റിയാദ്- കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റീ എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ തൊഴിലുടമകള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യങ്ങളൊരുക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നിലവില്‍ വന്നിട്ടില്ല. യാത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ നേരത്തെ റീ എന്‍ട്രി അടിച്ച് സൗദിയില്‍ കഴിയുന്നവര്‍ക്ക് കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കാന്‍ തൊഴിലുടമകള്‍ക്ക് സൗകര്യമൊരുക്കുമെന്ന് ധനമന്ത്രിയും നാട്ടിലുള്ളവര്‍ക്ക് വിദേശകാര്യമന്ത്രാലയവുമായി സഹകരിച്ച് ഓണ്‍ലൈന്‍ വഴി നടപടികള്‍ സ്വീകരിക്കുമെന്ന് ജവാസാത്തും അറിയിച്ചിരുന്നു. പുതിയ സംവിധാനങ്ങളെ കുറിച്ച് ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് വിശദീകരിക്കുമെന്നാണ് ജവാസാത്ത് അറിയിച്ചിരിക്കുന്നത്.
നിലവില്‍ സൗദിയില്‍ റീ എന്‍ട്രിയിലും ഫൈനല്‍ എക്‌സിറ്റിലും കഴിയുന്നവര്‍ അതിന്റെ കാലാവധി അവസാനിക്കാറായിട്ടുണ്ടെങ്കില്‍ കാന്‍സല്‍ ചെയ്യണമെന്നും ഇല്ലെങ്കില്‍ പിഴ വരുമെന്നും കഴിഞ്ഞ ദിവസം ജവാസാത്ത് അറിയിച്ചിരുന്നു. കാന്‍സല്‍ ചെയ്യാതെ വിസയുടെ കാലാവധി കഴിഞ്ഞാല്‍ പിഴയടക്കേണ്ടിവരുമെന്നതാണ് നിലവിലെ വ്യവസ്ഥ. അതാണ് ഇന്നലെ ജവാസാത്ത് ഓര്‍മപ്പെടുത്തിയത്. കാലാവധി കഴിഞ്ഞാല്‍ റീ എന്‍ട്രി നീട്ടാനും സാധിക്കില്ല. ഇങ്ങനെ കാന്‍സല്‍ ചെയ്യുമ്പോള്‍ റീ എന്‍ട്രിക്ക് അടച്ച പണം തിരികെ ലഭിക്കില്ലെന്നും ജവാസാത്ത് അറിയിച്ചിട്ടുണ്ട്. ഫൈനല്‍ എക്‌സിറ്റ് കാന്‍സല്‍ ചെയ്യുമ്പോള്‍ ഇഖാമ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ പുതുക്കേണ്ടിവരും. അക്കാര്യവും ജവാസാത്ത് വിശദീകരിച്ചിട്ടുണ്ട്.
നാട്ടിലുള്ളവരുടെ റീ എന്‍ട്രി ദീര്‍ഘിപ്പിക്കുന്നതിനെ കുറിച്ച് ചിലര്‍ നിരന്തരമായി ജവാസാത്തിനോട് ചോദിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് നിലവില്‍ നാട്ടില്‍ വെച്ച് റീ എന്‍ട്രി കാലാവധി അവസാനിച്ചാല്‍ ചെയ്യേണ്ട രീതി ജവാസാത്ത് ഓര്‍മിപ്പിച്ചത്. ഇതിന് നിലവിലുള്ള സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ലിങ്ക് അവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഇഖാമ കാലാവധിയുള്ളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം കോണ്‍സുലേറ്റില്‍ നിന്ന് റീ എന്‍ട്രി കാലാവധി നീട്ടി നല്‍കുന്ന നിലവിലെ രീതി തുടരാമെന്നര്‍ഥം. ഈ ലിങ്കാണിപ്പോള്‍ പലരും റീ എന്‍ട്രി നീട്ടി നല്‍കുന്നുണ്ടെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത്. അതില്‍ തെറ്റുമില്ല. വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നത് നിര്‍ത്തിയെന്ന് മുംബൈ സൗദി കോണ്‍സുലേറ്റ് നേരത്തെ നല്‍കിയ അറിയിപ്പിലും റീ എന്‍ട്രി ദീര്‍ഘിപ്പിക്കുന്ന സേവനം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. അഥവാ രേഖകള്‍ സഹിതം അപേക്ഷ ലഭിച്ചാല്‍ ഇപ്പോഴും നീട്ടിനല്‍കുമെന്നര്‍ഥം.
എന്നാല്‍ കോവിഡ് കാരണം വിമാനസര്‍വീസുകള്‍ റദ്ദ് ചെയ്യപ്പെട്ടതോടെ സൗദിയിലേക്ക് വരാന്‍ കഴിയാതെ റീ എന്‍ട്രിയുടെയും ഇഖാമയുടെയും കാലാവധി അവസാനിച്ചവര്‍ക്ക് അവ നീട്ടി നല്‍കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ കൃത്യസമയത്ത് നല്‍കുമെന്ന് ജവാസാത്ത് അറിയിച്ചിട്ടുണ്ട്. വിമാനയാത്ര സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുമ്പോള്‍ ഇത് സംബന്ധിച്ച പുതിയ നടപടികള്‍ ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.






