Sorry, you need to enable JavaScript to visit this website.

പ്രതിസന്ധി നേരിടാൻ യു.ഡി.എഫ് രംഗത്തിറങ്ങും -ചെന്നിത്തല

തിരുവനന്തപുരം - സംസ്ഥാനത്തെ അതീവ ഗുരുതരമായ അവസ്ഥാ വിശേഷം തരണം ചെയ്യാൻ പ്രതിപക്ഷ എം.എൽ.എമാരും യു.ഡി.എഫ് പ്രവർത്തകരും കൈ, മെയ് മറന്ന് രംഗത്തിറങ്ങണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ പരീക്ഷണ ഘട്ടത്തിൽ ജനങ്ങളുടെ മുന്നിൽ തന്നെ യു.ഡി.എഫ് ഉണ്ടാവുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
എം.എൽ.എമാർ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്: ഐസൊലേഷനിൽ കഴിയുന്നവർക്കും കുടുംബത്തിനും സാമൂഹ്യ പിന്തുണയും പരിചരണവും നൽകണം. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ച് സമൂഹത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് ഉറപ്പ് വരുത്തണം. വയോജനങ്ങൾ, സാന്ത്വന ചികിത്സയിൽ ഉള്ളവർ, പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ, തീരദേശ വാസികൾ, ചേരികളിൽ താമസിക്കുന്നവർ, കെയർ ഹോമുകളിലെ അന്തേവാസികൾ, തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളികൾ, അതിഥി തൊഴിലാളികൾ എന്നിവരുടെ ഭക്ഷണം, മരുന്ന്, ആശുപത്രി യാത്രകൾ എന്നിവ മുടക്കം ഇല്ലാതെ നടക്കുന്നു എന്ന് ഉറപ്പാക്കണം.


പരിസര ശുചിത്വം ഉറപ്പ് വരുത്തണം. ഹെൽത്ത് കമ്മിറ്റികൾ, ആരോഗ്യ ജാഗ്രതാ സമിതികൾ, എമർജൻസി റെസ്പോൺസ് ടീമുകൾ എന്നീ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പ് വരുത്തണം.  ഭക്ഷ്യ ക്ഷാമം ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണം.  അത് പോലെ തന്നെ മരുന്ന് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണം. കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.


ആശുപത്രികളിൽ ആവശ്യത്തിനുള്ള ഐ സി യു കിടക്കകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, ആംബുലൻസുകൾ എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. സമൂഹ വ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിൽ രോഗികളെ ഐസൊലേറ്റ് ചെയ്യാനുള്ള ഒഴിഞ്ഞ് കിടക്കുന്ന ആശുപത്രികൾ, ഹോസ്റ്റലുകൾ, സ്‌കൂളുകൾ, ഹോസ്റ്റലുകൾ, ഓഡിറ്റോറിയങ്ങൾ, വീടുകൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.
ലോക്ക്ഡൗൺ കാലഘട്ടത്തിൽ കോവിഡിന് പുറമെ മറ്റ് സാധാരണ രോഗങ്ങൾ ബാധിച്ച രോഗികൾക്കും ആശുപത്രിയിലെത്താൻ കഴിയാത്ത അവസ്ഥ ഉണ്ടാവും. അവരെ ആശുപത്രികളിലെത്തിക്കാൻ മുൻകൈ എടുക്കണം. ലോക്ക്ഡൗൺ കാരണം പട്ടിണിയിലായിപ്പോവുന്നവരെ സഹായിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

 

Latest News