തിരുവനന്തപുരം- കേരളത്തില്‍ പുതുതായി 19 ആളുകള്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒന്‍പത് പേര്‍ കണ്ണൂര്‍ ജില്ലയിലുള്ളവരും മൂന്ന് പേര്‍ മലപ്പുറവും മൂന്ന് പേര്‍ കാസര്‍ഗോഡ് ജില്ലയിലുള്ളവരുമാണ്. ഇവര്‍ക്ക് പുറമേ തൃശൂരില്‍ രണ്ട് പേര്‍ക്കും വയനാട് ,ഇടുക്കി ജില്ലകളില്‍ ഓരോരുത്തര്‍ വീതവും കോവിഡ് -19 ബാധിതരാണ്. വയനാട് ജില്ലയില്‍ ആദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ ഇന്ന് ആശുപത്രി വിട്ടു. പുതിയ റിപ്പോര്‍ട്ടുകള്‍ വന്നതോടെ കേരളത്തില്‍ കൊവിഡ്-19 ബാധിതര്‍ 138 പേരായി ഉയര്‍ന്നു. 1,20,003 പേര്‍ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 1342 പേരുടെ സാമ്പിള്‍ കൊറോണ പരിശോധനക്കായി അയച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതികള്‍ക്ക് തുടക്കമായിട്ടുണ്ട്. പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും സൗകര്യങ്ങളൊരുക്കി ഭക്ഷണ വിതരണം ഉടന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ക്ഷേമപെന്‍ഷനുകളുടെ വിതരണം നാളെ തുടങ്ങും. റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്കും റേഷന്‍കടകള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യും. 236000 പേര്‍ ഉള്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേനയ്ക്ക് ഉടന്‍ രൂപംനല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.