ദീപക് മിശ്ര പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂദല്‍ഹി- സുപ്രീം കോടതിയുടെ 45-ാമത് ചീഫ് ജസ്റ്റിസായി ദീപക് മിശ്ര സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജായ ജസ്റ്റിസ് മിശ്ര 2018 ഒക്ടോബര്‍ വരെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ പദവിയില്‍ തുടരും. 1977-ല്‍ അഭിഭാഷകനായി തുടങ്ങിയ മിശ്ര 1996-ല്‍ ഒറീസ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായാണ് ജുഡീഷ്യല്‍ സര്‍വീസിലെത്തുന്നത്. 1997-ല്‍ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജായി. 2009-ല്‍ പട്‌ന ഹൈക്കോടതിയിലും തുടര്‍ന്ന് 2010-ല്‍ ദല്‍ഹി ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി. 2011-ലാണ് സുപ്രീം കോടതി ജഡ്ജായി നിയമിതനായത്.

മുംബൈ സ്‌ഫോടനക്കേസ് പ്രതി യാകൂബ് മേമന്റെ വധശിക്ഷയും നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയും ശരിവച്ചതുള്‍പ്പെടെ ശ്രദ്ധേയമായ വിധികളിലൂടെ ജസ്റ്റിസ് മിശ്ര ഏറെ ശ്രദ്ധിക്കപ്പെട്ടു. പോലീസ് കേസെടുത്താല്‍ 24-മണിക്കൂറിനകം എഫ് ഐ ആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന വിധിയും മിശ്രയുടേതായിരുന്നു. കോടതിയിലെത്തുന്ന ബാലിശമായ ഹര്‍ജികളിലും കര്‍ക്കശമായ നിലപാട് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.

Latest News