കാസര്‍കോട്ട് മുന്നറിയിപ്പുമായി കലക്ടര്‍; രണ്ട് പ്രവാസികള്‍ ഇനി ഗള്‍ഫ് കാണില്ല

കാസര്‍കോട്- കൊറോണ വ്യാപനം തടയുന്നതിനായി നിര്‍ദേശിച്ച സ്വയം നിരീക്ഷണം ലംഘിച്ച് കാസര്‍കോട്ട് പുറത്തിറങ്ങിയ രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
വിദേശത്തുനിന്നെത്തിയ ഇവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാതെ സമൂഹത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുന്ന തരത്തില്‍ ഇടപഴകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നത്.
മുമ്പുതന്നെ നിരവധി അഭ്യര്‍ഥനകള്‍ നല്‍കിയിരുന്നതാണെന്നും ഇനി നടപടികളിലേക്ക് കടക്കുകയാണെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.
നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതുകാരണം രണ്ടുപേരിലൂടെ നിരവധി ആളുകള്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ട്. പാസ്‌പോര്‍ട്ടിന്റെ കാര്യങ്ങള്‍ ഉള്‍പ്പടെ അവര്‍ ഇനി ഗള്‍ഫ് കാണാത്ത സാഹചര്യമുണ്ടാകുമെന്ന് കലക്ടര്‍ വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നത് തുടര്‍ന്നാല്‍ ഇതേരീതിയില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട്ട് ജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങുന്നതിനടക്കം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് റോഡില്‍ ഇറങ്ങിയവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കുന്നുമുണ്ട്. രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികളിലൂടെ സാധിക്കുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നതെന്ന് കലക്ടര്‍ വ്യക്തമാക്കി.

99.9 ശതമാനം ആളുകളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നവരാണ്. എന്നാല്‍ ചെറിയൊരു ശതമാനം ആളുകള്‍ സര്‍ക്കാര്‍ പറയുന്നത് അനുസരിക്കുന്നില്ല. അത്തരക്കാരെ അങ്ങനെതന്നെ നേരിടുമെന്ന് കലക്ടര്‍ വ്യക്തമാക്കി.

അവശ്യസാധനങ്ങള്‍ ലഭിക്കാന്‍ ജില്ലയിലെ എല്ലാ കടകളും തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചായ, കാപ്പി, ജ്യൂസ് തുടങ്ങിയ പാനീയങ്ങള്‍ കടകളില്‍ വില്‍ക്കാന്‍ അനുവദിക്കില്ല. 11 മണിമുതല്‍ വൈകിട്ട് അഞ്ചുവരെ കടകള്‍ തുറക്കണം. എന്നാല്‍ ആളുകള്‍ കൂട്ടംകൂടരുതെന്നും അങ്ങനെ വന്നാല്‍ കടകള്‍ അടപ്പിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

മംഗളൂരുവില്‍ നിന്നടക്കം വരുന്ന ഭക്ഷ്യ സാധനങ്ങള്‍ കടകള്‍വഴി വിതരണം ചെയ്യാന്‍ സൗകര്യമൊരുക്കും.

 

Latest News