Sorry, you need to enable JavaScript to visit this website.

ചില കൊറോണക്കാല ചിന്തകൾ

കോവിഡ് ഭീഷണിയെ തുടർന്ന് മാനവ രാശിയുടെ വലിയൊരു ഭാഗം സ്വന്തം വീടുകളിൽ കഴിയുകയാണ്. വീടില്ലാത്ത ലക്ഷക്കണക്കിനു പേരുടെ അവസ്ഥ ദയനീയം തന്നെ. പലർക്കും ചികിത്സ പോയിട്ട് ഭക്ഷണം പോലും ലഭിക്കുന്നില്ല. ഇവരുടെ എണ്ണമൊന്നും പല കണക്കുകളിലും വരുന്നുമില്ല.
അതേസമയം മാനവ രാശിക്ക് നിരവധി പാഠങ്ങൾ നൽകാൻ ഈ സന്ദർഭം കാരണമായിട്ടുണ്ട്. ഈ വൻ ദുരന്തത്തെ അതിജീവിക്കുകയാണെങ്കിൽ അവയിൽ പല പാഠവും ഭാവിയിലേക്കു ഗുണം ചെയ്യുമെന്നുറപ്പ്. അതിർത്തിയുടെയും ഭാഷയുടെയും മതത്തിന്റെയും വംശത്തിന്റെയും ലിംഗത്തിന്റെയും മറ്റും പേരിലുള്ള അതിർത്തികൾ മായുന്ന പ്രക്രിയക്ക് ഈ മഹാമാരി ആക്കം കൂട്ടുന്നു എന്നതു തന്നെയാണ് പ്രധാനം. എടുത്തുപറയത്തക്ക ഒരു മാറ്റം ചൂണ്ടിക്കാട്ടാം. പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളുമൊക്കെ വരുമ്പോൾ ഏതെങ്കിലും വിഭാഗത്തെ അതിനു കാരണമാക്കി ഒറ്റപ്പെടുത്തുന്ന അവസ്ഥ അടുത്ത കാലം വരെ നിലവിലുണ്ടായിരുന്നു. അതിന്റെ അടിത്തറ മിക്കപ്പോഴും വംശീയതയും ജാതീയതയും തന്നെയായിരുന്നു. അത്തരം ചില വിഭാഗങ്ങളാണ് സാംക്രമിക രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനും പടരുന്നതിനും കാരണക്കാരെന്ന പ്രചാരണം വ്യാപകമായി നടന്നിരുന്നു. 
പ്ലേഗ് ബാധയുടെ കാരണം ജൂതരാണെന്നും  എയിഡ്സിന്റെ ഉത്ഭവം ആഫ്രിക്കയിലെ കറുത്തവരാണെന്നും കേരളത്തിലെ വസൂരിക്ക് കാരണം കീഴാളരാണെന്നുമൊക്കെ പ്രചരിപ്പിച്ചിരുന്നല്ലോ.  1853 ൽ  അമേരിക്കൻ ഐക്യനാടുകളിൽ  മഞ്ഞപ്പനി പകർച്ചവ്യാധിയുടെ സമയത്ത്, യൂറോപ്യൻ കുടിയേറ്റക്കാരാണ് ഈ രോഗത്തിന് കൂടുതൽ ഇരയാകുന്നതെന്ന് മനസ്സിലാക്കി അവരെ ആക്രമിച്ചിരുന്നു.  ചൈനയിൽ നിന്ന് ഉത്ഭവിച്ച സാർസ് പൊട്ടിപ്പുറപ്പെട്ട  സമയത്ത്, കിഴക്കൻ ഏഷ്യക്കാരെ ലക്ഷ്യമിട്ടിരുന്നു. 2014 ൽ എബോള പൊട്ടിപ്പുറപ്പെട്ടപ്പോൾ ആഫ്രിക്കക്കാരെയും. 
ഇത്തവണയും ഈ ദിശയിലുള്ള ചില നീക്കങ്ങൾ ഉണ്ടായെങ്കിലും പതുക്കെയവ ദുർബലമാവുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ ജനതയായ ചൈനീസ് വംശജർക്കെതിരെ വ്യാപകമായ പ്രചാരണം ആദ്യഘട്ടത്തിൽ നടന്നു. 
പൊതുസ്ഥലത്തു തുമ്മിയ ഒരു ചൈനക്കാരനെ അമേരിക്കയിലെ വെളുത്ത വംശീയവാദികൾ ഭീകരമായി മർദിച്ചു. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ രോഗം വ്യാപകമായപ്പോൾ ഈ വികാരത്തിനു കുറവു വന്നു. അപ്പോഴും എല്ലായിടത്തും കുടിയേറിപ്പാർക്കുന്നവർക്കെതിരായ വികാരം തീരെയില്ല എന്നു പറയാനാവില്ല. കേരളത്തിൽ പോലും അതിന്റെ സൂചനകൾ കാണാം.
