Sorry, you need to enable JavaScript to visit this website.

ജി-20 ഉച്ചകോടി നാളെ, സൽമാൻ രാജാവ് അധ്യക്ഷത വഹിക്കും

റിയാദ് - കൊറോണ വ്യാപനം തടയുന്നതിനും ഇത്  ആഗോള സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് അധിക നടപടികൾ സ്വീകരിക്കാനും ലക്ഷ്യമിട്ട് ചേരുന്ന ജി.20 രാജ്യങ്ങളുടെ യോഗം നാളെ ചേരും. വിർച്വൽ യോഗത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അധ്യക്ഷത വഹിക്കും. ജോർദാൻ, സ്‌പെയിൻ, സിംഗപുർ, സ്വിറ്റ്‌സർലന്റ് എന്നീ രാജ്യങ്ങളുടെ തലവൻമാരും യോഗത്തിൽ പങ്കെടുക്കും. ഗൾഫ് കോർപ്പറേഷൻ കൗൺസിൽ പ്രസിഡന്റും യു.എ.ഇയും യോഗത്തിൽ പങ്കെടുക്കും.  ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20.  സൗദി അറേബ്യ മുൻകൈയെടുത്ത് വീഡിയോ കോൺഫറൻസ് രീതിയിൽ സംഘടിപ്പിച്ച ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും പങ്കെടുത്തിരുന്നു. സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ യോഗം ഉദ്ഘാടനം ചെയ്തു. ലോക ജനതക്കും ബിസിനസ് മേഖലക്കും പിന്തുണ നൽകുന്നതിനും ആഗോള സമ്പദ് വ്യവസ്ഥയുടെയും ലോക ഓഹരി വിപണികളുടെയും സ്ഥിരത കാത്തുസൂക്ഷിക്കുന്നതിനും വിശ്വാസം വീണ്ടെടുക്കുന്നതിനും അഗാധവും ദീർഘകാലം നിലനിൽക്കുന്നതുമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ സംഭവിക്കാതെ നോക്കുന്നതിനും പരസ്പര യോജിപ്പോടെ ശക്തമായ തീരുമാനങ്ങളെടുക്കണമെന്നും ഇക്കാര്യത്തിൽ സംയുക്ത ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം ജി-20 ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും യോഗം ചേർന്ന ശേഷം ആഗോള സാമ്പത്തിക വളർച്ചാ സാധ്യത കുത്തനെ ഇടിഞ്ഞു. കൊറോണ വ്യാപനം സാമ്പത്തിക മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയതായും സൗദി ധനമന്ത്രി പറഞ്ഞു. 
കൊറോണ വ്യാപനം ചെറുക്കുന്നതിന് ജി-20 രാജ്യങ്ങൾ പരസ്പര സഹകരണം കൂടുതൽ ശക്തമാക്കണം. ഈ ലോക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പുതിയ സംഭവവികാസങ്ങൾ നേരിടുന്നതിനും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് ഉത്തേജനം നൽകുന്നതിന് സ്വീകരിക്കേണ്ട നടപടികൾ നിർണയിക്കുന്ന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും ജി-20 രാജ്യങ്ങൾ ഒരുക്കങ്ങൾ നടത്തണമെന്നും മുഹമ്മദ് അൽജദ്ആൻ ആവശ്യപ്പെട്ടു.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും ഓഹരി വിപണികളിലും ലോക രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളിലും കൊറോണ വ്യാപനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്നതിന് ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും യോഗത്തിൽ ധാരണയിലെത്തി. ആഗോള സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരുന്നതിന് അധിക നടപടികൾ സ്വീകരിക്കാനും കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സംയുക്ത കർമ പദ്ധതി തയാറാക്കാനും യോഗം ധാരണയിലെത്തി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദരിദ്ര രാജ്യങ്ങൾ നേരിടുന്ന വായ്പാ സുസ്ഥിരതാ റിസ്‌കിന് പരിഹാരം കാണുന്നതിന് ഉഭയകക്ഷി, മൾട്ടിനാഷണൽ ലെൻഡർമാർ നടത്തുന്ന ശ്രമങ്ങൾ ഊർജിതമാക്കുന്നതിന് സ്വീകരിക്കാവുന്ന മാർഗങ്ങളും യോഗം വിശകലനം ചെയ്തു. വികസ്വര രാജ്യങ്ങളിൽ ധനസ്ഥിരതക്ക് പിന്തുണ നൽകുന്നതിന് സ്വീകരിക്കേണ്ട അധിക നടപടികൾ സ്വീകരിക്കുന്നതിലും ലഭ്യമായ വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും ലോക ബാങ്കും മറ്റു അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും ഐ.എം.എഫും ശക്തമായി സഹകരിക്കുന്നതിനെ കുറിച്ചും യോഗം വിശകലനം ചെയ്തു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടുന്ന ആഗോള വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്നതിന് ജി-20 ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും വ്യവസ്ഥാപിതമായി വിർച്വൽ മീറ്റിംഗ് ചേരുന്നത് തുടരും.

Latest News