ചെരിപ്പ് വഴി കൊറോണ നമ്മുടെ താമസ സ്ഥലത്ത് എത്തുമോ? പുതിയ ആശങ്ക

ന്യൂദല്‍ഹി-ലോകത്തെമ്പാടും ഭീതി പരത്തുന്ന കോവിഡ് 19 നെ കുറിച്ച് ഓരോ ദിവസവും കൂടുതല്‍ അറിവുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും അത് എങ്ങനെയൊക്കെ ബാധിക്കുമെന്ന കാര്യത്തിലുള്ള സംശയങ്ങളും വര്‍ധിക്കുന്നു.

കൂടുതല്‍ ആളുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പലവ്യഞ്ജനകടകളിലും മറ്റും പോകുമ്പോള്‍ ധരിക്കുന്ന ചെരിപ്പുകള്‍ വഴി കൊറോണ വീട്ടിലെത്തുമോ എന്നതാണ് പുതിയ ചോദ്യം.

ചെരിപ്പുകളും ഷൂകളും വഴി കൊറോണ വൈറസ് വീടുകളില്‍ എത്തിയതിനു ഇതുവരെ തെളിവുകളില്ലെന്ന് പൊതുജനാരോഗ്യ സ്‌പെഷലിസ്റ്റ് കരോള്‍ വിന്നറെ ഉദ്ധരിച്ച് ഹഫിംഗടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍സ് (സിഡിസി) നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് പ്രധാനമെന്നാണ് അവരുടെ അഭിപ്രായം. കൈകള്‍ കൊണ്ട് മുഖം സ്പര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും കൈകള്‍ ചുരുങ്ങിയത് 20 സെക്കന്‍ഡെങ്കിലുമെടുത്ത് നന്നായി കഴുകണമെന്നുമാണ് സി.ഡി.സി നിര്‍ദേശങ്ങള്‍.
ആളുകളില്‍നിന്ന് ആളുകളിലേക്ക് പടര്‍ന്നതിനല്ലാതെ, ചെരിപ്പില്‍നിന്ന് ആളുകളിലേക്ക് പടര്‍ന്നതിന് തെളിവില്ലെന്നും ഡോ. വിന്നര്‍ പറയുന്നു.
കൊറോണ വൈറസിന് എത്ര സമയം ചെരിപ്പുകളില്‍ ജീവിക്കാന്‍ കഴിയുമെന്നതിനെ കുറിച്ച് ഇതുവരെ കൃത്യമായ പഠനം നടന്നിട്ടില്ല.
കൊറോണ ബാധിച്ചയള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തെറിക്കുന്ന തുള്ളികളിലുടെയാണ് രോഗം പടരുന്നതെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ വൈറസിന് പ്രതലങ്ങളില്‍ തങ്ങാന്‍ കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്.

കാര്‍ഡ്‌ബോര്‍ഡുകളില്‍ വൈറസിന് 24 മണിക്കൂറും സ്‌റ്റെയിന്‍ലെസ് സ്റ്റീലിലും പ്ലാസ്റ്റിക്കിലും രണ്ട് മുതല്‍ മൂന്ന് ദിവസംവരേയും ജീവനണ്ടാകുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ഇതുചൂണ്ടിക്കാട്ടി പലവ്യഞ്ജന കടകളിലും ജോലിസ്ഥലങ്ങളിലും പോകുമ്പോള്‍ ധരിക്കുന്ന ചെരിപ്പുകള്‍ വൈറസിന്റെ സ്രോതസ്സാകാമെന്നാണ് കുടുംബ ഡോക്ടറായ ജോര്‍ജീന്‍ നാനോസ് അഭിപ്രായപ്പെടുന്നത്. 12 മണിക്കൂറും കൂടുതലും വൈറസ് ഉപരിതലത്തില്‍ ജീവിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കെ അതില്‍ ചെരിപ്പുകളും ഉള്‍പ്പെടുമെന്നാണ് നാനോസിന്റെ അഭിപ്രായം.

ചെരിപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ അഞ്ച് ദിവസംവരെ വൈറസ് ജീവിക്കുമെന്ന് പകര്‍ച്ചവ്യാധി സ്‌പെഷലിസ്റ്റ് മേരി എ സ്‌കിമിത്ത് പറയുന്നു.

കൊറോണ വൈറസ് ഉള്‍ക്കൊള്ളുന്ന തുമ്മല്‍ തുള്ളികള്‍ തീര്‍ച്ചയായും ചെരിപ്പുകളിലും പതിക്കാമെന്നും ചെരിപ്പിലുള്ള സിന്തറ്റിക് വസ്തുക്കളില്‍ ഏതാനും ദിവസം വരെ ജീവിക്കാമെന്നും ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് പറയുന്നുണ്ടെങ്കിലും ഡോ. കരോള്‍ വിന്നറും സമ്മതിക്കുന്നു.

 

Latest News