Sorry, you need to enable JavaScript to visit this website.

കൊറോണ: അറിയേണ്ട കുറെ കാര്യങ്ങൾ

എഴുത്തും വായനയും അറിയാവുന്നവരും ഏതെങ്കിലുമൊരു മീഡിയയുടെ സാമീപ്യം അനുഭവിക്കുന്നവരുമായ ആളുകളൊന്നടങ്കം ഇന്നു ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് കൊറോണയെക്കുറിച്ചാണല്ലോ. 
സമീപ കാലത്തൊന്നും മനുഷ്യരാശി ഇങ്ങനെ ഒരൊറ്റ വിഷയത്തിൽ ആമഗ്നരാകുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ഭൂമിയിലെ മനുഷ്യ വ്യവസ്ഥയെ സമൂലം പിടിച്ചുലച്ച കൊറോണ എന്ന അദൃശ്യ ജീവി ആരാണ്? കുതിച്ചു പായുകയായിരുന്ന എല്ലാ പ്രതിഭാസങ്ങളെയും നിരങ്കുശം നിശ്ചലമാക്കാൻ അതിനെങ്ങനെ കഴിയുന്നു? കൊറോണാനന്തര ലോകം അതിനു മുമ്പുള്ള താളം വീണ്ടെടുക്കുമോ, അതല്ല, പരിണാമോന്മുഖമായിരിക്കുമോ? 
നാമിന്നനുഭവിക്കുന്ന ഈ വൈറസ് അറിയപ്പെടുന്നത് നോവൽ കൊറോണ വൈറസ് എന്നാണ്. ചുരുക്കപ്പേരാണ് കോവിഡ്19. ഇതുവരെ മനുഷ്യൻ കണ്ടെത്താത്ത ഇനം വൈറസായതുകൊണ്ടാണ് പുതിയ എന്നർഥമുള്ള നോവൽ എന്നു ചേർത്തു വിളിക്കുന്നത്. ഫെബ്രുവരി 11 നാണ് ലോകാരോഗ്യ സംഘടന ഈ പേരിട്ടത്. മനുഷ്യരിലൂടെ മാത്രം പകരുന്നതാണ് കോവിഡ്19. ബി.സി 229 ലാണ് കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത്. അഥവാ 2250 വർഷത്തെ പഴക്കമുണ്ട്. കൊറോണ ഒരു വൈറസ് കുടുംബത്തിന്റെ പേരാണ്. പത്തോ അതിലധികമോ വൈറസുകൾ ഈ കുടുംബത്തിലുണ്ട്. ഏഴെണ്ണം മനുഷ്യർക്ക് പിടിപെടാം. ഇതിൽ പലതും കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ, അല്ലെങ്കിൽ ഒരു സീസണിൽ നിന്നു മറ്റൊന്നിലേക്ക് മാറുമ്പോൾ മനുഷ്യരിൽ കണ്ടുവരാറുണ്ട്. അഞ്ചിലൊന്ന് ജലദോഷവും കൊറോണ കാരണമാണ് ഉണ്ടാകുന്നത്. വൈറൽ ഫീവറെന്ന് നാം വിളിക്കും. എന്നാൽ മൂന്നിലൊന്നു പേരിലേ ലക്ഷണങ്ങൾ കാണിക്കാറുള്ളൂ. മിക്ക ആളുകൾക്കും ഇതു പിടിപെടാറുണ്ടെങ്കിലും ശരീരത്തിന്റെ പ്രതിരോധ ശക്തി കൊണ്ട് രോഗലക്ഷണങ്ങൾ പുറത്തു കാണിക്കാതെ അവസാനിക്കാറാണ് പതിവ്. ചിലർക്കത് ജലദോഷവും പനിയും ചുമയും മൂക്കൊലിപ്പുമൊക്കെയായി പ്രത്യക്ഷീഭവിക്കും. ഇതൊക്കെ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്നവയുമാണ്. കൂടുതൽ തീക്ഷ്്ണമായാൽ ന്യൂമോണിയയോ മെനിഞ്ചൈറ്റിസോ ഒക്കെയാവുകയും ചികിത്സക്കും വിശ്രമത്തിനും വിധേയമാകേണ്ടി വരികയും ചെയ്യും. 
