Sorry, you need to enable JavaScript to visit this website.

ചൈനയിലെ ഹുബെയ് പ്രവിശ്യ തുറന്നു; പുറത്തേക്ക് പോകാന്‍ ജനങ്ങളുടെ വന്‍തിരക്ക്

മാച്ചെംഗ്- ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ പട്ടണം ഉള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയില്‍ യാത്രാ വിലക്ക് പിന്‍വലിച്ചതിനെ തുടര്‍ന്ന് പുറത്തേക്ക് പോകാന്‍ ജനങ്ങളുടെ വന്‍തിരിക്ക്. രണ്ടു മാസത്തിനുശേഷം യാത്ര ചെയ്യുന്നതിന് ആദ്യമായി ലഭിച്ച അവസരം ജനങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്.  
ആഴ്ചകള്‍ നീണ്ട വേര്‍പിരിയലിനുശേഷമാണ് വീടുകളിലേക്ക് പോകാനും പ്രിയപ്പെട്ടവരെ കാണാനും ജനങ്ങള്‍ക്ക്  അവസരം ലഭിച്ചത്. മച്ചെംഗ് നഗരത്തിലെ റെയില്‍വേ സ്റ്റേഷനില്‍ ലഗേജുകളുമായി ട്രെയിനുകള്‍ക്കായി കാത്തുനില്‍ക്കുന്നവരുടെ വലിയ ക്യൂ ആണ് ദൃശ്യമായത്. മാസ്‌കുകള്‍ ധരിച്ച കുട്ടികളും കാത്തിരിക്കുന്നവരിലുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2020/03/25/taxi.jpg
കൊറോണ വൈറസ് വ്യാപിച്ച നഗരങ്ങളിലൊന്നായ ഹുവാങ്ഗാങ്ങിലെ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം പ്രദേശങ്ങളിലേക്കാണ് മടങ്ങുന്നത്.  കിഴക്കന്‍ സെന്‍ജിയാങ് പ്രവിശ്യയിലെ വെന്‍ഷൗവിലേക്ക് മടങ്ങുകയാണെന്ന്  ഒരു തൊഴിലാളി പറഞ്ഞു.  രണ്ട് മാസത്തിലേറെയായി ഹുബെയിലെ വീട്ടിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഹുബെയ് പ്രവിശ്യയിലെ റെയില്‍വേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും ഇന്നാണ് തുറന്നത്.  ഹുബെയുടെ തലസ്ഥാനമായ വുഹാന്‍ ഒഴികെയുള്ള പ്രദേശങ്ങളിലാണ് വിലക്ക് നീക്കിയത്. വുഹാനില്‍ മൃഗങ്ങളെയടക്കം വില്‍ക്കുന്ന ഭക്ഷ്യ വിപണിയിലാണ് കഴിഞ്ഞ വര്‍ഷം അവസാനം വൈറസ് പ്രത്യക്ഷപ്പെട്ടതായി കണക്കാക്കുന്നത്. വുഹാനിലേക്ക് പോകുന്ന മുപ്പത് ഹൈവേകള്‍ വീണ്ടും തുറന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റോഡുകളില്‍ വാഹനങ്ങളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. മറ്റു പ്രദേശങ്ങളില്‍ കുടുങ്ങിയ ഹുബെയ് സ്വദേശികളും നാട്ടിലേക്ക് മടങ്ങാനുള്ള അവസരം പ്രയോജനപ്പെടുത്തിയതിനെ തുടര്‍ന്നാണ് തിരക്ക്.

https://www.malayalamnewsdaily.com/sites/default/files/2020/03/25/rush1.jpg
ബുധനാഴ്ച രാവിലെ മച്ചെങ്ങിലേക്ക് മടങ്ങുന്നതിന് ലഭ്യമായ ആദ്യത്തെ ടിക്കറ്റ് തന്നെ തരപ്പെടുത്തിയതായി ബീജിംഗില്‍ ജോലി ചെയ്യുന്ന അധ്യാപിക ഗുവോ വെയ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പകര്‍ച്ചവ്യാധി തുടങ്ങിയതിന് ശേഷം ആദ്യമായാണ് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചതെന്ന്  അവര്‍ പറഞ്ഞു. നൂറുകണക്കനാളുകളാണ് റോഡ് മാര്‍ഗം സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്.
വൈറസ് ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ നല്‍കുന്ന പച്ച ആരോഗ്യ കോഡുള്ളവര്‍ക്ക് മാത്രമാണ് ഹുബെയില്‍നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതി. പ്രവിശ്യക്കപ്പുറത്തേക്കുള്ള കൊറോണ വ്യാപനം നിയന്ത്രിക്കാനായാണ് ജനുവരിയില്‍ ഹുബെയ് പ്രവിശ്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. രോഗവ്യാപനം  കുറഞ്ഞുവന്നതിനെ തുടര്‍ന്നാണ്  നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങിയത്. താമസക്കാര്‍ക്ക് ജോലിസ്ഥലത്തേക്ക് പോകാനും ജോലിയിലേക്ക് മടങ്ങാനും അനുവാദമുണ്ട്. സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല.

 

Latest News