കൊറോണയ്ക്ക് എച്ച്‌ഐവി മരുന്ന്; കേരളത്തില്‍ ആദ്യ പരീക്ഷണം വിജയം, ബ്രിട്ടീഷ് പൗരന്‍ രോഗവിമുക്തനായി

കൊച്ചി: എയിഡ്സ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് കോവിഡ് 19 രോഗികളില്‍ പരീക്ഷിച്ച കേരളത്തിന് പ്രതീക്ഷ നല്‍കുന്ന പരിശോധനാഫലം. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന രോഗിക്ക് എച്ച്ഐവി മരുന്ന് നല്‍കി മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് ആയതായി എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് പൗരനാണ് ചികിത്സയുടെ ഭാഗമായി നല്‍കിയ എച്ച്ഐവി ആന്റി‌റെട്രോവൈറല്‍ മരുന്നുകൾ അത്ഭുതകരമായ ഫലം ഉണ്ടാക്കിയത്. എച്ച്ഐവി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് ഏഴു ദിവസം നൽകിയത്. 

മരുന്ന് നൽകി മൂന്നാം ദിവസം നടത്തിയ സാമ്പിൾ പരിശോധനയിൽതന്നെ ഫലം നെഗറ്റീവായി. തുടര്‍ന്ന് മാർച്ച് 23 ന് എടുത്ത അടുത്ത പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെ മെഡിക്കല്‍ സംഘം ഔദ്യോഗികമായി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ജില്ലാ ഭരണകൂടവും സംഭവം സ്ഥിരീകരിച്ചു.

നേരത്തേ, ക്വാറന്റീനിലായിരിക്കെ അനധികൃതമായി നെടുമ്പാശേരി വഴി ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ അധികൃതര്‍ പിടികൂടി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്ത ടൂറിസ്റ്റിനാണ് ഇപ്പോള്‍ ഫലം നെഗറ്റീവ് ആയിരിക്കുന്നത്. സംസ്ഥാന മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ രോഗിയുടെ സമ്മതപ്രകാരമാണ് ആന്റി വൈറല്‍ ഡ്രഗ് പരീക്ഷിച്ചത്. ഇന്ത്യയിൽ ജയ്പൂരിലെ എസ്എംഎസ് ആശുപത്രി കഴിഞ്ഞാൽ ഇവിടെ മാത്രമാണ് ഈ ഡ്രഗുകള്‍ കൊറോണ രോഗിയില്‍ ഉപയോഗിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ചൈനയിലെ വുഹാനില്‍ ഇവ നേരത്തെ പരീക്ഷിച്ചിരുന്നു. 


മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവി ചികിത്സയ്ക്ക് മേൽനോട്ടം നല്‍കി . ഡോ. ഫത്താഹുദ്ദീൻ, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേഷ് മോഹൻ, ഡോ.ഗീത നായർ എന്നിവരാണ് ചികിത്സാ സംഘത്തിലുള്ളത്.
 

Latest News