറാശിദ് പറഞ്ഞു. മറ്റുള്ളവരുടെ ഫോണുകൾ ചോർത്തിയും അവരുമായി നടത്തുന്ന കോളുകൾ റെക്കോർഡ് ചെയ്തും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് സൈബർ ക്രൈം നിയമം അനുസരിച്ച് തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. സുരക്ഷാ വകുപ്പുകളുമായുള്ള കോളുകൾ ഇങ്ങനെ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുന്നതും നിയമം അനുസരിച്ച് ഏറ്റവും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. 
സുരക്ഷാ ഭടന്മാരെയും അവരുടെ വാഹനങ്ങളും ചിത്രീകരിക്കുന്നതും സൈബർ ക്രൈം നിയമം അനുസരിച്ച് കുറ്റകൃത്യമാണ്. ഇത്തരം കുറ്റങ്ങൾക്ക് അഞ്ചു വർഷം വരെ തടവും മുപ്പതു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കിയ നിയന്ത്രണങ്ങളെയും മുൻകരുതലുകളെയും വിമർശിക്കുന്നതും പരിഹസിക്കുന്നതും അറസ്റ്റ് നിർബന്ധമാക്കുന്ന കുറ്റകൃത്യമാണെന്നും ഖാലിദ് അബൂറാശിദ് പറഞ്ഞു. 


സുരക്ഷാ വകുപ്പുകളുമായുള്ള കോളുകൾ റെക്കോർഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഏതാനും സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുണ്ട്. സുരക്ഷാ വകുപ്പുകളെ പരിഹസിക്കുന്നതിനാണ് ചിലർ ഇത്തരം ക്ലിപ്പിംഗുകളിലൂടെ ശ്രമിക്കുന്നത്. നിരോധാജ്ഞ ലംഘിക്കുന്നതിന്റെയും കർഫ്യൂ ലംഘിക്കുന്നതിന് പ്രേരിപ്പിക്കുന്നതിന്റെയും വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുന്നവർക്ക് സൈബർ ക്രൈം നിയമത്തിലെ ആറാം വകുപ്പ് പ്രകാരം അഞ്ചു വർഷം വരെ തടവും മുപ്പതു ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് അറിയിക്കുന്നവർ യാതൊരുവിധ ഉത്തരവാദിത്തവും വഹിക്കേണ്ടിവരില്ലെന്നും പബ്ലിക് പ്രോസിക്യൂഷനും വ്യക്തമാക്കിയിട്ടുണ്ട്.  

Latest News