കൽപറ്റ - കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണുമായി പൂർണമായും സഹകരിക്കാതെ ജനം. പൊതുഗതാഗതത്തിന്റെ അഭാവത്തിൽ കാറുകളിലും ഇരുചക്രവാഹനങ്ങളിലുമായി അനേകം ആളുകൾ ആവശ്യത്തിനും അനാവശ്യത്തിനും അങ്ങാടികളിലെത്തി.
കൽപറ്റ, ബത്തേരി, മാനന്തവാടി, പുൽപള്ളി ടൗണുകളിൽ നിരവധി സ്വകാര്യ വാഹനങ്ങളാണ് ഓടിയത്. പലേടത്തും പോലീസിന് ആളുകളുമായി മുഷിയേണ്ടിവന്നു. ജില്ലയിൽ നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടെങ്കിലും മത്സ്യ-മാംസ മാർക്കറ്റുകളിൽ രാവിലെ ആൾക്കൂട്ടങ്ങൾ കാണാനായി. ആളുകൾ കൂട്ടംകൂടുന്നതു ഒഴിവാക്കാൻ പോലീസിനു ഇടപെടേണ്ടിവന്നു.
പലവ്യഞ്ജനങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്ന കടകൾ ജില്ലയിലെ ചെറുതും വലുതമായ അങ്ങാടികളിൽ തുറന്നു. മെഡിക്കൽ ഷോപ്പുകളും പ്രവർത്തിച്ചു. നാമമാത്ര ഹോട്ടലുകളാണ് തുറന്നത്. ടൗണുകളിലെ ബേക്കറികളിൽ ചായ, കാപ്പി വിൽപനയുണ്ടായിരുന്നില്ല. ഗ്രാമങ്ങളിൽ ചായക്കടകൾ പ്രവർത്തിച്ചു. മെഡിക്കൽ ഷോപ്പുകൾ ഒഴികെ വ്യാപാര സ്ഥാപനങ്ങൾ വൈകുന്നേരം അഞ്ചിനുതന്നെ അടച്ചു. കടകളുടെ സമയക്രമം സംബന്ധിച്ചു പോലീസ് എല്ലാ ടൗണുകളിലും രാവിലെ മുതൽ പലവട്ടം ഉച്ചഭാഷിണിയിലൂടെ നിർദേശം നൽകി.
ബംഗളൂരു, മൈസൂരു ഭാഗങ്ങളിൽനിന്നു വയനാട്ടിലേക്കു സ്വകാര്യവാഹന യാത്രക്കാർ കർണാടയിലെ ഉദ്ബൂർ, ബാവലി ചെക്‌പോസ്റ്റുകളിൽ മണിക്കൂറുകളോളം കുടുങ്ങി.
കാറുകളിലും ബൈക്കുകളിലുമെത്തിയവരെയാണ് ചെക്‌പോസ്റ്റുകളിൽ പോലീസ് തടഞ്ഞത്. രാവിലെ ഏഴോടെ ഉദ്ബൂർ ചെക്‌പോസ്റ്റിലെത്തിയ നൂറോളം യാത്രക്കാരെ വയനാട് ജില്ലാ ഭരണകൂടം മൈസൂരു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടതിനെത്തുടർന്നു ഉച്ചയോടെയാണ് കടത്തിവിട്ടത്. കേരള-കർണാടക അതിർത്തിയിലെ ബാവലി ചെക്‌പോസ്റ്റിലും ഇവരെ തടഞ്ഞു. വൈകുന്നേരം നാലരയോടെയാണ് ബാവലി ചെക്‌പോസ്റ്റ് തുറന്നുകൊടുത്തത്. ചെക്‌പോസ്റ്റുകളിൽ കുടുങ്ങിയവർ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. അവശ്യവസ്തുക്കളുമായി എത്തിയ ചരക്കുവാഹനങ്ങളും കർണാടക ചെക്‌പോസ്റ്റുകളിൽ കടത്തിവിട്ടില്ല. കർണാടകയിലെ കുടക്, തമിഴ്‌നാട്ടിലെ നീലഗിരി ജില്ലകളിൽനിന്നുള്ള യാത്രാവാഹനങ്ങൾക്കു ജില്ലയിൽ പ്രവേശനം അനുവദിച്ചില്ല.
മലബാർ മേഖല ക്ഷീരോത്പാദക യൂണിയൻ ക്ഷീരസംഘങ്ങളിൽനിന്നു ഇന്നലെ പാൽ സംഭരിച്ചില്ല. ഇന്നു സംഭരണം ഉണ്ടാകും. ജില്ലയിൽ ഒരു പാരമ്പര്യ സംഘവും 55 ആപ്‌കോസ് സംഘങ്ങളുമാണ് ഉള്ളത്. ആപ്‌കോസ് സംഘങ്ങളിൽനിന്നാണ് മിൽമ പാൽ ശേഖരിക്കുന്നത്. ഏകദേശം 1.75 ലക്ഷം ലിറ്ററാണ് ജില്ലയിൽ പ്രതിദിന പാൽ ഉത്പാദനം. മിൽമ പാൽ സംഭരണം കൂടുതൽ ദിവസങ്ങളിൽ ഒഴിവാക്കുന്ന സാഹചര്യമുണ്ടായാൽ ക്ഷീരകർഷകർ പ്രതിസന്ധിയിലാകും.






