റിയാദ് - സൗദിയില്‍ കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിനുള്ള പ്രത്യേക അനുമതി എസ്.എം.എസ് വഴി ലഭിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി.
സുരക്ഷാ കണ്‍ട്രോള്‍ റൂം നമ്പറുകളായ 911 ലോ 999 ലോ ബന്ധപ്പെടുന്നവര്‍ക്ക് നിരോധനാജ്ഞക്കിടെ പുറത്തിറങ്ങുന്നതിന് അനുമതി നല്‍കില്ല. എമര്‍ജന്‍സി ആരോഗ്യ കേസുകള്‍ അടക്കമുള്ള അനിവാര്യ സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ക്ക് പിഴ ചുമത്തില്ല. ഓരോ കേസുകളും പരിശോധിച്ച് ഇത്തരം സാഹചര്യങ്ങളാണോയെന്ന കാര്യം ബന്ധപ്പെട്ട വകുപ്പുകളാണ് നിശ്ചയിക്കുകയെന്നും അധികൃതര്‍ പറഞ്ഞു.
നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയ നിരവധി പേര്‍ക്ക് വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ തിങ്കളാഴ്ച രാത്രി പിഴ ചുമത്തി. ഇവര്‍ക്ക് 10,000 റിയാല്‍ തോതിലാണ് പിഴ ചുമത്തുന്നത്. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. മൂന്നാമതും നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരുപതു ദിവസത്തില്‍ കവിയാത്ത തടവു ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നിരോധനാജ്ഞ ലംഘിക്കുന്നവരെ ക്യാമറകള്‍ അടങ്ങിയ ഓട്ടോമാറ്റിക് സംവിധാനം വഴി നിരീക്ഷിച്ച് കണ്ടെത്തി പിഴകള്‍ ചുമത്തുന്നില്ലെന്ന് മക്ക ഗവര്‍ണറേറ്റ് വ്യക്തമാക്കി. ഡ്രൈവറുടെ ജോലി, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയെല്ലാം പരിശോധിച്ചും അന്വേഷിച്ചും ഉറപ്പുവരുത്തിയും വിലക്ക് ബാധകമല്ലാത്ത വിഭാഗത്തില്‍ പെടുന്നയാളാണോയെന്ന് നോക്കിയുമാണ് സുരക്ഷാ സൈനികര്‍ പിഴ ചുമത്തുക.
വിലക്ക് ബാധമകമല്ലാത്ത വിഭാഗങ്ങളില്‍ പെടുന്ന ആരുടെയെങ്കിലും പേരില്‍ ഓട്ടോമാറ്റിക് സംവിധാനം വഴി പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ ഇത് ഒഴിവാക്കിക്കിട്ടുന്നതിന് ട്രാഫിക് ഡയറക്ടറേറ്റിനെ സമീപിക്കണമെന്നും മക്ക ഗവര്‍ണറേറ്റ് ആവശ്യപ്പെട്ടു.