Sorry, you need to enable JavaScript to visit this website.

കൊറോണക്കാലത്തെ പഠനം ടെലിവിഷനിലും ഇൻർനെറ്റിലും

കൊറോണ വൈറസ് വ്യാപനത്തിനെതിരായ ജാഗ്രതയുടെ ഭാഗമായി സ്‌കൂളുകളും കോളേജുകളും സർവകലാശാലകളും അടച്ചിരിക്കെ ലോകമെമ്പാടും സാങ്കേതിക വിദ്യ അടിസ്ഥാനമാക്കായാണ് പഠനം. അറബ് രാജ്യങ്ങളിലടക്കം ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്‌കൂൾ കുട്ടികൾ ഇപ്പോൾ വീട്ടിലിരുന്ന് തന്നെ പാഠങ്ങൾ പഠിക്കുന്നു. ടെലിവിഷനുകളും ടാബുകളുമാണ് കുട്ടികൾ പ്രധാനമായുംആശ്രയിക്കുന്നത്.
കോവിഡ് 19 പടരാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായാണ് സ്‌കൂളുകൾ അടച്ചുപൂട്ടിയതെങ്കിലും നിലവിൽ തന്നെ അറബ് മേഖലയിലെ വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചിരിക്കയാണ് പുതിയ നിയന്ത്രണങ്ങൾ.  
മേഖലയിൽ ദാരിദ്ര്യം ബാധിച്ച പല രാജ്യങ്ങളിലും ഇന്റർനെറ്റ് സൗകര്യം വേണ്ടത്ര ലഭ്യമല്ല. ഇതിനിടയിലാണ് അദ്ധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും സ്‌കൂൾ വർഷത്തിലെ ബാക്കി പാഠ ഭാഗങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഒരുപോലെ ശ്രമിക്കുന്നത്.
സിറിയ, യെമൻ തുടങ്ങിയ സംഘർഷബാധിത രാജ്യങ്ങൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നിലവിൽതന്നെ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കൊറോണ വൈറസ് പ്രതിസന്ധിക്ക് മുമ്പുതന്നെ അറബ് ലോകത്തെ 30 ലക്ഷത്തിലധികം കുട്ടികൾക്ക്  സ്‌കൂൾ വിദ്യാഭ്യാസം നഷ്ടപ്പെട്ടിരുന്നു, സിറിയ, ഇറാഖ്, ലിബിയ, യെമൻ എന്നിവിടങ്ങളിൽ 8,850 ൽ അധികം സ്‌കൂളുകൾ തകർക്കപ്പെട്ടു. 
ലിബിയയിൽ യുദ്ധത്തിനിടയിലും മിഡിൽ, സെക്കൻഡറി സ്‌കൂൾ കുട്ടികൾക്കായി നിർബന്ധിത പാഠങ്ങൾ സംപ്രേഷണം ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം പ്രാദേശിക ടെലിവിഷൻ സ്റ്റേഷനുകളുമായി കരാറിൽ ഏർപ്പെട്ടിരുന്നു.
സഹപാഠികളോടും അധ്യാപകരോടുമൊപ്പം ക്ലാസ്സിൽ ഇരിക്കുന്നതുപോലെ വിദ്യാർഥികൾക്കു തോന്നുംവിധമായിരുന്നു ഇതെന്ന് വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അമരി സായിദ് പറയുന്നു. 
കുട്ടികൾ വീട്ടിലിരുന്നു പഠിക്കണമെന്നും അത് ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലെ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ മഹ്ദി അൽ നാമി പറയുന്നു. ഇതിനുള്ള പ്രത്യേക ഉത്തരവാധിത്തം അമ്മമാരിലാണ് വന്നു ചേരുന്നതെന്ന്  ബാങ്ക് ജീവനക്കാരി സലിമ അബ്ദുൽ അസീസ് ചൂണ്ടിക്കാണിക്കുന്നു.
24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന ജോർദാനിൽ, ഒരു സ്‌പോർട്‌സ് ചാനൽ  വിദ്യാഭ്യാസത്തിനുള്ള സംപ്രേഷണ നിലയമായി സ്വയം മാറി. കർഫ്യൂ ലംഘിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ഉത്തരവാണ് ജോർദാനിൽ നിലവിലുള്ളത്. 


