Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനവും പ്രവാസികളും

കോവിഡ് രോഗത്തിന്റെ ലോകവ്യാപനം ആശങ്കകളുടെ രാജ്യാതിർത്തികൾ ഭേദിക്കുകയാണ്. 2019 നവംബറിൽ ചൈനയിൽ ചെറിയ തോതിൽ ആരംഭിച്ച കൊറോണ വൈറസ് ബാധ മൂന്നു മാസങ്ങൾ പിന്നിടുമ്പോൾ ഒട്ടുമിക്ക രാജ്യങ്ങളെയും അതിവേഗം പിടികൂടിക്കൊണ്ടിരിക്കുന്നു.ആയിരക്കണക്കിന് ആളുകൾ മരിച്ചു വീഴുന്നു. കോവിഡ് ഭീതിയിൽ മനുഷ്യൻ മരണത്തെ മുഖാമുഖം കാണുമ്പോൾ മരുന്ന്്് കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കൽ മാത്രമാണ് പ്രതിവിധി.
ചൈനയിൽ നിന്ന് ആരംഭിച്ച് വിവിധ രാജ്യങ്ങളിലൂടെ പടർന്നു പിടിച്ചെത്തുന്ന ഒരു വൈദേശിക രോഗമായാണ് ഇന്ത്യ കോവിഡിനെ കാണുന്നത്. അതുകൊണ്ടു തന്നെ വിദേശത്തു നിന്നെത്തുന്ന രോഗവാഹകരെ പ്രതിരോധിക്കുക എന്നതാണ് ഇന്ത്യയടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളും ഏറ്റവും ഒടുവിൽ സ്വീകരിച്ചു വരുന്ന തന്ത്രം. ഈ പശ്ചാത്തലത്തിൽ വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരെ നിരീക്ഷിക്കൽ സർക്കാറിനെ സംബന്ധിച്ച് സുപ്രധാനമാണ്.
മലബാറിന്റെ മക്കളിൽ ഏറെ പേർ ഗൾഫ് പ്രവാസികളാണ്. ഒറ്റക്കും കുടുംബമായും വിവിധ ഗൾഫ് നാടുകളിൽ താമസിക്കുന്നവർ. അവർ സമ്പാദിക്കുന്ന പണത്തിന്റെ സഹായത്താൽ മികച്ച ജീവിതം കെട്ടിപ്പടുത്ത പ്രദേശങ്ങളാണ് മലബാറിലേറെയുമുള്ളത്. എന്നാൽ കോവിഡ് എത്തുമ്പോൾ പ്രവാസികളോടുള്ള മനോഭാവത്തിൽ വന്ന മാറ്റം ശ്രദ്ധിക്കേണ്ടതും വിലയിരുത്തപ്പെടേണ്ടതുമാണ്.
കേരളത്തിലെ ഓരോ വിമാനത്താവളങ്ങളിലും വന്നിറങ്ങിയ വിമാനങ്ങളിൽ നിന്ന് പുറത്തു വരുന്നവരെ സംശയത്തോടെയും ആശങ്കയോടെയും നോക്കിക്കണ്ട നാളുകളാണ് കഴിഞ്ഞു പോയത്. ഗൾഫിൽ നിന്നെത്തുന്നവരെ പ്രതിരോധിക്കാൻ വടികളുമായി നിൽക്കുന്ന സിനിമാ നടൻമാരുടെ ചിത്രമുൾപ്പടെയുള്ള ട്രോളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നമ്മൾ കണ്ടതാണ്. രോഗത്തിന്റെ പേരിൽ പ്രവാസികളോടുള്ള മനോഭാവത്തിൽ പൊടുന്നനെയുണ്ടായ മാറ്റം, അവരോടുള്ള സ്‌നേഹക്കുറവു കൊണ്ടല്ല, മറിച്ച് കോവിഡ് ഭീതി അത്രമേൽ നാട്ടിലുള്ളവരെയും പിടികൂടിയിരിക്കുന്നുവെന്നാണ് തെളിയിക്കുന്നത്.
രോഗപ്രതിരോധമെന്നത് മനുഷ്യന്റെ ശീലങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ്. മരുന്നു നൽകി രോഗം ശമിപ്പിക്കുന്ന അത്ര എളുപ്പമല്ല, പ്രതിരോധ പ്രവർത്തനങ്ങൾ. പല തരക്കാരായ, ശീലങ്ങളുള്ള മനുഷ്യരോട് പ്രതിരോധത്തിന്റെ പേരിൽ ശീലങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടാൽ എളുപ്പത്തിൽ നടന്നു കൊള്ളണമെന്നില്ല. പ്രത്യേകിച്ച്, നിയന്ത്രണങ്ങളെ മനുഷ്യൻ പൊതുവിൽ ഇഷ്ടപ്പെടുന്നില്ല എന്നതുകൊണ്ട്.
