Sorry, you need to enable JavaScript to visit this website.

അകന്നിരുന്ന് കൈകോർക്കാം

ലോകമൊന്നാകെ മഹാമാരിയുടെ കെടുതിയിലാണ്. ആകാശ നീലിമയിൽ പാറി നടന്ന പറവകളെപ്പോലെ പറന്നു നടന്ന മനുഷ്യൻ കൂട്ടിലടച്ച കിളിയെപ്പോലെയായിരിക്കുന്നു. എല്ലാം ഉണ്ട്, എന്നാൽ ഒന്നും ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ. ഭരണാധികാരികൾക്ക് അധികാരവും ചെങ്കോലുമുണ്ട്, എന്നിട്ടും നിസ്സഹായതയുടെ നെടുവീർപ്പുകൾ. എല്ലാം തങ്ങളുടെ കൈക്കുള്ളിലെന്ന അഹങ്കാരത്തോടെ മാരകശേഷിയുള്ള ആയുധങ്ങളുണ്ടാക്കി മനുഷ്യരെ പരസ്പരം തമ്മിലടിപ്പിച്ച് സർവതും സ്വന്തമാക്കി ഊറ്റം കൊണ്ടിരുന്നവർ നഗ്നനേത്രങ്ങൾ കൊണ്ടു പോലും കാണാൻ കഴിയാത്ത ചെറു കീടാണുവിനെ വരുതിയിലാക്കാൻ കഴിയാതെ കീഴടങ്ങിയിരിക്കുന്നു. പരസ്പരം ഇടപഴകാനാവാതെ അകലം പാലിക്കൂ....അകലം പാലിക്കൂ... എന്ന മുറവിളിയാണെങ്ങും. ഇതു തിരിച്ചറിവിന്റെ കാലമാണ്. അകന്നിരുന്നായാലും ജാതിയുടെയോ, മതത്തിന്റെയോ, രാജ്യങ്ങളുടെയോ അതിർവരമ്പുകളില്ലാതെ പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യേണ്ട കാലമാണിത്. 
പ്രവാസി സംഘടനകൾക്ക് ഇക്കാര്യത്തിൽ ഒട്ടേറെ ചെയ്യാനുണ്ട്. ദിനേനയെന്നോണം ചർച്ചകളും സമ്മേളനങ്ങളും സ്വീകരണങ്ങളും സംഘടിപ്പിച്ചും പാട്ടും കൂത്തുമെല്ലാം ഒരുക്കിയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരായും തിരക്കോടു തിരക്കുമായി നടന്നിരുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർക്കും അവർ നേതൃത്വം വഹിച്ചിരുന്ന സംഘടനകൾക്കും ഇതു ഒഴിവുകാലമാണ്. വിശ്രമത്തിന്റെ ദിനങ്ങളാണ്. ദീർഘ വിശ്രമം അലസതക്കു വഴിമാറാമെന്നിരിക്കേ മഹാമാരിയിൽ അകപ്പെട്ടവർക്കും കെടുതിക്കെതിരെ പോരാടുന്നവർക്കും ഇതിന്റെ അനന്തരഫലമായി കഞ്ഞികുടി മുട്ടിയവർക്കും സഹായങ്ങൾ എത്തിക്കേണ്ട സമയമാണിത്. അതോടൊപ്പം സർക്കാറുകളുടെ ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളായും നിയന്ത്രണങ്ങൾക്കു പ്രവർത്തകരെ പ്രേരിപ്പിച്ചും കൊറോണയെന്ന വൈറസ് ഭീകരനെ തുരത്താൻ വിശ്രമമില്ലാതെ പണിയെടുക്കേണ്ട സമയമാണിത്. പഴയതു പോലെ ആൾകൂട്ടമൊരുക്കിയോ, കൂട്ടായിറങ്ങി സഹായമെത്തിക്കുകയോ അല്ല വേണ്ടത്, അകന്നിരുന്നും കർമോത്സുകരാവാനുള്ള തന്ത്രങ്ങളാണ് മെനയേണ്ടത്. അതിനു തക്ക പ്രാപ്തരായ സംഘാടക മികവ് പ്രവാസി സംഘടനകൾക്കുണ്ട്. അതുകൊണ്ട് ഇതു ഉണരേണ്ട സമയമാണ്. സാമൂഹിക പ്രതിബദ്ധത തെളിയിക്കപ്പെടേണ്ട കാലമാണിത്. അകലം പാലിച്ച് കൈകോർക്കേണ്ട നിമിഷങ്ങളാണിത്. 
വ്യക്തികളും രാജ്യങ്ങളും മാത്രമല്ല, ലോകമൊന്നാകെ ഇന്ന് ക്വാറന്റൈനിലാണ്. ഇതുമൂലം ഏറെ കഷ്ടത്തിലായത് ദിനേന ജോലി ചെയ്തു നിത്യവൃത്തി കണ്ടിരുന്നവരാണ്. അവരിൽ പലരുടെയും അടുപ്പുകൾ പുകയാത്ത  അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇക്കൂട്ടത്തിൽ വിദേശത്തു കഴിയുന്ന പ്രവാസികളുമുണ്ട്. ചെറിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തും നടത്തിയും പുറത്തിറങ്ങിയിരുന്ന പൊതുജനങ്ങളെ മാത്രം