റിയാദ് - കര്‍ഫ്യൂ ലംഘിച്ച് ചുറ്റിക്കറങ്ങിയ സ്വദേശി യുവാക്കളെയും വിദേശിയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളില്‍ സൗദി യുവാക്കളും സിറിയക്കാരനും വിലക്ക് ലംഘിച്ച് പുറത്തിറങ്ങുകയും ഇതില്‍ മേനിനടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഊര്‍ജിത അന്വേഷണം നടത്തിയാണ് നിയമ ലംഘകരെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്.
വിലക്ക് ലംഘിച്ച് ചുറ്റിക്കറങ്ങുകയും ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരുന്നു. ഫാമിലി വിസിറ്റ് വിസയില്‍ സൗദിയിലെത്തിയ സിറിയന്‍ യുവാവാണ് റിയാദിലെ റോഡുകളിലൂടെ കര്‍ഫ്യൂ ലംഘിച്ച് ചുറ്റിക്കറങ്ങുകയും നിരോധനാജ്ഞ നടപ്പാക്കുന്നതിന് നിലയുറപ്പിച്ച സുരക്ഷാ സൈനികരെ പരിഹസിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്ത് അറസ്റ്റിലായത്.
നിരോധനാജ്ഞ പാലിക്കാതിരിക്കുകയും കര്‍ഫ്യൂ നിലവിലുള്ള സമയത്ത് പുറത്തിറങ്ങി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ സൈബര്‍ ക്രൈം നിയമം അനുസരിച്ച ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലെഫ്. കേണല്‍ ത്വലാല്‍ അല്‍ശല്‍ഹോബ് പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരെ സുരക്ഷാ വകുപ്പുകള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടും. സൗദി പൗരന്മാരും വിദേശികളും കിംവദന്തികള്‍ ചെറുക്കണം. കിംവദന്തികള്‍ ആരും പ്രചരിപ്പിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. ക്രമസമാധാനത്തെ ബാധിക്കുന്ന ക്ലിപ്പിംഗുകളും മറ്റും നിര്‍മിച്ചും ചിത്രീകരിച്ചും പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.