കോട്ടയം - ഗൾഫ് മേഖലയിൽ നിന്നും നാട്ടിലെത്തിയ കപ്പൽ ജീവനക്കാർ സ്വയം നിരീക്ഷണത്തിലായി. സ്വയം നിരീക്ഷണത്തിലായ കാര്യം ആരെയും അറിയിച്ചതുമില്ല. കപ്പൽ ജീവനക്കാരായ ഇവർ ഷാർജയിൽ നിന്നു ഇറാനിൽ പോയി അവിടെ നിന്നു ഷാർജയിലെത്തി. ഷാർജയിൽ നിന്നും ദുബായ് വഴി കഴിഞ്ഞ 12ന് രാവിലെ കൊച്ചിയിലിറങ്ങി. കൊച്ചിയിലിറങ്ങിയതോടെയാണ് സ്വയം നിരീക്ഷണത്തിലാവാൻ തീരുമാനിച്ചത്. വീടുകളിലേക്ക് പോകാനുളള പരിപാടി ഉപേക്ഷിച്ചു.
ഇതോടെ തങ്ങളെ കൊണ്ടുപോകാൻ വന്ന വാഹനത്തിന്റെ ഡ്രൈവറെ ബസിൽ കയറ്റിവിട്ടു. തുടർന്ന് ഒമ്പതുപേർ ആ വാഹനത്തിൽ കോട്ടയം അതിരമ്പുഴയിലെത്തി. അവിടെ തങ്ങളുടെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ തോമസ് ഏബ്രഹാമിന്റെ കോട്ടയം അതിരമ്പുഴയിലെ പോളയ്ക്കാട്ടിൽ വീട്ടിലെത്തി.
തൃശൂർ പെരിങ്ങോട്ട്കര ഷാനവാസ് ഷംസുദീൻ, കോട്ടയം വടവാതൂർ ബബി സാമുവൽ, പത്തനംതിട്ട സ്വദേശി സന്തോഷ്.പി.ജോൺ, പിറവം മുളക്കുളം നോർത്ത് റുഡോൾഫ് കുരിയാക്കോസ്, ചെങ്ങന്നൂർ തിട്ടമേൽ മിനുകുമാർ, കായംകുളം പള്ളിക്കൽ രതീഷ്‌കുമാർ, കോട്ടയം പലിക്കുട്ടിശ്ശേരി ഡോൺ ജോസഫ്, ചെങ്ങന്നൂർ പാണ്ടനാട് കോശി.പി.ജോൺ എന്നിവരാണ് സ്വയം ക്വാറന്റെനിൽ പോകാൻ തീരുമാനിച്ചത്.
കൊച്ചിയിൽ വിമാനത്താവളത്തിലെ പരിശോധന പൂർത്തിയായപ്പോൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ പോകാൻ അനുവദിച്ചതാണ്. പക്ഷേ നിരീക്ഷണത്തിൽ കഴിഞ്ഞാൽ നല്ലതായിരിക്കുമെന്നും സൂചിപ്പിച്ചു. ഇതോടെയാണ് തീരുമാനം മാറ്റിയത്. എന്തിന് ഒരു പരീക്ഷണം.
ഇതോടെ തങ്ങളുടെ മേലധികാരിയായ തോമസ് ഏബ്രഹാമിനെ വിളിച്ചു. തോമസ് ഏബ്രഹാമിന്റെ അതിരമ്പുഴയിൽ ഒഴിഞ്ഞുകിടക്കുന്ന വീട്ടിലേക്ക് എല്ലാവരും കൂടി. 25ന് 14 ദിവസം പൂർത്തിയായി. 25ന് വീട്ടിൽപ്പോകാൻ ഒരുങ്ങുമ്പോഴാണ് രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇനി ഏപ്രിൽ 14 വരെ അതിരമ്പുഴയിൽ തന്നെ. തോമസ് ഏബ്രഹാമിന്റെ ഭാര്യ ഭക്ഷണ സാധനങ്ങൾ വീടിന്റെ ഗേറ്റിൽ കൊണ്ടുവെക്കും. സാധനങ്ങൾ വാങ്ങിത്തരുന്നതെല്ലാം അദ്ദേഹത്തിന്റെ ഭാര്യയാണ്. അദ്ദേഹത്തിന് സാധനങ്ങളുടെ പണംകൊടുത്താൽ വാങ്ങില്ല.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞപ്പോൾ ഒരു തവണ വീട്ടുസാധനങ്ങൾ കൊണ്ടുതന്നു. പിന്നെയെല്ലാം അദ്ദേഹത്തിന്റെ കാരുണ്യത്തിൽ. എല്ലാവരും കൂടി പാചകം ചെയ്യും. തമാശപറഞ്ഞും, സിനിമ കണ്ടും പുസ്തകം വായിച്ചും ചീട്ട്കളിച്ചും സമയം കളയുന്നു. എന്നാൽ നാട്ടിലെത്തിയ കാര്യം വീട്ടിൽ അറിയിച്ചില്ല. അറിയിച്ചാൽ ഭയപ്പെടും. അതിനാൽ കപ്പലിലാകട്ടെ എന്നു കരുതാനായി കാര്യം പറഞ്ഞില്ല. ഒമ്പതുപേരിൽ ഏഴുപേരും വിവാഹിതരാണ്.