എന്തായാലും ശാരീരിക അകലം കൂട്ടിയാണെങ്കിലും സാമൂഹ്യ അകലം കുറക്കാൻ ഈ അന്തരീക്ഷം സഹായകമാകുമെന്നു കരുതാം. അത് വ്യക്തികൾ തമ്മിൽ മാത്രമല്ല, രാഷ്ട്രങ്ങൾ തമ്മിലും വേണം. കോവിഡ് ബാധിച്ച രാഷ്ട്രങ്ങളിലേക്ക് ആരോഗ്യ പ്രവർത്തകരെ വിടുന്ന ക്യൂബ ലോകത്തിനുള്ള മാതൃകയാകട്ടെ.  രാഷ്ട്രങ്ങൾ തമ്മിൽ നിലനിൽക്കുന്ന ശത്രുതയും യുദ്ധങ്ങളും മാത്രമല്ല, ഭീകരവാദങ്ങളും അവസാനിക്കാൻ ഈയൊരവസരം സഹായകമായെങ്കിൽ നന്ന്. ലോകം മുഴുവൻ കീഴടക്കാനാഗ്രഹിക്കുന്ന മനഷ്യർ ഒരു സൂക്ഷ്മ ജീവിക്കു മുന്നിൽ എത്രമാത്രം നിസ്സഹായരാണെന്നു വ്യക്തമായിരിക്കുകയാണല്ലോ. തീർച്ചയായും കൊറോണക്കും വാക്‌സിനെ കണ്ടെത്തുമായിരിക്കും. അതിനെ അതിജീവിക്കുമായിരിക്കും. എന്നാൽ അപ്പോഴും വരും പുതിയ വൈറസുകൾ അഥവാ വെല്ലുവിളികൾ.
എത്രയോ തിരക്കുപിടിച്ചു നടന്നിരുന്ന മനുഷ്യരാണ് ലോകമെങ്ങും ദിവസങ്ങളായി വീട്ടിലിരിക്കുന്നത്. എന്നിട്ടും എവിടെയും വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായതായി കാണുന്നില്ല. തീർച്ചയായും ആരംഭത്തിൽ സൂചിപ്പിച്ച പോലെ ഒരു വലിയ വിഭാഗം പട്ടിണിയിലേക്ക് തള്ളിവിടപ്പെടുമെന്നതിൽ സംശയമില്ല. അതിനുള്ള പരിഹാരം കാണണം. അതോടൊപ്പം യന്ത്രങ്ങളായി മാറാതെ മനുഷ്യത്വം തിരിച്ചുപിടിക്കാനുള്ള സമയം കൂടിയാണത്. കഴിവതും പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള തീരുമാനമാണ് ഇപ്പോഴെടുക്കേണ്ടത്. തീർച്ചയായും പ്രകൃതിയിൽ നിന്ന് ആവശ്യമുള്ളവ സ്വീകരിക്കണം. എന്നാൽ ആവശ്യമുള്ളവ മാത്രം. 
അതല്ലല്ലോ ഇപ്പോൾ നടക്കുന്നത്. അതിന്റെ അനന്തര ഫലം ഇപ്പോൾ ആഗോള താപനത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും എത്തിയിരിക്കുന്നു. ഈ ദിശയിലുള്ള തിരിച്ചറിവുകളുടെ അവസരമായി കൊറോണക്കാലത്തെ മാറ്റുകയാണ് മനുഷ്യ രാശി ചെയ്യേണ്ടത്. മാത്രമല്ല, എത്രയോ ജീവി വർഗങ്ങളുടെ വംശനാശത്തിനു മനുഷ്യർ ഇതിനകം കാരണമായിട്ടുണ്ട്. ഈ വിഷയത്തിൽ യുവാൽ നോവ ഹരാരിയുടെ ഒരു പുസ്തകം തന്നെയുണ്ട്. ഇനിയെങ്കിലും അതു തിരിച്ചറിയാനും ജീവജാലങ്ങളിലെ പരിണാമത്തിലെ അവസാന കണ്ണിയാണ് മനുഷ്യനെന്നു മനസ്സിലാക്കാനും തയാറാകാൻ ഈ സമയം കാരണമായാൽ നന്ന്.
ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ മറ്റൊരു പ്രവണതയും കാണാം. പ്രകൃതിയുടെ ഭാഗമാണെന്നു നടിച്ചുകൊണ്ട് പൂർണമായും ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ ആശയങ്ങൾ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണിത്. മനുഷ്യരെ പല തട്ടുകളായി വിഭജിച്ചിരുന്ന ജാതിവ്യവസ്ഥയുടെ ഭാഗമായിരുന്നു ഇവിടെ കൈകൂപ്പലും അകലം പാലിക്കലും മറ്റും. കൊറോണയെ പ്രതിരോധിക്കുന്നതിന്റെ മുൻകരുതലുകളെ അവയുമായി താരതമ്യപ്പെടുത്തി മനുസ്മൃതി മൂല്യങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണിത്. വിവേചനവും ചൂഷണവുമില്ലാത്ത ഒരു ലോകത്തെ കുറിച്ചുള്ള സങ്കൽപത്തിൽ ആ മൂല്യങ്ങൾക്ക് ഒരു സ്ഥാനവുമില്ല. 
ആധുനിക കാല ജനാധിപത്യ - മതേതര - സാമൂഹ്യനീതി മൂല്യങ്ങളുടെ ഭാഗമായിട്ടാവണം കൊറോണക്കെതിരായും മാനവ രാശിയുടെ ഭാവിക്കു വേണ്ടിയുമുള്ള മുൻകരുതലുകൾ. ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ ലിംഗത്തിന്റെയോ മാത്രമല്ല പൗരത്വത്തിന്റെ പേരിലുമുള്ള എല്ലാ തരം വിവേചനത്തിനുമതീതമായ ഒരു ലോകത്തെ സങ്കൽപിക്കാനാണ് ഈ കൊറോണക്കാലം ആഗോള മനുഷ്യർ ചെലവഴിക്കേണ്ടത്.

Latest News