ഇടുക്കി- കേരളത്തില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ ഇടുക്കിയിലെ പൊതു പ്രവര്‍ത്തകനും. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇദ്ദേഹം രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് നിയമസഭ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അഞ്ചോളം എംഎംഎമാരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
പൊതുപ്രവര്‍ത്തകനായതിനാല്‍ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുകയും നിരവധിപേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. പാലക്കാട്, ഷോളയാര്‍, മൂന്നാര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തി. സംഘടനായോഗങ്ങളിലും സമരങ്ങളിലും പങ്കെടുത്തതോടൊപ്പം ദേവാലയങ്ങളും ഇദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വിശധമായ റൂട്ട്മാപ്പ് തയ്യാറാക്കുന്നതിനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. അതേസമയം ഇയാള്‍ വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ല. കമ്യൂണിറ്റി ട്രാന്‍സ്മിഷന്‍ വഴിയോ, നേരത്തേ പാലക്കാട് രോഗബാധ സ്ഥിരീകരിച്ചയാളുമായി ബന്ധപ്പെട്ട് സെക്കന്ററി ട്രാന്‍സ്മിഷനോ ആവാമെന്നാണ് നിഗമനം.






