കോവിഡ് നേരിടാന്‍ കൂടുതല്‍ സംവിധാനങ്ങളൊരുക്കണം; സോണിയയുടെ കത്ത്

ന്യൂദല്‍ഹി- കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് പിന്തുണ അറിയിച്ചും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി.
അനിശ്ചിതാവസ്ഥയും വെല്ലുവിളിയും നേരിടുന്ന ഈ സമയത്ത് പാര്‍ട്ടി വ്യത്യാസം മറന്ന് ഒന്നിക്കേണ്ടതിന്റെ ആവശ്യകത ഉണര്‍ത്തയി അവര്‍, കോവിഡ് മഹാമാരി നേരിടുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പു നല്‍കി.

15,000 കോടി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ടെങ്കിലും കൊറോണ നേരിടുന്നതിനായി നേരിട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സുരക്ഷിത വസ്ത്രങ്ങളും എന്‍ 95 മാസ്‌കുകളും ലഭ്യമാക്കുകയാണ് പ്രധാനമെന്ന് സോണിയ ചൂണ്ടിക്കാട്ടി.

വ്യക്തിപരമായ സംരക്ഷണത്തിന് ഉപകരണങ്ങളില്ലാത്തതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ ബാധക്കിരയാകില്ലെന്ന് ഉറപ്പുവരുത്താന്‍ ഇത്തരം സാമഗ്രികളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണ്.

ആവശ്യത്തിന് ആശുപത്രി ബെഡുകളും ഐസൊലേഷന്‍ കേന്ദ്രങ്ങളും ലഭ്യമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ എല്ലാ വിവരങ്ങളും യഥാസമയം പങ്കുവെക്കുന്നതിന് പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത സോണിയ കത്തില്‍ ചൂണ്ടിക്കാട്ടി.

ലോകത്ത് മികച്ച ആരോഗ്യരക്ഷാ സംവിധാനങ്ങളുള്ള രാജ്യങ്ങളില്‍ പോലും കോവിഡ് രോഗികളുടെ വര്‍ധന വലിയ പ്രശ്‌നമായിരിക്കയാണ്. അതുകൊണ്ടുതന്നെ വന്‍തോതില്‍ ഐ.സി.യുകളും വെന്റിലേറ്ററുകളും ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

 

Latest News