രോഗ വ്യാപനം തടയുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ട രണ്ട് സുപ്രധാന കാര്യങ്ങൾ സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കൈകഴുകലും സാമൂഹികമായ അകലം പാലിക്കലുമാണ്. വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ നാട്ടിലുള്ളവരേക്കാൾ ശ്രദ്ധയുള്ളവരാണ് ഗൾഫിലെ പ്രവാസികൾ. കൈ കഴുകിക്കൊണ്ടിരിക്കൽ അവർക്ക് എളുപ്പമുള്ള കാര്യവുമാണ്. എന്നാൽ സാമൂഹികമായ അകലം പാലിക്കൽ പ്രവാസിയെ സംബന്ധിച്ച് ഏറെ ശ്രമകരമായ കാര്യമാണ്. കാരണം, ഒരു മാസത്തെ ലീവിൽ നാട്ടിലെത്തുന്ന പ്രവാസിയുടെ പ്രധാന പരിപാടികൾ കുടുംബാംഗങ്ങളെ കാണലും വിവാഹമുൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കലും കുടുംബവുമൊത്ത് വിനോദ യാത്ര പോകലുമൊക്കെയാണ്. ഇത്തരത്തിൽ ഏറെ കണക്കുകൂട്ടലുമായി നാട്ടിലെത്തുന്നവരോടു രണ്ടാഴ്ച വീട്ടിലിരിക്കാൻ ആവശ്യപ്പെടുമ്പോൾ അത് ഏളുപ്പത്തിൽ ഉൾക്കൊള്ളണമെന്നില്ല. ഗൾഫ് നാടുകളിൽ സാമൂഹികമായ അച്ചടക്കം പാലിക്കാൻ മടിയില്ലാത്ത പ്രവാസികളിൽ പലരും പലപ്പോഴും നാട്ടിലെത്തുമ്പോൾ ആ ശീലങ്ങൾ മറക്കുന്നതും നാം കാണാറുണ്ട്.
എന്നാൽ കാലം ഇപ്പോൾ അവരോട് ആവശ്യപ്പെടുന്നത് സ്വന്തം വീട്ടുകാർക്കും നാടിനും വേണ്ടിയുള്ള ജാഗ്രതയാണ്. കോവിഡിന്റെ പേരിൽ പ്രവാസികൾ ക്രൂശിക്കപ്പെടേണ്ടി വരുന്നത് അവരുടെ ജാഗ്രതക്കുറവു കൊണ്ടു കൂടിയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ആയിരക്കണക്കിന് പ്രവാസികൾ നാട്ടിലെത്തിയിട്ടുണ്ട്. അവരിൽ മഹാഭൂരിഭാഗവും എയർപോർട്ടിൽ ഇറങ്ങി നേരെ വീട്ടിലെത്തി പുറത്തിറങ്ങാതെ വീട് അടച്ച് ഇരിക്കുകയായിരുന്നു.
 സാമൂഹികമായ ഉത്തരവാദിത്തം അഭിനന്ദനീയമായ വിധത്തിൽ പാലിക്കാൻ തയാറായവരാണ് അവർ. എന്നാൽ ഏതാനും ചിലകരുടെ പ്രവൃത്തികളുടെ പേരിൽ പ്രവാസി സമൂഹം മൊത്തത്തിൽ പഴികേൾക്കേണ്ടി വരികയാണ്. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശിയുടെ റൂട്ട്മാപ്പ് കാണാത്ത മലയാളികൾ ഇന്നു ലോകത്ത് വിരളമായിരിക്കും.  ഉംറ കഴിഞ്ഞു നാട്ടിലെത്തിയ മലപ്പുറത്തെ വീട്ടമ്മ, ഇനി രണ്ടാഴ്ച പുറത്തിറങ്ങാൻ കഴിയില്ലെന്നറിഞ്ഞതോടെ വീട്ടിലെത്തും മുമ്പ് കുടുംബക്കാരെയെല്ലാം കാണാനാണ് പോയത്. ലോകത്തെ പൂർണമായും ഗ്രസിച്ചുകൊണ്ടിരിക്കുന്ന നൂറ്റാണ്ടിന്റെ മഹാമാരിയെ തിരിച്ചറിയുന്നതിൽ ഇത്തരക്കാർ കാണിക്കുന്ന വീഴ്ചകൾ പ്രവാസി സമൂഹത്തിന് തന്നെ അപമാനമുണ്ടാക്കുകയായിരുന്നു.
കോവിഡ് ബാധയെ തടഞ്ഞു നിർത്താനായാൽ മനുഷ്യനും ലോകവും ഇനിയും ജീവിക്കും. എല്ലാം പെട്ടെന്ന് ചെയ്യണമെന്നത് പുതിയ ലോകക്രമത്തിന്റെ ആസക്തിയാണ്. ചിലതെല്ലാം മാറ്റിവെക്കുന്നത് നല്ലതിനാകാം. കോവിഡിനെ പ്രതിരോധിച്ച് ലോകം പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചു വന്ന ശേഷം ആഘോഷിക്കുന്ന വിവാഹങ്ങൾക്കും സൽക്കാരങ്ങൾക്കും വിനോദ യാത്രകൾക്കും മനഃസമാധാനത്തിന്റെ മധുരമുണ്ടാകും. ഇത് കോവിഡ് കാലത്തിന്റെ മാത്രം തിരിച്ചറിവല്ല. ജീവിതത്തിന്റെ മുന്നോട്ടുള്ള വഴികളിലെല്ലാം ഈ ജാഗ്രതക്കു വലിയ സ്ഥാനമുണ്ടാകും.
 

Latest News