Sorry, you need to enable JavaScript to visit this website.

വിമാനങ്ങളുടെ ചിറകടിയില്ല; ആളും ആരവവുമില്ലാതെ കരിപ്പൂർ വിമാനത്താവളം

കൊണ്ടോട്ടി - ദിനേന മൂവായിരത്തിലേറെ യാത്രക്കാരും അതിലരിട്ടി യാത്രയയപ്പിനും സ്വീകരണത്തിനും എത്തുന്നവരാലും ജന നിബിഡമായിരുന്ന കരിപ്പൂർ വിമാനത്താവളം പടയൊഴിഞ്ഞ പടക്കളം പോലെയായി. കോവിഡ്-19 രോഗം വ്യാപിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര-ആഭ്യന്തര വിമാനങ്ങൾ പൂർണമായും നിർത്തിയതോടെയാണ് കരിപ്പൂരിൽ ആളും ആരവവുമില്ലാതെയായത്.
ദിനേന 80 ലേറെ വിമാന സർവീസുകൾ കരിപ്പൂരിലുണ്ട്. ഇവയിൽ കൂടുതലും ഗൾഫിലേക്കുളള വിമാനങ്ങളായിരുന്നു. യാത്രക്കാരില്ലാതായതോടെ കസ്റ്റംസും എമിഗ്രേഷൻ ഓഫീസുകളും അതോറിറ്റി പ്രവർത്തനവും പേരിനു മാത്രമായി.

കേന്ദ്ര സുരക്ഷാ സേനയുടെ കാവലിലാണ് വിമാനത്താവളം. യാത്രക്കാരെ സ്വീകരിക്കാനും യാത്രയക്കാനുമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകളെത്തുന്ന വിമാനത്താവളമാണ് കരിപ്പൂർ വിമാനത്താവളം. കരിപ്പൂരിൽ വിമാനങ്ങൾ നിന്നതോടെ സമീപത്തെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും അടച്ചു.   കോവിഡ്-19 സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ കരിപ്പൂർ വിമാനത്താവളം വഴി എത്തിയവരായിരുന്നു. ഇതിൽ കാസർകോട് സ്വദേശിയായ യുവാവ് ഒരു ദിവസത്തോളം കരിപ്പൂരിലും പരിസരത്തുമായി ചുറ്റിക്കറങ്ങിയിരുന്നു. ഇതിനെ തുടർന്ന് മേഖലയിലെ മൂന്ന് ഹോട്ടലുകൾ അടക്കേണ്ട ഗതികേടിലായി. ആളുകൾക്കും എയർപോർട്ട് ജീവനക്കാർക്കും ആരോഗ്യ വകുപ്പും പോലീസും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കസ്റ്റംസ്, എമിഗ്രേഷൻ ഉദ്യോഗസ്ഥരടക്കം മുൻകരുതലായി വീട്ടിൽ നിരീക്ഷണത്തിലാണ്. വിമാനത്താളത്തിൽ ടാക്‌സി ജീവനക്കാർ, മറ്റു കരാർ ജീവനക്കാരടക്കം വിമാനങ്ങൾ നിർത്തിയതോടെ തൊഴിൽ രഹിതരായി.


 

Latest News