കല്‍പറ്റ-വയനാട്ടില്‍ കൊറോണ പ്രതിരോധത്തിനു ഉപയോഗപ്പെടുത്തുന്നതിനു രാഹുല്‍ഗാന്ധി എം.പി 8,000 മാസ്‌കും 420 ലിറ്റര്‍ സാനിറൈസറും ലഭ്യമാക്കി. പ്രതിരോധ സാമഗ്രികള്‍ എം.പി ഓഫീസ് മുഖേന ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലക്കു കൈമാറി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ആകെ 20,000 മാസ്‌കും 1,000 ലിറ്റര്‍ സാനിറ്റൈസറുമാണ് എം.പി നല്‍കിയത്. 50 തെര്‍മല്‍ സ്‌കാനര്‍ നേരത്തേ ലഭ്യമാക്കിയിരുന്നു. മണ്ഡലത്തിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു എം.പി വയനാട്, കോഴിക്കോട്, മലപ്പുറം കലക്ടര്‍മാരുമായി ബന്ധപ്പെട്ടിരുന്നു.
അതിനിടെ, വയനാട് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്നലെ സന്ധ്യവരെ വിവിധ കേസുകളിലായി 48 പേരെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. 23 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിരോധനാജ്ഞ ലംഘനത്തിനു ജില്ലയില്‍ 156 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി വയനാട്ടില്‍ 412 പേര്‍ കൂടി നിരീക്ഷണത്തിലായി. വിദേശത്തുനിന്നു എ്ത്തിയവരടക്കം 1,926 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ മൂന്നു പേര്‍ ആശുപത്രിയിലും മറ്റുള്ളവര്‍ വീടുകളിലുമാണുള്ളത്. ജില്ലയില്‍ ഇതുവരെ കൊറോണ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇതിനകം പരിശോധനയ്ക്കു അയച്ച സാംപിളുകളില്‍ എട്ട് എണ്ണത്തില്‍ ഫലം ലഭിക്കാനുണ്ട്,
ജില്ലയിലെ 14 ചെക് പോസ്റ്റുകളിലായി 1,127 വാഹനങ്ങളിലായി എത്തിയ 2,038 ആളുകളെ സ്‌ക്രീനിംഗിനു വിധേയമാക്കി. ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.