Sorry, you need to enable JavaScript to visit this website.

പോളിയോയും വസൂരിയും തുരത്തിയ ഇന്ത്യയ്ക്ക് കൊറോണയെ തുരത്താനാകും

ന്യൂദല്‍ഹി- ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകമൊട്ടാകെ കനത്ത ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. വൈറസിനെ ചെറുക്കാനുള്ള ഈ പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയിക്കാനുള്ള ശേഷിയുണ്ടെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന.
വസൂരിക്കും പോളിയോക്കുമെതിരായ പോരാട്ടം വിജയകരമായി നടത്തിയ ഇന്ത്യക്ക് കൊറോണ വൈറസിനേയും തുരത്താനാകുമെന്ന് ലോകാരോഗ്യസംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാന്‍ പറഞ്ഞു.
കൊറോണ വൈറസ് ബാധ പൊട്ടിപുറപ്പെട്ട പ്രദേശങ്ങളിലെല്ലാം ലാബുകളുടെ ആവശ്യം പ്രകടമായിരുന്നു. ഇന്ത്യ ജനസംഖ്യ ഏറെയുള്ള രാജ്യമാണ്. ജനസംഖ്യ ഏറെയുള്ള രാജ്യങ്ങള്‍ക്കായിരിക്കും കൊറോണ ഏറെ ഭീഷണി ഉയര്‍ത്തുക. മാത്രമല്ല പോളിയോയ്ക്കും വസൂരിക്കുമെതിരായ പോരാട്ടം മുന്നില്‍ നിന്നു നയിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള ശേഷി ഇന്ത്യ തെളിയിച്ചിട്ടുണ്ട്'എന്നായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെ മൈക്കല്‍ ജെ റയാന്റെ പരാമര്‍ശം.
എളുപ്പവഴികളൊന്നും നമുക്ക് മുന്നിലില്ലെന്നും രോഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ നേരത്തെയും ലോകത്തിന് മാതൃകയായിട്ടുള്ള ഇന്ത്യ ഇത്തവണയും അങ്ങനെ ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്ത് ഇതുവരെ 3.80ലക്ഷത്തിലേറെ പേരിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 16500ലേറെയും. ഇന്ത്യയില്‍ ഇതുവരെ 499 പേരില്‍ കൊറോണ സ്ഥിരീകരിച്ചതില്‍ മരണ സംഖ്യ പത്തിലെത്തുകയും ചെയ്തു.

Latest News