Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീർപ്പുമുട്ടുന്ന നാടിന് മുൻ പ്രവാസിയുടെ സ്‌നേഹ സാന്ത്വനം

സുരേഷ് തന്റെ വാഹനത്തിൽ കൊറോണ ദുരിതാശ്വാസ സാധനങ്ങൾ വാങ്ങുന്നതിനായി കോട്ടയം നഗരത്തിൽ എത്തിയപ്പോൾ.

കോട്ടയം - കൊറോണയുടെ അടച്ചുപൂട്ടലിൽ സാന്ത്വനമായി ഗൾഫ് മലയാളി. സൗദി അറേബ്യയിലെ തായിഫിൽ കാൽനൂറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച മറ്റത്തിൽ സുരേഷ് കുമാറിന്റെ ഈ ദിനങ്ങൾ ജീവകാരുണ്യത്തിന്റേതു മാത്രമാണ്. കോവിഡ് ഭീതിയിൽ നാട് അടച്ചതോടെ വീർപ്പുമുട്ടലിലായ കുടുംബങ്ങളെ തേടി സുരേഷിന്റെ മാരുതി വാൻ എത്തുന്നു, അരിയും ഭക്ഷ്യവസ്തുക്കളുമായി. കോവിഡ് ദുരിതാശ്വാസ ദൗത്യത്തിൽ തന്റെ പങ്കുമായി.

അയ്മനം ഒളശ്ശ ഗ്രാമമാണ് സുരേഷിന്റെ ജന്മനാട്. ഇവിടെ സമീപത്തുളള ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെയാണ് സുരേഷ് സഹായിക്കുന്നത്. നഗരത്തിലെത്തി സാധനങ്ങൾ വാങ്ങി മാരുതി വാൻ സ്വയം ഓടിച്ച് നാട്ടിലേക്ക്. പോലീസിന്റെ കർശന പരിശോധനയുളളതിനാൽ വാങ്ങാനുളള സാധനങ്ങളുടെ ലിസ്റ്റും സഹായം നൽകാൻ ഉദ്ദേശിക്കുന്നവരുടെ പട്ടികയുമായാണ് യാത്ര. പോലീസ് കൈകാട്ടുമ്പോൾ യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കും. 

ഇന്നലെ നഗരത്തിലെത്തി 22 പേർക്ക് നൽകാനുളള സാധനങ്ങളാണ് വാങ്ങിയത്. അഞ്ചു കിലോ അരിയും മറ്റ് അവശ്യസാധനങ്ങളും അടങ്ങിയ കിറ്റ്. ഗുണഭോക്താക്കളെ കണ്ടെത്തുന്നത് പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെയാണ്. അതിനുശേഷം വീടുകളിലെത്തി ഇവ കൈമാറുന്നു. സുരേഷിന്റെ മനസിലെ നന്മ നാട്ടുകാർ ഏറെ അറിഞ്ഞതാണ്. വേനൽ ജല ദൗർലഭ്യത്തിനിടെ കോവിഡ് കൂടി എത്തിയതോടെ വെള്ളത്തിനായി നാട് നെട്ടോട്ടത്തിലാണ്. ഈ അവസരത്തിൽ വീടിന് മുന്നിൽ പൊതുടാപ്പ് സ്ഥാപിച്ച് കുടിവെള്ളം നൽകുകയാണ് സുരേഷ്. കഴിഞ്ഞ പ്രളയത്തിലും സുരേഷ് തന്റെ ദൗത്യം തുടർന്നിരുന്നു.

25 വർഷത്തെ പ്രവാസ ജീവിതത്തോട് വിട നൽകി 2018 ലാണ് നാട്ടിലെത്തുന്നത്. സൗദിയിലെപ്പോലെ തന്നെ വെൽഡിംഗ് വർക്ക്‌ഷോപ്പ് തുടങ്ങി. മറ്റത്തിൽ വെൽഡിംഗ് വർക്‌സ് എന്നാണ് നാട്ടിലെ സ്ഥാപനത്തിന്റെ പേര്. ഒപ്പം റൂഫ് വർക്ക്‌സും ചെയ്യുന്നു. മുംബൈയിൽനിന്നു സൗദിയിലെത്തി ജീവിതം കരുപ്പിടിപ്പിച്ച സുരേഷിന് ഇന്നലെകളിലേക്ക് തിരിയുമ്പോൾ സന്തോഷവും സംതൃപ്തിയും മാത്രം. സൗദിയിലെ ജീവിതം നാട്ടിൽ സ്വന്തം കാലിൽ നിൽക്കാനുളള തുണയായി. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബവും സുരേഷിന് തണലായി ഒപ്പമുണ്ട്. 

Latest News