Sorry, you need to enable JavaScript to visit this website.

പാചകവാതക വിതരണം  സുഗമമായി തുടരുമെന്ന് ഐ.ഒ.സി

കൊച്ചി - കോവിഡ് 19ന്റെ ഭാഗമായ കടുത്ത നിയന്ത്രണങ്ങളും ലോക്ക്ഡൗണും മൂലം പാചക വാതക ലഭ്യതയുടെ കാര്യത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. എൽ.പി.ജി യഥാസമയം ലഭിക്കാനുള്ള സംവിധാനവും സുസജ്ജമാണ്. അടിയന്തര സഹായം ആവശ്യമുള്ളവർക്ക് 1906 എന്ന എമർജൻസി സർവീസ് സെൽ നമ്പറിൽ വിളിക്കാമെന്ന് അധികൃതർ അറിയിച്ചു. പെട്രോളിയം ഉൽപന്നങ്ങളായ പെട്രോൾ, ഡീസൽ, ഫ്യുവൽ ഓയിൽ, ബിറ്റുമിൻ എന്നിവയുടെ ആവശ്യക്കാർ ഗണ്യമായി കുറഞ്ഞു. 
വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ കാര്യത്തിലും ആവശ്യകതയിൽ വൻ ഇടിവ് ഉണ്ടായതായി ഇന്ത്യൻ ഓയിൽ കോർപറേഷൻ വ്യക്തമാക്കി.ഈ സ്ഥിതി വിശേഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓയിലിന്റെ എല്ലാ റിഫൈനറികളിലും ക്രൂഡ് ഓയിൽ സംസ്‌കരണം 25 മുതൽ 30 ശതമാനം വരെ ക്രമീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ഉള്ള ലോക്ക് ഡൗൺ പിൻവലിക്കുന്ന മുറയ്ക്ക് ഉണ്ടാകാവുന്ന വർധിത ആവശ്യം കണക്കിലെടുത്തു ഇന്ത്യൻ ഓയിലിന്റെ ബൾക്ക് സ്റ്റോറേജുകളിൽ മതിയായ ശേഖരം നടത്തിയിട്ടുണ്ട്.പെട്രോ ഉൽപ്പന്നങ്ങളുടെ ആവശ്യകതയിൽ കുറവ് ഉണ്ടായെങ്കിലും പാചകവാതകത്തിന്റെ ആവശ്യകത ക്രമാനുഗതമായി വർധിച്ചു വരികയാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ ഓയിലിന്റെ റിഫൈനറികളിലെല്ലാം എൽ പി ജി ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ചു എൽ പി ജി റീഫിൽ വിതരണവും ക്രമീകരിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് 1906 എന്ന എമർജൻസി സർവീസ് സെൽ നമ്പറിൽ വിളിക്കാവുന്നതാണ്. പാചക വാതക സിലിണ്ടറുകൾ സുലഭമായതിനാൽ എൽ പി ജി ഉപഭോക്താക്കൾ പരിഭ്രാന്തരാവേണ്ട കാര്യമില്ല. കമ്പനി വക പെട്രോൾ പമ്പുകളിൽ നാമമാത്രമായ ജീവനക്കാരാണ് ഉള്ളത്. അവർക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്. ജീവനക്കാർ, സേവനദാതാക്കൾ, കോൺട്രാക്ട് ജീവനക്കാർ, പെട്രോൾ പമ്പ് ഡീലർമാർ, പാചകവാതക വിതരണക്കാർ, ഡെലിവറി ബോയ്‌സ് എന്നിവരുടെയെല്ലാം ആരോഗ്യ സുരക്ഷാ വിഷയങ്ങളിൽ കമ്പനി പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകളിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.ടാങ്ക്- ട്രക്ക് നീക്കത്തിന്റെ കാര്യത്തിലും എൽ. പി. ജി വിതരണത്തിന്റെ കാര്യത്തിലും ഐ. ഒ. സി എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും ഇന്ധന ലഭ്യത ഉറപ്പുവരുത്താൻ ഐ. ഒ. സി പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

 

Latest News