Sorry, you need to enable JavaScript to visit this website.

ഇരുട്ട് കനക്കുന്ന ലോകം

ലോകം അതിഭീതിദമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. കോവിഡ്19 എന്ന മാരക വൈറസ് മിക്കവാറും എല്ലാ രാജ്യങ്ങളിലും ഭീതി വിതച്ചിരിക്കുന്നു. ഒരുപക്ഷേ യുദ്ധകാലത്ത് പോലും ഇല്ലാത്ത വിധത്തിലുള്ള ഭയപ്പാടോടെയാണ് ലോകം ഈ മഹാമാരിയെ കാണുന്നത്. കഷ്ടിച്ച് നാല് മാസം മുമ്പ് ചൈനയിലെ വുഹാനിൽ മരണം വിതച്ചുതുടങ്ങിയ വൈറസ് ഇന്ന് ലോകത്തെ 197 രാജ്യങ്ങളിലും ടെറിട്ടറികളിലും എത്തി. 98 രാജ്യങ്ങളിൽ കോവിഡ്19 വൈറസ് മൂലം മരണം രേഖപ്പെടുത്തിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ആധാരമാക്കുന്ന വെബ്‌സൈറ്റുകളിൽ കണ്ടത്.
ലോകമെങ്ങും ഇതിനകം നാലര ലക്ഷത്തിലേറെ പേരെ വൈറസ് പിടികൂടി. ഇരുപതിനായിരത്തിലേറെ പേർ മരിച്ചു.
ജനുവരിയിൽ ചൈനയിൽ സംഹാര താണ്ഡവമാടിത്തുടങ്ങിയ കോവിഡ്19 രണ്ടാം ഘട്ടമെന്നോണം പടിഞ്ഞാറൻ യൂറോപ്പിലെത്തിയതോടെയാണ് ലോകം ശരിക്കും ഞെട്ടിവിറച്ചത്. ചൈനയിൽ തുടങ്ങി, മിക്കവാറും ചൈനയിൽ, അല്ലെങ്കിൽ കിഴക്കനേഷ്യയിൽ ഒടുങ്ങുമെന്ന് കരുതിയിരുന്ന കോവിഡ് വൈറസ് ഇപ്പോൾ ഇറ്റലിയിലും സ്‌പെയിനിലും ഇറാനിലും ഫ്രാൻസിലും ബ്രിട്ടനിലും ജർമനിയിലും നെതർലാന്റ്‌സിലുമെല്ലാം നൂറുകണക്കിനാളുകളെയാണ് ദിവസവും കൊന്നുകൊണ്ടിരിക്കുന്നത്. ഇന്ന് കോവിഡ്19 മൂലം ഏറ്റവുമധികം മരണം നടന്നിരിക്കുന്നത് ഇറ്റലിയിലാണെങ്കിൽ പുതിയ കേസുകളുടെ കാര്യത്തിൽ ലോകത്തു മുന്നിൽ നിൽക്കുന്നത് അമേരിക്കയാണ്. അധികം വൈകാതെ അമേരിക്ക മറ്റൊരു ഇറ്റലിയാവുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഈ മഹാമാരിയെ ഇപ്പോൾ പിടിച്ചുകെട്ടിയില്ലെങ്കിൽ ലോകം അതിഭയാനകമായ മഹാദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും മില്യൺ കണക്കിന് ജനങ്ങൾ മരിച്ചുവീഴുമെന്നും യു.എൻ സെക്രട്ടറി ജനറൽ 
അന്റോണിയോ ഗുട്ടറസ് ഭയപ്പെടുന്നു.
കോവിഡ് ഭീതിയിൽ അമർന്നു കഴിഞ്ഞ ലോകം അതിൽനിന്ന് മുക്തി നേടുന്നതിനായി ഇതുവരെ കേട്ടിട്ടു പോലുമില്ലാത്ത കടുത്ത നടപടികളിലേക്ക് പോയിരിക്കുന്നു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ ജനങ്ങളെ പൂർണമായും വീട്ടിലിരിക്കാൻ നിർബന്ധിക്കുന്ന ലോക്ഡൗൺ (സമ്പൂർണ അടച്ചുപൂട്ടൽ) പ്രഖ്യാപിച്ചു. മൂന്നാഴ്ചത്തെ നിശാനിയമം (കർഫ്യൂ) പ്രഖ്യാപിച്ചതോടെ സൗദി അറേബ്യയും ഭാഗിക ലോക്ഡൗണിലായി. 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ലോക ജനസംഖ്യയിൽ മൂന്നിലൊന്നും വീടുകളിൽ അടക്കപ്പെട്ട അവസ്ഥയാണ്.
