കൽപറ്റ- ദേശവ്യാപകമായി ലോക്ക്ഡൗൺ നിലനിൽക്കെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്നു ചൊവ്വാഴ്ച പുലർച്ചെ മുതൽ ഇന്നലെ രാവിലെ 11 വരെ അതിർത്തി ചെക്‌പോസ്റ്റുകളിൽ എത്തിയ മലയാളികൾക്കു വയനാട്ടിൽ പ്രവേശനം അനുവദിച്ചു. ഇവരെ മുഴുവൻ ജില്ലയിലെ വിവിധ കോവിഡ് കെയർ സെന്ററുകളിലേക്കു മാറ്റി. സെന്ററുകളിൽ കഴിയുന്നവരെ ലോക്ക്ഡൗൺ കാലാവധി കഴിഞ്ഞേ സ്വന്തം നാടുകളിലേക്കു പോകാൻ അനുവദിക്കൂവെന്നു ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ല പറഞ്ഞു. ബാവലിയിലും മുത്തങ്ങയ്ക്കു സമീപവും അതിർത്തി ചെക്‌പോസ്റ്റുകളിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും അടക്കം 200 ഓളം പേരെ കലക്ടർ ഇടപെട്ടതിനെത്തുടർന്നാണ് വയനാട്ടിൽ പ്രവേശനം അനുവദിച്ച് കോവിഡ് കെയർ സെന്ററുകളിലേക്കു മാറ്റാൻ മുഖ്യമന്ത്രി നിർദേശിച്ചത്. പ്രവേശനം അനുവദിച്ചതിൽ വയനാട് സ്വദേശികളെ പോലും വീടുകളിലേക്കു പോകാൻ അനുവദിച്ചില്ല. ബംഗളൂരു, മൈസൂരു ഭാഗങ്ങളിൽനിന്നു ദേശീയപാത 766ലൂടെയും ഹാൻഡ്‌പോസ്റ്റ് വഴിയും സ്വകാര്യ വാഹനങ്ങളിൽ വന്നവരെ കർണാടകയിലെ മദ്ദൂർ, ബാവലി ചെക്‌പോസ്റ്റുകളിൽ തടഞ്ഞിരുന്നു. ഇവിടെ നിന്നു കടത്തിവിട്ട മലയാളികളെ കേരള അതിർത്തികളിലും തടയുകയായിരുന്നു.
അതിർത്തിയിൽ കുടുങ്ങിയവർ ഭക്ഷണവും വെള്ളവും ഉൾപ്പെടെ കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്.
സർക്കാർ ഉത്തരവനുസരിച്ച് അന്തർസംസ്ഥാന അതിർത്തികൾ 23നു അടച്ചതാണ്. എങ്കിലും ചൊവ്വാഴ്ച നിരവധിയാളുകൾ കർണാടക പരിധിയിലെ അതിർത്തി ചെക്‌പോസ്റ്റുകളിൽ കുടുങ്ങി. വിവരം അറിഞ്ഞു വയനാട് ജില്ലാ ഭരണകൂടം മൈസൂരു, ചാമരാജ്‌നഗർ ജില്ലാ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ടതിനെത്തുടർന്നാണ് ചെക്‌പോസ്റ്റുകൾ തുറന്നുകൊടുത്തത്. അതിർത്തി കടന്നെത്തിയ മുഴുവൻ ആളുകളെയും അവരവരുടെ ജില്ലകളിലേക്കു പോകാനും അനുവദിച്ചു.
ഇന്നലെ അതിർത്തികളിൽ കുടുങ്ങിയ മലയാളികൾക്കു തിരിച്ചറിയൽ രേഖ പരിശോധിച്ചാണ് ജില്ലയിൽ പ്രവേശനം അനുവദിച്ചത്. മേൽവിലാസം അടക്കം വിവരം ശേഖരിച്ചശേഷമാണ് ആളുകളെ കോവിഡ് കെയർ സെന്ററുകളിലേക്കു മാറ്റിയത്. ഇവർക്കു ഭക്ഷണം ഉൾപ്പെടെ സൗകര്യം ലഭ്യമാക്കും. ലോക്ക്ഡൗൺ പ്രാബല്യത്തിലായപ്പോൾ ഒരാൾ എവിടെയാണോ അവിടെത്തന്നെ കാലാവധി കഴിയുന്നതുവരെ തുടരണമെന്നാണ് നിർദേശമെന്നു ജില്ലാ കലക്ടർ പറഞ്ഞു. നിർദേശം കർശനമായി നടപ്പിലാക്കുമെന്നു അവർ അറിയിച്ചു.