ഗൃഹപാഠങ്ങൾ അയക്കാനും സ്വീകരിക്കാനും തിരുത്തലുകൾ അടയാളപ്പെടുത്തി മടക്കിനൽകാനും ലിബിയൻ സ്‌കൂളുകൾ ഇൻറർനെറ്റും വാട്ട്സ്ആപ്പും  ഉപയോഗിക്കുന്നു.
2018 ലെ കണക്കുകൾ പ്രകാരം, രാജ്യത്തെ 95 ലക്ഷം ജനങ്ങളിൽ ഏകദേശം 90 ലക്ഷം ആളുകൾക്ക് ഇന്റർനെറ്റ് സൗകര്യമുണ്ട്. എന്നാൽ ഓൺലൈൻ പഠന സംവിധാനം ഒരിക്കലും വിദ്യാർഥികൾക്ക് ചോദ്യങ്ങൾ ചോദിക്കാനും അധ്യാപകരുമായി സംവദിക്കാനും കഴിയുന്ന സ്‌കൂളിലെ ക്ലാസുകൾക്ക് സമാനമാകില്ലെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളും പറയുന്നത്. 
കോവിഡ് -19 വൈറസ് പടരാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി സ്‌കൂളുകൾ അടച്ചതിനുശേഷം ഇലക്ട്രോണിക് മാധ്യമങ്ങളിലേക്ക് മാറാൻ ഇറാഖിൽ അധികൃതർ അധ്യാപകർക്ക് നിർദേശം നൽകിയിരുന്നു. 
അതേസമയം, മാസങ്ങൾ നീണ്ട സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ശേഷം കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള പഠന വിലക്ക് വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാണെന്ന് ബാഗ്ദാദിലെ കോളേജ് പ്രൊഫസർ ഹനീൻ ഫാറൂഖ് പറഞ്ഞു. വിദൂര പഠനത്തിനായി തന്റെ സ്വകാര്യ കോളേജിൽ സ്‌കൂൾ വർക്ക് ആപ്ലിക്കേഷനായ ഗൂഗിൾ ക്ലാസ് റൂം തെരഞ്ഞെടുത്തതെന്നും അവർ പറയുന്നു. ഓരോ ദിവസവും പാഠങ്ങൾ പി.ഡി.എഫ്  ഫോർമാറ്റിലാണ് വിദ്യാർഥികൾക്ക് അയക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, സ്‌കൂളുകളും കോളേജുകളും തുറന്നാൽ വീണ്ടും തുറന്നാൽ എല്ലാം ആവർത്തിക്കേണ്ടി വരുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു.  
കൊറോണ വ്യാപന പശ്ചാത്തലത്തിൽ ഫലസ്തീൻ പ്രദേശമായ വെസ്റ്റ് ബാങ്കിലും അധികൃതർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.  സർക്കാർ സ്‌കൂളുകളിലെ അധ്യാപകർ 100 വിദ്യാർത്ഥികളെ ഒരേസമയം പഠിപ്പിക്കാൻ സാധിക്കുന്ന സൂം ആപ്പാണ് ഇവിടെ ഉപയോഗിക്കുന്നത്. വിദ്യാർഥികളിൽ ഭൂരിഭാഗവും മൊബൈൽ ഫോണുകളിലാണ് സൂം ഉപയോഗിക്കുന്നത്.
വൈറസിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നേരത്തെ തന്നെ പ്രതിസന്ധി നേരിടുന്ന വിദ്യാഭ്യാസ മേഖലയെ പൂർണമായും തകർക്കുകയാണ്. മിഡിൽ ഈസ്റ്റിലുടനീളമുള്ള 63 ശതമാനം കുട്ടികളിൽ  10 വയസ്സായ കുട്ടികൾക്കുപോലം  ലളിതമായ വാചകം വായിക്കാനോ മനസിലാക്കാനോ കഴിയുന്നില്ലെന്ന് ഈ വർഷം ആദ്യം യുഎൻ ചിൽഡ്രൻ ഏജൻസിയായ യുണിസെഫ് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 
80 ലക്ഷം സ്‌കൂൾ കുട്ടികളുള്ള മൊറോക്കോയിലെ വിദ്യാഭ്യാസ മന്ത്രാലയം ടെലിവിഷനിലും ഇന്റർനെറ്റിലും പാഠങ്ങൾക്കായി  ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ പോലും കമ്പ്യൂട്ടറില്ലാത്ത കുടുംബങ്ങളിൽ വിദൂര പഠനത്തിന്റെ പ്രധാന ഉപകരണമായി ടെലിവിഷനാണ് ഉപയോഗിക്കുന്നത്. 
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള അറബ് രാജ്യമായ ഈജിപ്തിൽ പകുതിയിലേറെ പേർക്ക് ഇന്റർനെറ്റ് ലഭ്യമാണെങ്കിലും  പഠനത്തിന് ടെലിവിഷൻ സംപ്രേഷണം ഉപയോഗിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഈജിപ്തിലെ പബ്ലിക് സ്‌കൂളുകളിൽ ഏകദേശം 22 ദശലക്ഷം വിദ്യാർഥികളാണുള്ളത്. എല്ലാ ക്ലാസുകൾക്കും വ്യത്യസ്ത പാഠങ്ങളുള്ള ഒരു പുതിയ വെബ്‌സൈറ്റ് ഈജിപ്ത്  വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞയാഴ്ച ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഇന്റർനെറ്റ് ലഭ്യതക്കുറവ് ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക്  ഓൺലൈൻ പഠനം സാധ്യമാക്കില്ല. 
അൾജീരിയയിലും തുനീഷ്യയിലും വസന്തകാല അവധി പ്രഖ്യാപിച്ചിരിക്കെയാണ് കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗൺ പ്രാബല്യത്തിൽ വന്നത്. അതുകൊണ്ടുതന്നെ ബദൽ പഠന മാർഗങ്ങൾ ഏർപ്പെടുത്താതെ തന്നെ അവധിക്കാലം നീട്ടിയിരിക്കയാണ്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ഇൻറർനെറ്റ് ആപ്ലിക്കേഷൻ വഴിയുള്ള പഠനം പുരോഗമിക്കുന്നു. സാങ്കേതിക വിദ്യകൾ വഴി ഈ രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് മികച്ച പഠന സൗകര്യമൊരുക്കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 



 

Latest News