ആശ്രയിച്ച് അന്നന്നത്തെ അഷ്ടിക്കു വക കണ്ടെത്തിയിരുന്നവരെല്ലാം നിത്യവൃത്തിക്കു വകയില്ലാതെ വിഷമിക്കുകയാണ്. കരുതലായി സൂക്ഷിക്കാൻ മാത്രം വരുമാനമില്ലാതിരുന്ന ഇക്കൂട്ടർ ഇന്നു വറുതിയുടെ എരിചട്ടിയിലാണ്. അവരെ ആശ്രയിച്ച് നാട്ടിൽ കഴിയുന്ന കുടുംബങ്ങളുടെ അവസ്ഥ അതിലുമേറെ കഷ്ടത്തിലാണ്. ഈ കുടുംബങ്ങളുടെ അടുപ്പുകളിൽ തീ പുകയാതെ പോകരുത്. അഭിമാനത്തിന്റെ മൂടുപടമിട്ട് നാലു ചുമരുകൾക്കുള്ളിൽ അവരുടെ വികാര വിചാരങ്ങളും വിശപ്പും കെട്ടടങ്ങരുത്. അവരുടെ വികാര വായ്പുകളെ, പ്രയാസങ്ങളെ നാം തിരിച്ചറിയണം. അവർക്കായി അകന്നിരുന്നുകൊണ്ടു തന്നെ കൈ കോർക്കേണ്ട സമയമാണിത്. 
പ്രവാസി സംഘടനകൾ ഈ ഉത്തരവാദിത്തമാണ് ഇപ്പോൾ ഏറ്റെടുക്കേണ്ടത്. ലോകമൊന്നാകെ സ്തംഭിച്ചിരിക്കുന്ന ഈ വേളയിൽ വറുതിയുടെ അല്ലലുകൾ സംഘടനകളെയും ബാധിക്കുമെന്നതിൽ സംശയമില്ല. എങ്കിലും ഉള്ളവരെ കണ്ടെത്തി അവരുടെ സഹായങ്ങൾ തേടിയും ഉള്ളതു പങ്കുവെച്ചും നിലനിൽപിനായി പൊരുതുന്നുവർക്ക് ആശ്വാസം പകരാൻ പ്രവാസി സംഘടനകൾ മുന്നിട്ടിറങ്ങണം. സാമൂഹിക മാധ്യമങ്ങൾക്ക് ഇത്രയേറെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഈ കാലഘട്ടത്തിൽ കാണാമറയത്തിരുന്നായാലും സാമൂഹിക പ്രവർത്തനം നടത്തുക പ്രയാസമുള്ള കാര്യമല്ല. സഹായങ്ങൾ എത്തിക്കാൻ കൂട്ടംകൂടണമെന്നുമില്ല. അല്ലാതെ തന്നെ അതിനുള്ള പോംവഴികൾ കണ്ടെത്തി ദുരിതമനുഭവിക്കുന്നവരുടെ ദുരിമതമകറ്റാൻ, അവർക്ക് ആശ്വാസം പകരാൻ സാധിക്കും. ആദ്യം അവരവരുടെ സംഘടനകൾക്കും കൂട്ടായ്മകൾക്കും അകത്തുള്ളവരുടെ ക്ഷേമമാണ് അന്വേഷിക്കേണ്ടത്. അഭിമാന ബോധത്താൽ പലരും പ്രയാസങ്ങളെ കുഴിച്ചുമൂടി ഒതുങ്ങിക്കഴിയുന്നുണ്ടാവും. അത്തരക്കാരെ ആദ്യം കണ്ടെത്തി ആശ്വാസം പകരാൻ ശ്രമിക്കണം. തുടർന്ന് സഹായ ഹസ്തങ്ങൾ പുറത്തേക്കും എത്തിക്കാനുള്ള പരിശ്രമവും ഉണ്ടാവണം. 
അടിക്കടി ഉണ്ടായ രണ്ടു പ്രളയങ്ങളെ അതിജീവിക്കാൻ കൊച്ചു കേരളത്തിനു കഴിഞ്ഞത് ഈ സഹകരണ മനോഭാവം, പ്രത്യേകിച്ച് പ്രവാസികളുടെ കൈയയച്ചുള്ള സഹായങ്ങളാണ്. വീണ്ടും അത്തരത്തിലുള്ള ഒരു പ്രവർത്തനത്തിനു സമയമായിരിക്കുന്നു. അകലം പാലിക്കേണ്ടതുള്ളതിനാൽ അതിനു കഴിയുമോ എന്ന സംശയമായിരിക്കും പലർക്കും. തീർച്ചയായും അതിനു സാധിക്കും. വിചാരിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല. മലയാളി പ്രവാസികൾ അതു തെളിയിച്ചിട്ടുള്ളതാണ്. കേരളത്തിന്റെ വികസന വളർച്ചയുടെയും സാമൂഹിക പ്രതിബദ്ധതയുടെയുമെല്ലാം ആണിക്കല്ല് പ്രവാസികളാണ്. പ്രാണരക്ഷാർഥം നാട്ടിലേക്ക് ഓടിച്ചെന്ന പ്രവാസികളായ ചിലർക്കെങ്കിലും തിക്താനുഭവങ്ങളുണ്ടായിട്ടുണ്ടാകാമെങ്കിലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകപോക്കലിന്റെയും സമയമല്ലിത്. ഐക്യപ്പെടലിന്റെയും സ്‌നേഹം പങ്കിടലിന്റെയും കൊടുക്കൽ വാങ്ങലുകളുടെയും സമയമാണിത്. ബ്രേക് ദ ചെയിനിൽ പങ്കാളികളാവുന്നതു പോലെ അകന്നിരുന്ന് സ്‌നേഹത്തിന്റെ, സഹായത്തിന്റെ ചങ്ങലകളുടെ കണ്ണികൾ തീർക്കാൻ പ്രവാസികളായ നാം ഈ അവസരം ഉപയോഗിക്കണം.
 

Latest News