കൊറോണ കാലത്തും കരിപ്പൂരില്‍  സ്വര്‍ണ കടത്ത് ജോര്‍ 

കോഴിക്കോട്- കൊറോണ ഭീതിയില്‍ രാജ്യമൊട്ടാകെ സ്തംഭിച്ചിരിക്കുന്ന ഈ സമയത്ത് സ്വര്‍ണ്ണക്കടത്തിന് ഒരു പഞ്ഞവുമില്ല. 
കൊറോണ വ്യാപിക്കുന്ന ഈ സമയത്ത് വിമാന സര്‍വ്വീസുകളെല്ലാം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് വന്നപ്പോള്‍ ഗള്‍ഫില്‍ നിന്നും വന്ന അവസാന വിമാനങ്ങളില്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത് ഒന്നും രണ്ടുമല്ല നാലരകിലോയോളം വരുന്ന സ്വര്‍ണ്ണങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. 
ഇന്നലെയും കഴിഞ്ഞ ആഴ്ചയിലെ ചില ദിവസങ്ങളിലുമായി ദുബായ്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നും  വന്ന നാലു യാത്രാകാരില്‍ നിന്നുമാണ് ഇത്രയും സ്വര്‍ണ്ണം പിടിച്ചെടുത്തത്. 
കോറോണ വൈറസ് വ്യാപകമായി പടരുന്ന ഈ സാഹചര്യത്തില്‍ ജീവനും കൊണ്ട് ഓടുന്ന സമയത്തും എങ്ങനെ കള്ളക്കടത്ത് നടത്താമെന്ന ചിന്തയിലാണ് ഇപ്പോഴും ആളുകളെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.     
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍  ശ്രമിച്ച വട്ടോളി സ്വദേശി ജാസിന്‍,  കാന്തപുരം സ്വദേശി ജംഷിദ് എന്നിവരില്‍ നിന്നും 1.5 കിലോ സ്വര്‍ണ്ണ മിശ്രിതമാണ് പിടിച്ചെടുത്തത്. 
കൂടാതെ ഇന്നലെ ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്നും വന്ന രണ്ട്  മലപ്പുറം സ്വദേശികളില്‍ നിന്നും 815  ഗ്രാം, 1,197 കിലോ ഗ്രാം സ്വര്‍ണ്ണവുമാണ് പിടിച്ചെടുത്തത്.  ഇരുവരും ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.  
കരിപ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്. ബഹറൈനില്‍  നിന്നും കരിപ്പൂര് വഴി കടത്താന്‍ ശ്രമിച്ച 1.36 കിലോ ഗ്രാം സ്വര്‍ണ്ണം കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസ് പിടികൂടിയിരുന്നു.   

Latest News