കൊറോണയെന്നാൽ ലാറ്റിൻ ഭാഷയിൽ കിരീടമെന്നാണ് അർഥം. ഇംഗ്ലീഷിൽ ക്രൗൺ. ഈ വൈറസ് ഒരു ആവരണത്താൽ പൊതിയപ്പെട്ടിരിക്കയാണ്. ഈ ആവരണത്തിന്റെ പുറത്ത് തൊങ്ങലുകൾ പോലെ കിടക്കുന്ന, സൂര്യരശ്മികളെന്നു തോന്നിപ്പിക്കുന്ന കൂർത്ത മുനകളുണ്ട്. അതുകൊണ്ടാണ് ഭാവനാ സമ്പന്നതയോടെ കിരീടമെന്നു വിളിക്കുന്നത്. ജീവനുണ്ടെന്നും ഇല്ലെന്നും പറയാവുന്ന ഒരു വിഷാണുവാണ് കൊറോണ. പ്രകാശ തരംഗത്തേക്കാളും ചെറുതാണ്. അതുകൊണ്ടു സൂക്ഷ്മ നേത്രങ്ങൾക്കൊന്നും കാണാൻ പറ്റില്ല. കാലാവസ്ഥയോ പ്രതലമോ കൊറോണക്കു പ്രശ്‌നമല്ല. എവിടെയും തൂങ്ങിനിൽക്കാനറിയാം. അൽപായുസ്സാണ്. ചിലയിടങ്ങളിൽ പത്തു മണിക്കൂർ നിൽക്കുമെങ്കിൽ മറ്റിടങ്ങളിൽ രണ്ടോ മൂന്നോ ദിവസങ്ങൾ വരെ അതിജീവിക്കും. വായുവിൽ സഞ്ചരിക്കില്ല. കാറ്റിലും പാറിപ്പറക്കില്ല. 
മനുഷ്യരിലേക്ക് നേരിട്ടല്ല ഇതു വരിക. വവ്വാൽ, മറ്റു പക്ഷികൾ, മരപ്പട്ടി, വളർത്തു മൃഗങ്ങൾ മുതലായ ജീവികളുമായുള്ള സമ്പർക്കത്തിൽ നിന്നാണ് മനുഷ്യരിലേക്ക് വൈറസ് പകരുന്നത്. പിന്നീടവ മൃഗങ്ങളിലൂടെയും മനുഷ്യരിലൂടെയും വ്യാപിക്കാം. സാർസ് എന്ന പേരിൽ കൊറോണ കുടുംബത്തിലെ ഒരു പകർച്ചവ്യാധി 2002 ന്റെ അവസാനത്തിൽ പൊട്ടിപ്പുറപ്പെട്ടു. 
ഇന്ന് കോവിഡ്19 വൈറസുണ്ടായ ചൈനയിലെ വുഹാനിൽ നിന്നു തന്നെയാണ് സാർസ് രോഗവും ആരംഭിച്ചത്. ഇരുപത്തഞ്ചോളം രാജ്യങ്ങളിലായി എണ്ണായിരം പേർക്ക് രോഗം പിടിപെട്ടു. അതിൽ എണ്ണൂറോളം ആളുകൾ മരണപ്പെട്ടു. 2012 ന്റെയൊടുവിൽ മധ്യപൗരസ്ത്യ രാഷ്ട്രങ്ങളെ വിറപ്പിച്ച മറ്റൊരു മഹാമാരി കൂടി കൊറോണ വൈറസ് മൂലമുണ്ടായി. മെർസ് എന്ന പേരിലാണ് അതറിയപ്പെട്ടത്. മനുഷ്യ ശ്വസനേന്ദ്രിയങ്ങളിലാണ്  രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്. അതുകൊണ്ടാണ് റെസ്പിറേറ്ററി സിൻഡ്രോം എന്നു പൊതുവായി പേരിനൊപ്പം വരുന്നത്. തൊള്ളായിരത്തോളം ആളുകൾ മരണത്തിന് കീഴടങ്ങി. ഒട്ടകത്തിലൂടെയാണ് ഈ വൈറസ് മനുഷ്യരിലെത്തിയത്. എന്നാൽ കോവിഡ്19 പകരുന്നത് രോഗം ബാധിച്ച മനുഷ്യരിലൂടെയോ അവരുടെ സ്രവങ്ങളുമായി ബന്ധപ്പെടുന്നതിലൂടെയോ മാത്രമാണ്.