ലോക്ഡൗൺ എന്നാൽ രാജ്യം അക്ഷരാർഥത്തിൽ നിശ്ചലമാവുകയാണ്. ജനജീവിതം പാടെ സ്തംഭിക്കും. മനുഷ്യന്റെ അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടതല്ലാത്ത ഒന്നും ചലിക്കില്ലെന്ന് ചുരുക്കം. ഫാക്ടറികൾ നിലയ്ക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തിക്കില്ല. പൊതുഗതാഗത സംവിധാനം നിശ്ചലമാവും. ഇതിന്റെയെല്ലാം ചുവടുപിടിച്ച് ചില അത്യാവശ്യ കാര്യങ്ങൾക്കും തടസ്സം നേരിടും. കൃഷിയും വിളവെടുപ്പും മുടങ്ങുന്നതും ഗാർഹികാവശ്യങ്ങളുമായി ബന്ധപ്പെട്ട പല തൊഴിലുകളും നടക്കാതെ വരുന്നതുമെല്ലാം അതിൽ പെടും. 
ഇപ്പോൾ പല രാജ്യങ്ങളിലും നിലനിൽക്കുന്ന ലോക്ഡൗൺ കൊണ്ട് ലോകത്തിന് സംഭവിക്കാൻ പോകുന്നത് കോവിഡ് മഹമാരിയേക്കാൾ വലിയ സാമ്പത്തിക ദുരന്തമായിരിക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അതിന്റെ പ്രത്യാഘാതം എത്രത്തോളമെന്ന് ഊഹിക്കാൻ പോലുമാവില്ല. മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ അത് നീണ്ടുനിൽക്കും. 
കോവിഡ് അമേരിക്കയിൽ വൻതോതിൽ മരണത്തിനിടയാക്കുമ്പോഴും വൈറസിനെ ഇല്ലാതാക്കാനായി സമ്പൂർണ ലോക്ഡൗൺ എന്ന ആശയത്തോടും ഒരിക്കലും യോജിക്കാത്തയാളാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോവിഡ് മൂലം മരിക്കുന്നതിനേക്കാൾ കൂടുതൽ പേർ ലോക്ഡൗൺ മൂലം ഉണ്ടാകുന്ന സാമ്പത്തിക തകർച്ചയും തൊഴിൽ നഷ്ടവും സൃഷ്ടിക്കുന്ന മാനസിക സമ്മർദത്താൽ ആത്മഹത്യ ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വാദം. അതൽപം അതിശയോക്തിയായി തോന്നാമെങ്കിലും തള്ളിക്കളയേണ്ട കാര്യമല്ല. ഒരു പതിറ്റാണ്ട് മുമ്പത്തെ മാന്ദ്യ കാലത്ത് നൂറുകണക്കിനാളുകളാണ് അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും മാനസികമായി തകർന്നു ജീവനൊടുക്കിയത്.
