കോവിഡ് ആരോപിച്ച് എയര്‍ഹോസ്റ്റസുമാര്‍ക്ക് അയല്‍ക്കാരുടെ പീഡനം

ന്യൂദല്‍ഹി-ജീവന്‍ പണയംവെച്ചും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ദിനത്തില്‍ കൊട്ടുംപാട്ടും നടത്തിയതെങ്കിലും കോവിഡ് വ്യാപനത്തിനിടയിലും ജോലി ചെയ്തതു കൊണ്ടു മാത്രം ക്രൂശിക്കപ്പെടുന്നവര്‍ തുടര്‍ക്കഥയാകുന്നു.
താനും തന്റെ കുടുംബവും നേരിടുന്ന വിവേചനത്തിന്റെ കഥ പറുകയാണ് ഒരു ഇന്‍ഡിഗോ എയര്‍ലൈന്‍ ജീവനക്കാരി ട്വിറ്ററില്‍. കൊറോണ രോഗിയാണെന്ന് ആരോപിച്ച് ആളുകള്‍ അപമാനകരമായ സന്ദേശങ്ങള്‍ അയക്കുകയാണെന്ന് തരുണ്‍ ശുക്ല പോസ്റ്റ് ചെയ്ത വീഡിയോയില്‍ എയര്‍ഹോസ്റ്റസ് പറയുന്നു.  
അയല്‍വാസികള്‍ തന്റെ അമ്മയെ പോലും വെറുതെവിടില്ലെന്ന് കണ്ണീര്‍ തൂകിക്കൊണ്ട് അവര്‍ പറയുന്നു.  മകള്‍ക്ക് വൈറസുണ്ടെന്ന് പറഞ്ഞ് സമീപത്തുള്ള കച്ചവടക്കാര്‍ അമ്മയ്ക്ക് പച്ചക്കറികളും  പലചരക്ക് സാധനങ്ങളും നല്‍കുന്നില്ല. വിമാനത്തില്‍ ജോലി ചെയ്യുന്ന താന്‍ കോവിഡ് ബാധിതയാണെന്ന് ആളുകള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും താനില്ലാത്ത സമയത്ത് വീട്ടിലെത്തി അമ്മയെ പീഡിപ്പിക്കുകയാണെന്നും വീഡിയോയില്‍ പറയുന്നു.
നാട്ടിലേക്കും വീട്ടിലേക്കും മടങ്ങി വരരുതെന്ന് ആവശ്യപ്പെട്ട് ഒരു എയര്‍ ഇന്ത്യാ ജീവനക്കാരിയോട് ആളുകള്‍ ആവശ്യപ്പെടുന്ന മറ്റൊരു വീഡിയോയും ഇതേ ഉപയോക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതീവ ഖേദകരമാണ് സംഭവങ്ങളെന്ന് വീഡിയോകള്‍ വൈറലായതിനു പിന്നാലെ വ്യോമയാന മന്ത്രി പ്രതികരിച്ചു. കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും വൈറസ് പടര്‍ന്ന രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെയാണ് ഇതുപോലെ ഉപദ്രവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവേചനത്തിനിരയായ വിമാനക്കമ്പനി ജോലിക്കാര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കയാണ്.

 

Latest News