ആരും വിശന്നിരിക്കേണ്ടിവരില്ല; അഞ്ച് കിലോ അരി കൂടി സൗജന്യം

ന്യൂദല്‍ഹി- കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പാവപ്പെട്ടവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്. ഒരാളും വിശന്നിരിക്കേണ്ടിവരില്ലെന്ന് ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. ആശുപത്രികളിലെ ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്കാണ് ഇന്‍ഷുറന്‍സ്. ഇതിനകം കൊറോണ വൈറസ് നിയന്ത്രണ വിധേയമാകുമെന്നാണു കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. 15,000 രൂപ വരെ വേതനം ലഭിക്കുന്ന ജീവനക്കാരുടെ പി.എഫ് വിഹിതവും തൊഴിലുടമയുടെ വിഹതവും സര്‍ക്കാര്‍ അടക്കും.

80 കോടി പൗരന്മാരെ ഉള്‍ക്കൊള്ളുന്നതാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജ. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം ഇതില്‍ വരും. നിലവില്‍ ഒരോ ആള്‍ക്കും അഞ്ച് കിലോ വീതം അരിയും ഗോതമ്പും അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് അഞ്ച് കിലോ കൂടി സൗജന്യമായി നല്‍കും. പ്രാദേശിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് ഒരു കിലോ ധാന്യം കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 8.69 കോടി കര്‍ഷകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായമായി 2,000 രൂപ വീതം നല്‍കും. ഏപ്രില്‍ ആദ്യ വാരം തന്നെ ഇതു ലഭ്യമാകും. തൊഴിലുറപ്പ് കൂലി വര്‍ധിപ്പിച്ചിട്ടുണ്ട്. വിധവകള്‍ക്ക് ആയിരം രൂപ നല്‍കും. വനിതകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടില്‍ മൂന്നുമാസം 500 രൂപ വീതം നല്‍കും. എട്ടുകോടി പാവപ്പെട്ട കുടുംബങ്ങള്‍ക്കു സൗജന്യ എല്‍പിജി സിലിണ്ടര്‍ അനുവദിക്കും. ഉജ്വല ആനുകൂല്യം ലഭിക്കുന്നവര്‍ക്കാണ് സൗജന്യ സിലണ്ടര്‍ ലഭിക്കുക.

 

Latest News