ലോക്ഡൗണിലേക്ക് പോകും മുമ്പു തന്നെ കോവിഡ് വൈറസ് ലോക സമ്പദ്‌വ്യവസ്ഥയെ ബാധിച്ചുതുടങ്ങിയിരുന്നു. മനുഷ്യന്റെ ശ്വാസകോശത്തിൽ കടന്ന് ശ്വാസം മുട്ടിച്ച് കൊല്ലുന്നതു പോലെ, സാമ്പത്തിക രംഗവും വൈറസിന്റെ ആഘാതത്തിൽ ശ്വാസം മുട്ടുകയാണ്. ട്രാവൽ, ടൂറിസം രംഗമാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 
ലോകത്തെ മിക്കവാറും എല്ലാ എയർലൈനുകളും വിമാനങ്ങൾ നിലത്തിറക്കി. ഹോട്ടലുകൾ അതിഥികളില്ലാതെ ശൂന്യം. ടൂറിസം കമ്പനികളുടെ പ്രവർത്തനവും നിലച്ചു. ലക്ഷക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഈ മേഖലകളിൽ ബില്യൺ കണക്കിന് ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഉംറക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടായത് കോടികളുടെ നഷ്ടമാണ്. ലോകം കോവിഡിനെ അതിജീവിക്കുകയും ഈ വ്യവസായങ്ങളെല്ലാം വീണ്ടും ചലിച്ചുതുടങ്ങുകയും ചെയ്താലും പതിനായിരങ്ങൾക്ക് തൊഴിൽ നഷ്ടം ഉറപ്പാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
സ്‌പോർട്‌സും വിനോദ വ്യവസായവുമാണ് വമ്പൻ തിരിച്ചടി നേരിട്ട മറ്റു രണ്ട് മേഖലകൾ. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സ് ഒരു വർഷത്തേക്ക് നീട്ടിവെച്ചു. ഈ വർഷം ജൂലൈയിൽ ടോക്കിയോയിൽ നടക്കാനിരുന്ന ഒളിംപിക്‌സ് മാറ്റിവെക്കാതിരിക്കാൻ ജപ്പാനും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും പരമാവധി ശ്രമിച്ചെങ്കിലും വിവിധ രാജ്യങ്ങളിൽനിന്നുള്ള സമ്മർദത്തിനു മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല.
ഈ വർഷം ജൂൺ, ജൂലൈയിൽ നടക്കേണ്ട യൂറോ കപ്പ് ഫുട്‌ബോളും അടുത്ത വർഷത്തേക്ക് മാറ്റി. ബില്യൺ കണക്കിന് ഡോളറിന്റെ ബിസിനസ് കൂടിയായ യൂറോപ്പിലെ പ്രമുഖ ഫുട്‌ബോൾ ലീഗുകളെല്ലാം അനിശ്ചിത കാലത്തേക്ക് നീട്ടി. കോടികൾ മറിയുന്ന ഇന്ത്യയിലെ ഐ.പി.എൽ തൽക്കാലം ഏപ്രിലിലേക്ക് നീട്ടിവെച്ചു. എന്നാൽ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ഐ.പി.എൽ ഈ വർഷം നടത്താനാവില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അമേരിക്കയിലെ പണക്കൊഴുപ്പുള്ള എൻ.ബി.എ അടക്കം പ്രമുഖ ലീഗുകളും ടൂർണമെന്റുകളുമെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. പ്രമുഖ ടെന്നിസ് ടൂർണമെന്റുകളും നിർത്തിവെച്ചു.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സിനിമാ തിയേറ്ററുകൾ അടച്ചത് ഇന്ത്യയിൽ കോടികളുടെ ബിസിനസാണ് ഇല്ലാതാക്കിയത്. മാത്രമല്ല, സർക്കാറുകൾക്ക് വലിയ തോതിൽ നികുതി നഷ്ടവും. രാജ്യത്ത് സിനിമാ നിർമാണവും എതാണ്ട് നിർത്തിവെച്ചിരിക്കുകയാണ്. ആയിരക്കണക്കിന് കോടികളുടെ ബിസിനസാണ് ഇന്ത്യൻ സിനിമ. അതിനേക്കാൾ പണക്കൊഴുപ്പുള്ളതാണ് ഹോളിവുഡ്. അവിടെയും സ്ഥിതി വ്യത്യസ്തമല്ല. ഹോളിവുഡ് ആസ്ഥാനമായ ലോസ് ആഞ്ചലസ് അടങ്ങുന്ന കാലിഫോർണിയ സ്റ്റേറ്റ് ലോക്ഡൗണിലാണ്.
കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതം ഇവിടം കൊണ്ടൊന്നും അവസാനിക്കില്ല. തൊഴിൽനഷ്ടവും വരുമാന നഷ്ടവും മൂലം ആളുകളുടെ വാങ്ങൽ ശേഷി കുറയുന്നത് മിക്ക വ്യവസായങ്ങളെയും ബാധിക്കും. ജപ്പാനിലെ മിക്കവാറും എല്ലാ കാർ നിർമാതാക്കളും ഉൽപാദനം നിർത്തിവെക്കുകയോ, വെട്ടിച്ചുരുക്കുകയോ ചെയ്തു. വാഹനങ്ങളും അനുബന്ധ വ്യവസായങ്ങളും മൊബൈൽ ഫോൺ, വസ്ത്ര വ്യവസായം, ഗൃഹോപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ്, കോസ്മറ്റിക്‌സ് എന്നുവേണ്ട എല്ലാ തരം വ്യവസായങ്ങളും തിരിച്ചടി നേരിട്ടുതുടങ്ങി. ചൈനയിൽ കോവിഡ് പ്രതിസന്ധി മൂലം അമ്പത് ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടെന്നാണ് കണക്ക്. ഇത് 90 ലക്ഷം വരെയാകാമെന്ന് നിഗമനമുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഒരു ശതമാനം കണ്ട് വർധിച്ചു. ജി.ഡി.പി വളർച്ചയാകട്ടെ, മൈനസിലേക്ക് പോകുമെന്നാണ് സൂചന.
ഇന്ത്യയിൽ ലോക്ഡൗൺ ഏറ്റവും വലിയ ആഘാതമേൽപിക്കാൻ പോകുന്നത് കോടിക്കണക്കിന് വരുന്ന ദിവസക്കൂലിക്കാരായ സാധാരണ തൊഴിലാളികളെയാണ്. രാജ്യത്തെ മൊത്തം തൊഴിൽ ശേഷിയുടെ മൂന്നിൽ രണ്ടിലേറെയും ഇത്തരക്കാരാണ്. 
മൂന്നാഴ്ചക്കാലം പുറത്തിറങ്ങാനാവാതെയും ജോലിക്ക് പോകാനാവാതെയും ഇരിക്കേണ്ടിവന്നാൽ ഈ വിഭാഗത്തിന്റെ ജീവിതം പട്ടിണിയാവും. കൃഷിയും വിളവെടുപ്പും മത്സ്യബന്ധനവും നിർമാണ പ്രവർത്തനങ്ങളും ചെറുകിട സ്ഥാപനങ്ങളുടെ പ്രവർത്തനവും സ്തംഭിക്കുന്നതു മൂലമുള്ള സാമ്പത്തിക തിരിച്ചടി വേറെ. സാധാരണക്കാരെ ഉദ്ദേശിച്ച് 15,000 കോടിയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് യഥാർഥ ആവശ്യത്തിന്റെ ഒരംശം പോലും വരില്ല.
കൊറോണ വ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗം ആളുകൾ തമ്മിലുള്ള ഇടപെടലുകൾ കുറയ്ക്കുക എന്നതായിരിക്കേ ലോക്ഡൗൺ പോലുള്ള കടുത്ത നടപടികൾ സർക്കാറുകൾ കൈക്കൊള്ളുന്നതിനെ കുറ്റം പറയാനാവില്ല. പക്ഷേ അതുമൂലം ലോക സമ്പദ്‌വ്യവസ്ഥക്കുണ്ടാകുന്ന ആഘാതം കൊറോണയേക്കാൾ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. അതിനാവണം ലോക നേതാക്കൾ ഊന്നൽ കൊടുക്കേണ്ടത്. 
ഇന്ത്യയിൽ ലോക്ഡൗൺ മൂലം ദിവസ വരുമാനം നഷ്ടപ്പെടുന്ന വിഭാഗങ്ങൾക്ക് ആശ്വാസമെത്തിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ശ്രദ്ധ നൽകണം. അതിനു പുറമെ ഇപ്പോഴത്തെ പ്രതിസന്ധി അതിജീവിക്കുകയും വ്യവസായങ്ങൾ ചലിച്ചുതുടങ്ങുകയും ചെയ്യുമ്പോൾ തൊഴിൽ നഷ്ടമുണ്ടാകുന്നത് പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ പ്രസിഡന്റ് ട്രംപിന്റെ ആശങ്ക യാഥാർഥ്യമായേക്കാം.
 

Latest News