അറാർ - ഉത്തര അതിർത്തി പ്രവിശ്യയിൽ കൊറോണ കേസുകളുമായി ബന്ധപ്പെട്ട് വ്യാജ വിവരം പ്രചരിപ്പിച്ച ഈജിപ്ഷ്യൻ ഡോക്ടറുടെ തൊഴിൽ കരാർ ഉത്തര അതിർത്തി പ്രവിശ്യ ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചു. പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണത്തെ കുറിച്ച് കൃത്യമല്ലാത്ത വിവരങ്ങൾ ഉൾപ്പെടുത്തിയ വോയ്‌സ് ക്ലിപ്പിംഗ് ആണ് ഈജിപ്ഷ്യൻ ഡോക്ടർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഔദ്യോഗികമായി പരസ്യപ്പെടുത്താത്ത വിവരങ്ങളാണ് ഡോക്ടറുടെ വോയ്‌സ് ക്ലിപ്പിംഗിലുണ്ടായിരുന്നത്. ഇത് പ്രവിശ്യാ നിവാസികളെ ഭീതിയിലാക്കിയിരുന്നു. തുടർന്നാണ് ക്ലിപ്പിംഗ് പ്രചരിപ്പിച്ച ഡോക്ടറെ ഉത്തര അതിർത്തി പ്രവിശ്യ പിരിച്ചുവിട്ടത്. കൊറോണ വൈറസിനെ കുറിച്ച വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ സമീപിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.






