Sorry, you need to enable JavaScript to visit this website.

കൊറോണ മൂലമുള്ള മാനുഷിക പ്രതിസന്ധിക്ക് ആഗോള പ്രതികരണം ആവശ്യം- രാജാവ്

റിയാദ് - കൊറോണ വ്യാപനം ചെറുക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും പരസ്പര സഹകണത്തോടെയും ഏകോപനത്തോടെയുമുള്ള ശക്തമായ നടപടികൾ ആവശ്യമാണെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20 ഉച്ചകോടിയിൽ അധ്യക്ഷം വഹിച്ചാണ് കൊറോണ വ്യാപനം ചെറുക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം സൽമാൻ രാജാവ് ഊന്നിപ്പറഞ്ഞത്. കൊറോണ വ്യാപനത്തിന്റെ പ്രത്യഘാതങ്ങൾ ലഘൂകരിക്കുന്നതിനെ കുറിച്ചും കൊറോണ വ്യാപനം ചെറുക്കുന്നതിന് ആഗോള തലത്തിൽ ഏകോപനത്തോടെ ശ്രമങ്ങൾ ഊർജിതമാക്കുന്നതിനെ കുറിച്ചും വിശകലനം ചെയ്യുന്നതിന് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് രീതിയിലാണ് ഇന്നലെ അസാധാരണ ജി-20 ഉച്ചകോടി നടന്നത്. നിലവിൽ ജി-20 അധ്യക്ഷസ്ഥാനം വഹിക്കുന്ന സൗദി അറേബ്യ മുൻകൈയെടുത്താണ് ഉച്ചകോടി വിളിച്ചുചേർത്തത്. 
കൊറോണ മഹാമാരി ചെറുക്കുന്നതിന് വ്യത്യസ്ത തലങ്ങളിൽ ശക്തമായ മുൻകരുതൽ നടപടികൾ ആവശ്യമാണെന്ന് സൽമാൻ രാജാവ് പറഞ്ഞു. ലോകത്തെ നിരവധി രാജ്യങ്ങളിൽ ഈ മഹാമാരി ഇപ്പോഴും ജീവൻ കവരുകയും ദുരിതം വിതക്കുകയും ചെയ്യുന്നു. കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ വ്യാപിച്ച് സമ്പദ്‌വ്യവസ്ഥകളെയും ഓഹരി വിപണികളെയും ആഗോള വ്യാപാരത്തെയും വിതരണ ചെയിനുകളെയും ബാധിക്കാനിടയുണ്ട്. ഇത് വികസനത്തിനും വളർച്ചക്കും പ്രതിബന്ധം സൃഷ്ടിക്കുകയും മുൻ വർഷങ്ങളിൽ ലോകം നേടിയ ആർജിത നേട്ടങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഈ മാനുഷിക പ്രതിസന്ധിക്ക് ആഗോള പ്രതികരണം ആവശ്യമാണ്. ഈ മഹാമാരി ചെറുക്കുന്നതിന് ജി-20 രാജ്യങ്ങൾ ഒരുമിച്ചുനിൽക്കുകയും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും വേണം. 


കൊറോണ വ്യാപനം തടയുന്നതിന് സൗഹൃദ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ചേർന്ന് ആരോഗ്യ തലത്തിൽ എല്ലാവിധ മുൻകരുതൽ നടപടികളും സൗദി അറേബ്യ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങൾ സ്വീകരിച്ച ഫലപ്രദമായ നടപടികളെ പ്രശംസിക്കുകയാണ്. ഈ മഹാമാരി ചെറുക്കുന്നതിന് ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങൾ ഏകോപിപ്പിക്കുന്ന ലോകാരോഗ്യ സംഘടനക്കുള്ള പൂർണ പിന്തുണ സൗദി അറേബ്യ പ്രഖ്യാപിക്കുകയാണ്. കൊറോണ വൈറസിന് പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതിനും ഇതിനുള്ള ഗവേഷണങ്ങൾക്കും, മെഡിക്കൽ ഉപകരണങ്ങളുടെയും മറ്റു വസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനും സാമ്പത്തിക സഹായം നൽകുന്നതിലും സഹകരണം ശക്തമാക്കുന്നതിലും ജി-20 രാജ്യങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. ഇതോടൊപ്പം ഭാവിയിൽ പടർന്നുപിടിച്ചേക്കാവുന്ന പകർച്ചവ്യാധികൾ ചെറുക്കുന്നതിനുള്ള തയാറെടുപ്പുകൾ ശക്തമാക്കുകയും വേണമെന്നും സൽമാൻ രാജാവ് പറഞ്ഞു.


 

Latest News