സൗദിയില്‍ ഷോപ്പിംഗ് ട്രോളികളില്‍ തുപ്പിയ വിദേശിക്ക് കൊറോണ; വലിയ കുറ്റകൃത്യം

അല്‍ബാഹ - അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബല്‍ജുറഷിയില്‍ ഷോപ്പിംഗ് ട്രോളികളില്‍ തുപ്പിയ വിദേശിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതായി ബല്‍ജുറഷി ഗവര്‍ണര്‍ ഗല്ലാബ് ബിന്‍ ഗാലിബ് അബൂഖുശൈം വെളിപ്പെടുത്തി.

ബല്‍ജുറഷിയിലെ വ്യാപാര കേന്ദ്രത്തിലെ ഷോപ്പിംഗ് ട്രോളികളില്‍ ദിവസങ്ങള്‍ക്കു മുമ്പാണ് വിദേശി തുപ്പിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ സംഭവ ദിവസം തന്നെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍  കൊറോണ വൈറസ് പരത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശി ഷോപ്പിംഗ് ട്രോളികളില്‍ തുപ്പിയത്. ക്രിമിനല്‍ കുറ്റകൃത്യമാണ് വിദേശി ചെയ്തത്. സംഭവത്തില്‍ പ്രതിക്കെതിരെ സുരക്ഷാ വകുപ്പുകള്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.


ഈ വ്യാപാര കേന്ദ്രത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാലു മുതല്‍ ഏഴു വരെയുണ്ടായിരുന്ന മുഴുവന്‍ ഉപയോക്താക്കളോടും തൊട്ടടുത്ത ഹെല്‍ത്ത് സെന്ററിനെ സമീപിച്ച് കൊറോണയില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അല്‍ബാഹ ഗവര്‍ണര്‍ ഡോ. ഹുസാം ബിന്‍ സൗദ് രാജകുമാരന്റെ നിര്‍ദേശാനുസരണമാണിത്. രോഗവ്യാപനം തടയുന്നതിന് ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാപനം മുന്‍കരുതലെന്നോണം അടപ്പിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.
സംഭവ ദിവസം വൈകീട്ട് നാലു മുതല്‍ ഏഴു വരെയുള്ള സമയത്ത് സ്ഥാപനം സന്ദര്‍ശിച്ച മുഴുവന്‍ ഉപയോക്താക്കളോടും രോഗം ബാധിച്ച വിദേശിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 47 തൊഴിലാളികളോടും പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബല്‍ജുറഷി ഗവര്‍ണര്‍ ഗല്ലാബ് ബിന്‍ ഗാലിബ് അബൂഖുശൈം പറഞ്ഞു.

 

Latest News