സാധാരണ ഇൻഫഌവൻസയും സാർസും മെർസും കോവിഡും തമ്മിലുള്ള വ്യത്യാസങ്ങൾ പറയാം. സാധാരണ ഇൻഫഌവൻസയിൽ മരണ നിരക്ക് വളരെ കുറവാണ് -0.01%. സാർസിൽ മരണ സംഖ്യ പത്ത് ശതമാനമായിരുന്നു. മെർസിൽ മുപ്പത്തഞ്ചും. എന്നാൽ കോവിഡ്19 വൈറസിന്റെ മരണ നിരക്ക് സാർസിനെയും മെർസിനെയുമപേക്ഷിച്ച് വളരെ കുറവാണ് -രണ്ട് മുതൽ അഞ്ച് ശതമാനം വരെ. ഈ ആശ്വാസ വാർത്തയോടൊപ്പം തന്നെ ഒരു ദുരന്ത വൃത്താന്തമുള്ളത് കോവിഡിന്റെ പ്രസരണ ശേഷിയാണ്. മറ്റു വൈറസുകൾ ഒരാളിൽനിന്ന് പകരുന്നത് 1:1.3  മുതൽ 1:2.5 എന്ന തോതിലാണെങ്കിൽ കോവിഡ് ഒരാളിൽനിന്ന് മൂന്നോ അതിലധികമോ ആളിലേക്ക് ദ്രുതവാഹിനിയായാണ് പ്രവഹിക്കുന്നത്. ഇതു തികച്ചും അസാധാരണമാണ്.
ഈ വൈറസ് ഉള്ളിലേക്കെത്തുന്നത് സ്വയമല്ല, ബാഹ്യ ഇടപെടലുകൾ നിമിത്തമാണ് -പ്രത്യേകിച്ചും നമ്മുടെ കൈവിരലുകളാൽ. വൈറസ് കൈ പ്രതലത്തിൽ പറ്റിപ്പിടിക്കുകയും വായ, കണ്ണ്, മൂക്ക് എന്നീ അവയവങ്ങളിലൊന്നിൽ കൂടി ശരീരത്തിനുള്ളിൽ പ്രവേശിക്കുകയും ശേഷം നീളമുള്ള ശ്വാസ നാളിയിൽ പ്രവേശിച്ച് അവിടെ അട്ടയെപ്പോലെ പറ്റിപ്പിടിച്ചു നിൽക്കുകയും ചെയ്യും.
വൈറസിനെ പൊതിഞ്ഞിരിക്കുന്ന ആവരണത്തിനകത്ത് കുഴമ്പ് പരുവത്തിലുള്ള മാംസളമായ ഒരു കുമിളയായാണ് കോവിഡ്. ഒരു മോതിരവട്ടം പോലെ ഉരുണ്ട ആകൃതി. വളരെ ദുർബല പ്രകൃതനാണ്. ശരീരത്തിനുള്ളിലെത്തും മുമ്പ് ചെറിയൊരു സമ്പർക്കത്തിലൂടെ ഇതിനെ നശിപ്പിക്കാനാകും. പക്ഷേ അകത്തു കടന്നാൽ ചിലപ്പോൾ ഗുരുതരമാകും. അതോരോരുത്തരുടെയും രോഗ പ്രതിരോധ ശേഷിയെ ആശ്രയിച്ചിരിക്കും. കൈകളിൽ കൂടിയാണല്ലോ ഇത് ഉള്ളിലെത്തുക. അതിനാൽ കൈകൾ സദാ ശുദ്ധമായിരിക്കണം. നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന സോപ്പ് കൊണ്ടു തന്നെ ഈ വൈറസ് നശിപ്പിക്കപ്പെടും. സോപ്പിൽ അടങ്ങിയിരിക്കുന്നത് വിരുദ്ധ ദിശയിൽ പ്രവർത്തിക്കുന്ന രണ്ട് സൂചിമുന സമാനമായ കുമിളകളുടെ സങ്കര ഘടനയാണ്. അതിലൊന്ന് തലയും വെള്ളത്തിന്റെ സാമീപ്യമിഷ്ടപ്പെടുന്നതും. മറ്റൊന്ന്, വാലും വെള്ളത്തോടു വിപ്രതിപത്തിയുള്ളതുമാണ്. 
സോപ്പ് കുമിളകളുടെ വാലറ്റം വൈറസുമായി ഉരസുമ്പോൾ വൈറസിന്റെ ആവരണം പൊട്ടുകയും മാംസളമായ വൃത്തം ചിന്നിച്ചിതറുകയും ചെയ്യുന്നു. വളരെ സൂക്ഷ്മ ജീവിയാണല്ലോ വൈറസ്. അതിനാൽ തന്നെ, ഒരൽപ സമയമെടുത്ത് കൈയുടെ എല്ലാ ഭാഗത്തേക്കും സോപ്പിന്റെ പതയെത്തുന്നെന്ന് ഉറപ്പു വരുത്തണം. അതിനാണ് ഇരുപത് സെക്കന്റിലധികമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്.

Latest News