ഇന്ത്യയില്‍ ബാങ്കുകളും ലോക്ക് ഡൗണിലേക്ക്

ന്യൂദല്‍ഹി- കോറോണ വ്യാപനം തടയാന്‍ രാജ്യം ലോക്ക് ഡൗണിലായിരിക്കേ അടച്ചിടല്‍ തീരുമാനവുമായി ബാങ്കുകളും. പ്രധാന നഗരങ്ങളിലൊഴിയുള്ള ബാങ്ക് ബ്രാഞ്ചുകള്‍ ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ അടച്ചിടാനുള്ള തിരുമാനം ഉടന്‍ ഉണ്ടാവുമെന്ന് ബാങ്കിംഗ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്യത്തെ 130 കോടി ജനങ്ങള്‍ പണമിടപാടിനായി ആശ്രയിക്കുന്നതിനാല്‍ ബാങ്കിനെ അവശ്യസര്‍വീസായി പരിഗണിച്ച് ലോക്ക് ഡൗണില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ബാങ്കുകള്‍ ഈ തീരുമാനത്തില്‍ എത്തിയത് എന്നാണ് സൂചന. അഞ്ച് കിലോമീറ്റര്‍ ചുറ്റയളവില്‍ ഒരു ബാങ്ക് എന്ന നിലയില്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്താനാണ് ആലോചന.

അതേസമയം ലോക്ക് ഡൗണ്‍ സമയത്തെ ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നത് ബാങ്കുകള്‍ വഴിയാണ്.  ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പ്രകാരമുള്ള ആനുകൂല്യങ്ങളും ബാങ്കുവഴി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്കുകള്‍കൂടി ലോക്ക്‌ഡൗണിലേക്ക് നീങ്ങുന്ന അവസ്ഥയില്‍ ഇത് എങ്ങനെ സാധ്യമാവുമെന്ന് വ്യക്തമല്ല. മാത്രമല്ല, നഗരപ്രദേശങ്ങളില്‍ മാത്രം ഒരു ബാങ്ക് എന്ന രീതിയില്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തുന്നത് ലോക്ക് ഡൗണിന്റെ ഉദ്ദേശ്യത്തെതന്നെ തകിടം മറിക്കുന്ന രീതിയില്‍ ആള്‍തിരക്കിന് കാരണമാവുമെന്ന ആശങ്കയുമുണ്ട്.

Latest News