Sorry, you need to enable JavaScript to visit this website.

അന്ന് ഫെർണാണ്ടസിന്റെ സമരം, ഇന്ന് കോവിഡ്

ഇന്ത്യൻ ജീവിതമാകെ അന്ന് റെയിൽ സമരത്തിൽ നിശ്ചലമായിപ്പോയി. റെയിലിനേക്കാൾ നല്ലത് ജയിൽ എന്നതായിരുന്നു ഫെർണാണ്ടസിന്റെ അന്നത്തെ മുദ്രാവാക്യം. ഇതു പോലുള്ള മുദ്രാവാക്യങ്ങൾക്കും സമരങ്ങൾക്കുമെല്ലാം വിലയും നിലയുമുണ്ടായിരുന്ന കാലവുമായിരുന്നു അത്. 

നാലര പതിറ്റാണ്ട് മുമ്പാണ്  സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ റെയിൽവേ ഇന്നത്തേതു പോലെ നിലച്ചുപോയത്.  അന്നങ്ങനെ സംഭവിച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമായിരുന്ന ജോർജ് ഫെർണാണ്ടസ് നയിച്ച സമരത്തിന്റെ പേരിലായിരുന്നു. ഇന്നതു ലോകം കീഴടക്കികൊണ്ടിരിക്കുന്ന മാരക വൈറസിന്റെ പേരിലാണെന്ന് മാത്രം. 1974 ലെ റെയിൽവേ സമരത്തെപ്പറ്റി പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ ഇങ്ങനെ എഴുതുന്നു: റെയിൽവേ സമരം രാജ്യത്തെ മരവിപ്പിച്ചിരുന്നു. സോഷ്യലിസ്റ്റായ ജോർജ് ഫെർണാണ്ടസാണ് സമരം നയിച്ചിരുന്നത്. ജനസഞ്ചാരവും ചരക്കു ഗതാഗതവും സ്തംഭിച്ചു. ഒരു ദശലക്ഷത്തോളം റെയിൽവേ ജീവനക്കാർ സമരത്തിൽ പങ്കെടുത്തു.  രാജ്യത്തിന്റെ വ്യവസായ കേന്ദ്രത്തിന് വേണ്ട സേവനം  നൽകിപ്പോന്ന പഞ്ചിമ റെയിൽവേ ആണ് ഏറ്റവും അധികം ബാധിക്കപ്പെട്ടത്. പല പട്ടണങ്ങളിലും രണോത്സുകമായ പ്രകടനങ്ങൾ നടന്നു. പലയിടത്തും സമാധാന പാലനത്തിന് സൈന്യം നിയോഗിക്കപ്പെട്ടു.
1973 ലായിരുന്ന  ലോക്കോ പൈലറ്റുമാരുടെ ആദ്യത്തെ സമരം. തൊട്ടു പിന്നാലെ 20 ദിവസം നീണ്ടുനിന്ന ചരിത്ര പ്രസിദ്ധമായ സമരമുണ്ടായി. ആ കൊല്ലം മെയ് 8 മുതൽ 27 വരെ. ലോക്കോ പൈലറ്റുമാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്തുക, ജീവനക്കാരുടെ ശമ്പള വർധന ഇവയൊക്കെയായിരുന്നു ആവശ്യങ്ങൾ. ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ പ്രസിഡന്റായിരുന്ന ജോർജ് ഫെർണാണ്ടസ് അന്ന് മുന്നിൽ നിന്ന് സമരം നയിച്ചു. ഇന്ത്യൻ ജീവിതമാകെ അന്ന് റെയിൽ സമരത്തിൽ നിശ്ചലമായിപ്പോയി. റെയിലിനേക്കാൾ നല്ലത് ജയിൽ എന്നതായിരുന്നു ഫെർണാണ്ടസിന്റെ അന്നത്തെ മുദ്രാവാക്യം. ഇതു പോലുള്ള മുദ്രാവാക്യങ്ങൾക്കും സമരങ്ങൾക്കുമെല്ലാം വിലയും നിലയുമുണ്ടായിരുന്ന കാലവുമായിരുന്നു അത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമരം എന്നാണ് അന്നത്തെ റെയിൽവേ സമരത്തെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആ സമരവും അനുബന്ധ സംഭവങ്ങളുമെല്ലാം ഇന്ത്യയെ അടിയന്തരാവസ്ഥയിലേക്ക് നയിച്ചുവെന്നതു മറ്റൊരു ചരിത്രം. സമര നായകന്റെ കൈകളിൽ പിന്നീട് ഇന്ത്യൻ റെയിൽവേയുടെ ഭരണം  വന്നു പെട്ടിട്ടുമുണ്ട്. 
ഇന്നിപ്പോൾ കോവിഡിന്റെ പേരിലാണ് റെയിൽ സ്തംഭിച്ചിരിക്കുന്നത്. റെയിൽവേ സ്തംഭിക്കുന്നതോടെ നിലച്ചു പോകുന്നത് ഇന്ത്യയുടെ ജീവനാഡിയാണ്. ഗുഡ്‌സ് ട്രെയിനുകൾ നിലക്കുന്നില്ല എന്നത് മാത്രമാണ് ഏക ആശ്വാസം. 
മാർച്ച് 31 വരെയാണ് റെയിൽ ഗതാഗതം ഇല്ലാതായത്. നടപടി കാരണം  കേരളത്തിൽ ഏറ്റവും അധികം പ്രയാസം അനുഭവിക്കുന്നത് അതിഥി തൊഴിലാളികാളായിരിക്കും. 
റെയിൽവേയിൽ ജോലിക്കെത്തേണ്ട സ്റ്റാഫിന്റെ എണ്ണവും  പരിമിതപ്പെടുത്തിയിട്ടുണ്ട്. ഗുഡ്‌സ് ട്രെയിനുകളുടെ നീക്കം ക്രമീകരിക്കാനുള്ള സ്റ്റാഫ് മാത്രമേ 31 വരെ റെയിൽവേയിൽ ജോലിക്കെത്തുകയുള്ളൂ.
അവകാശ പോരാട്ടങ്ങളുടെ പേരിൽ  ഇന്ത്യൻ റെയിൽവേ നിലച്ചുപോയത് 20 ദിവസമാണെങ്കിൽ വൈറസ് ബാധയുടെ പേരിൽ തൽക്കാലം 10 ദിവസമാണ് മുടങ്ങുന്നത്. മുംബൈ-ജബൽപുർ ഗോൾഡൻ എക്‌സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്രസമ്പർക് ക്രാന്തി എക്‌സ്പ്രസിലെ 8 പേർക്കും കോവിഡ് സ്ഥിരീകരിച്ചതും ചികിത്സയിലുള്ള രണ്ടു പേർ  ബംഗളൂരു-ദൽഹി രാജധാനിയിൽ യാത്ര ചെയ്തതും കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് റെയിൽവെ  കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. അഭ്യർഥനയൊന്നും ഫലപ്രദമല്ലെന്ന് കണ്ടതിനാലാണ് കടുത്ത നടപടിയിലേക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ എത്തിച്ചേർന്നത്.
 

Latest News