കൊറോണ ലോക്ക് ഡൗണ്‍: ബീഹാര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍

പാട്‌ന- കൊറോണ വ്യാപനത്തെ നേരിടാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിഹാര്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ബിഹാര്‍ സ്വദേശികളെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് നിതീഷ് മുകാര്‍ സര്‍ക്കാരിനെതിരെ  മുന്‍ ജെഡിയു നേതാവുകൂടിയായ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയത്.

"നൂറുകണക്കിന് ദരിദ്രരായ ബീഹാരികള്‍ ദല്‍ഹിയിലും മറ്റ് ഇതര പ്രദേശങ്ങളിലും നിതീഷ് കുമാര്‍ കാരണം കുടുങ്ങിക്കിടക്കുകയാണ്. എല്ലാ സര്‍ക്കാരുകളും സ്വന്തം ജനങ്ങളെ സഹായിക്കുമ്പോള്‍ ബീഹാര്‍ സര്‍ക്കാര്‍ മാത്രം ജനങ്ങളെ സഹായിക്കുകയോ അടിയന്തിര സേവനം എത്തിക്കുകയോ ചെയ്യാത്തത്? നിതീഷ് കുമാറിനെ ഓര്‍ത്ത് താന്‍ ലജ്ജിക്കുന്നു" പ്രശാന്ത് കിഷോര്‍ ആഞ്ഞടിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

വിവാദമായ പൗരത്വ നിയമം നടപ്പിലാക്കുന്നതില്‍ നിതീഷ് കുമാറിനെ പരസ്യമായി വിമർശിച്ചതിന് ശേഷം ജനുവരിയിൽ ജെഡിയുവിൽ നിന്ന് പ്രശാന്ത് കിഷോര്‍ പുറത്താക്കപ്പെട്ടിരുന്നു.
 

Latest News